ലോകത്തിന്റെ നിറുകയില്‍ ഇന്ത്യയുടെ വേഗതയുടെ രാജകുമാരി!

വേഗതയുടെ ലോകം പെണ്ണുങ്ങളുടേതുകൂടയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇരുപത്തിമൂന്നുകാരിയായ ഐശ്വര്യ പിസൈ എന്ന ഇന്ത്യന്‍ യുവതി. ഇതുവരെ ഇന്ത്യന്‍ യുവതികളാരും നേടിയെടുത്തിട്ടില്ലാത്ത തിളക്കമാണ് വേഗതയെ കീഴടക്കി ഈ യുവതി മറികടന്നത്, ലോക മോട്ടോര്‍സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പിലെ കിരീടം!!!

മോട്ടോര്‍ സൈക്ലിംങും അതിന്റെ ആവേശവുമെല്ലാം പുരുഷന്മാര്‍ക്കു പറഞ്ഞിട്ടുള്ളതാണെന്ന കാഴ്ചപ്പാട് പതിയെ നമ്മുടെ സമൂഹത്തില്‍ നിന്നും വിട്ടൊഴിയുന്നത് നമുക്കറിയാനാകുന്നുണ്ടെങ്കിലും വേഗതയെ കീഴടക്കി ഒരു ഇന്ത്യന്‍ യുവതി ലോകകിരീടത്തില്‍ മുത്തമിടുന്നത് ഇത് ആദ്യമായാണ്. അതും ബാഗ്ലൂര്‍ നിവാസിയായ ഒരു പെണ്‍കുട്ടി.

ഹംഗറിയില്‍ വച്ച് നടന്ന ഇന്റര്‍നാഷനല്‍ മോട്ടോര്‍ സൈക്ലിംങ് ഫെഡറേഷന്‍ ലോകകപ്പാണ് ഐശ്വര്യ സ്വന്തമാക്കിയത്. മോട്ടോര്‍ സ്‌പോട്ടില്‍ ഈ നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യക്കാരി എന്ന പദവിയിലേക്ക് ഐശ്വര്യ എത്തിയത് പെട്ടെന്നായിരുന്നില്ല, വര്‍ഷങ്ങളായി ഇതൊരു തീവ്രമായ ലഹരിയായി ഐശ്വര്യയിലുണ്ടായിരുന്നു.

ആദ്യമൊക്കെ കൂട്ടുകാരുമായൊത്തുള്ള വീക്കെന്റ് റൈഡുകളായി തുടങ്ങിയതായിരുന്നു ഐശ്വര്യയുടെ റേസിംങ് ഭ്രമം. എന്നാല്‍ 2015 ലാണ് ഇതൊരു പ്രൊഫഷണല്‍ രീതിയിലേക്കു മാറുന്നത്. കോയമ്പത്തൂരിലെ അപെക്‌സ് റേസിംങ് അക്കാദമിയില്‍ ചേര്‍ന്ന് ഐശ്വര്യ ബൈക്കിംങ് റേസിംങ് എന്നിവയുടെ സാധ്യതകള്‍ സ്വായത്തമാക്കുകയായിരുന്നു.

ഐശ്വര്യ ഈ വിജയത്തിലേക്ക് എത്തിച്ചേര്‍ന്നത് എളുപ്പമാര്‍ഗ്ഗത്തിലൂടെയായിരുന്നില്ല. പലപ്പോഴും ജീവനുപോലും ഭീഷണിയായ പരുക്കുകള്‍ സംഭവിച്ചു. 2017ല്‍ കഴുത്തിലെ എല്ലിന് കാര്യമായ പരിക്കും 2018ല്‍ അതിലും മാരകമായ പരിക്കേല്‍ക്കേണ്ടിയും വന്നിരുന്നു. ഐശ്വര്യ റേസിങ് ബൈക്കില്‍ തിരികെ കയറില്ല എന്നു പലരും വിശ്വസിച്ചിരുന്നു. എന്നാല്‍ പരിക്കു ഭേതമായി വെറും ആറുമാസത്തെ പരിശീലനം എടുത്താണ് ഐശ്വര്യ വേഗതയുടെ രാജകുമാരി പട്ടം അണിഞ്ഞത്!

ഇതുകൊണ്ടൊന്നും ഐശ്വര്യ മതിയാക്കുന്നില്ല, അടുത്തുതന്നെ നടക്കാനിരിക്കുന്ന മറ്റൊരു ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കി!

You might also like