മാതളം കഴിക്കുന്നത് ശീലമാക്കൂ; ഉപേക്ഷിക്കാം ആശുപത്രിവാസം !
ശാരീരിക- മാനസികാരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് നാം കഴിക്കുന്ന ഭക്ഷണം. ആരോഗ്യം നിലനിര്‍ത്താന്‍ ഓരോരുത്തരും അനുയോജ്യമായ ഡയറ്റ് തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. അവശ്യം വേണ്ടുന്ന ഘടകങ്ങള്‍ ഭക്ഷണത്തില്‍ നഷ്ടമാകാതെ നോക്കേണ്ടത് പ്രധാനമാണ്. ഈ പ്രശ്‌നമൊഴിവാക്കാന്‍ പ്രാഥമികമായി ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ട് സാധിക്കും. ഇത്തരത്തില്‍ ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ് മാതളം. ഇത് പതിവായി കഴിക്കുന്നത് കൊണ്ട് പല അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും അകറ്റാന്‍ സാധിക്കും.
മൂത്രാശയത്തിലുണ്ടാകുന്ന കല്ലിനെ ചെറുക്കുന്നതിന് മാതളം സഹായകമാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ തന്നെയാണിതിന് സഹായകമാകുന്നത്. ചിലയിനം ക്യാന്‍സറുകളെ ചെറുക്കാനുള്ള കഴിവും മാതളത്തിനുണ്ട്. പതിവായി ഇത് കഴിച്ചാല്‍ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവനോയിഡുകളും പ്രോസ്റ്റേറ്റ്, സ്തനം, ശ്വാസകോശം, മലാശയം എന്നിങ്ങനെയുള്ള ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ മാതളത്തിന് പ്രത്യേകം കഴിവുണ്ട്. മാതളത്തിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് ആണ് ഇതിന് സഹായകമാകുന്നത്. ബിപി നിയന്ത്രിക്കുന്നതിനും ഇത് സഹായകമാണത്രേ. ഇതും ഹൃദയത്തിന് ഗുണകരമായി വരുന്നു. പ്രമേഹത്തിലെന്നത് പോലെ കൊളസ്‌ട്രോളിനും മാതളം നല്ലതാണ്. ശരീരത്തില്‍ ചീത്ത കൊഴുപ്പടിയുന്നതാണ് ( ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍ ) കൊളസ്‌ട്രോളിന് കാരണമാകുന്നത്. ഇത് തടയാന്‍ മാതളത്തിന് സാധിക്കുന്നു. മാത്രമല്ല, നല്ല കൊഴുപ്പ് ( ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍) വര്‍ധിപ്പിക്കുന്നതിനും ഇവ സഹായകമാണത്രേ.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളം പതിവായി കഴിക്കുന്നത് സഹായിക്കും. ഭാവിയില്‍ അല്‍ഷിമേഴ്‌സ് പോലെ, അല്ലെങ്കില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം പോലെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ ചെറുക്കുന്നതിനും മാതളം ഏറെ സഹായകരമാണ്.