നല്ലൊരു ‘ബെസ്റ്റ് ഇമ്പ്രഷന്‍’ റെസ്യൂമെ തയ്യാറാക്കാം…

ജോലി നേടുന്നതിനുള്ള ആദ്യത്തെ കടമ്പ നല്ലൊരു റെസ്യൂമെ തയ്യാറാക്കുക എന്നതാണ്. ജോലി ആഗ്രഹിക്കുന്ന കമ്പനിക്കു നിങ്ങള്‍ സമര്‍പ്പിക്കുന്ന ഫസ്റ്റ് ഇമ്പ്രഷന്‍ മെറ്റീരിയലാണ് റെസ്യൂമെ. അതുകൊണ്ട് ശ്രദ്ധപൂര്‍വ്വം തയ്യാറാക്കേണ്ടതാണ് റെസ്യൂമെ. നല്ലൊരു റെസ്യൂമെയ്ക്കായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

നിങ്ങളുടെ ജോലി എക്‌സ്പീരിയന്‍സ് അനുസരിച്ച് മൂന്നു മുതല്‍ നാലു വരെ പേജുള്ള റെസ്യൂമെ തയ്യാറാക്കാവുന്നതാണ്. തുടക്കക്കാര്‍ക്ക് നേട്ടങ്ങള്‍ കുറിച്ച് റെസ്യൂമെയില്‍ വിവരങ്ങള്‍ നിറക്കാം.

റെസ്യൂമെ എന്നത് നിങ്ങളുടെ കഴിവുകളെ മാര്‍ക്കറ്റ് ചെയ്യാനുള്ള വിദ്യയാണെന്ന് ഓര്‍ക്കുക. അതിനാല്‍ മുമ്പ് ജോലി ചെയ്ത കമ്പനികളെക്കുറിച്ച് അധികം വിശദാംശങ്ങള്‍ റെസ്യൂമെയില്‍ ചേര്‍ക്കേണ്ട കാര്യമില്ല. ജോലി ചെയ്ത സ്ഥാപനങ്ങളെയല്ല, നിങ്ങളുടെ കഴിവുകളെ സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക.

അപേക്ഷിക്കുന്ന എല്ലാ ജോലികള്‍ക്കും തയ്യാറാക്കിവച്ചിരിക്കുന്ന ഒരേ റെസ്യൂമെ അയക്കുന്ന രീതി ശരിയല്ല. ജോലിയുടെ സ്വഭാവമനുസരിച്ചുള്ള നിങ്ങളുടെ കഴിവും പരിചയവുമാണ് ആവശ്യം.എന്നാല്‍ പൊതുവായി നല്‍കാവുന്ന വിവരങ്ങള്‍ തയ്യാറാക്കി വെക്കാം. എല്ലാ റെസ്യൂമേയിലും ഇത്തരം പൊതുവിവരങ്ങള്‍ ഉപയോഗിക്കാം.

റെസ്യൂമെയില്‍ തൊഴില്‍ പരിചയത്തെക്കുറിച്ച് ചേര്‍ക്കുമ്പോള്‍ എന്തു ചെയ്തു എന്ന് എഴുതുന്നതിനെക്കാള്‍, എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാക്കി, മുന്‍ ജോലികളില്‍ എങ്ങനെയൊക്കെ വിജയിച്ചു എന്ന കാര്യത്തിന് പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കുക.

ഇന്നത്തെ സാഹചര്യത്തില്‍ ഓവര്‍ ക്വാളിഫൈയിഡ് ആയി എന്നതിന്റെ പേരില്‍ തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നത് ചുരുക്കമാണ്. എന്നാല്‍, അപേക്ഷിക്കുമ്പോള്‍, ആ ജോലിക്കു ചേര്‍ന്ന നിങ്ങളുടെ യോഗ്യതകളും സ്‌കില്ലും പ്രാധാന്യത്തോടെ എഴുതാന്‍ ശ്രദ്ധിക്കുക.

നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകള്‍ റെസ്യൂമെയില്‍ അവസാന ഭാഗത്തോടടുത്ത് ചേര്‍ക്കുന്നതാണ് നല്ലത്. നിങ്ങളുടെ പ്രായം, ജനനത്തീയതി, ലൈസന്‍സ് നമ്പര്‍ തുടങ്ങിയ കാര്യങ്ങള്‍ റെസ്യൂമെയില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാണ് നല്ലത്. ചിലപ്പോള്‍ ഇത്തരം വിവരങ്ങള്‍ പ്രതികൂലമാകാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ഓര്‍ക്കുക, നിങ്ങള്‍ക്ക് കരിയറില്‍ നല്ലൊരു ഇടവേളയുണ്ടെങ്കില്‍, അതേക്കുറിച്ച് വ്യക്തമായി എഴുതുന്നതാണ് നല്ലത്. ആ സമയത്ത് ചെയ്ത കാര്യങ്ങളിലൂടെ എന്തെല്ലാം സ്‌കില്‍ ലഭിച്ചു എന്ന കാര്യം വ്യക്തമാക്കാം. ഇത് കൂടുതല്‍ ഗുണകരമാകും. നിങ്ങളുടെ കരിയര്‍ ബ്രേക്ക് പ്രശ്‌നമല്ലാതാകുകയും ചെയ്യും.

സെലക്ഷന്‍ ക്രൈറ്റീരിയ സ്റ്റേറ്റ്‌മെന്റ് എഴുതുമ്പോള്‍ അത് കൂടുതല്‍ യോഗ്യതകള്‍ വ്യക്തമാക്കാനുള്ള അവസരമായി കാണുക

പൊതുമേഖലാ ജോലികള്‍ക്കായി റെസ്യൂമെ തയ്യാറാക്കുകയാണെങ്കില്‍ പാരഗ്രാഫ് രൂപത്തില്‍ എഴുതുവാന്‍ ശ്രദ്ധിക്കുക. എന്നാല്‍ സ്വകാര്യ മേഖലാ ജോലികള്‍ക്ക് ഡോട്ട് പോയിന്റായി എഴുതുന്നതാണ് ഉചിതം. എന്തു ചെയ്തു എന്നു പറയുന്നതിന് പകരം, വ്യക്തമായ ഉദാഹരണം നല്‍കാന്‍ ശ്രമിക്കുക.

നിങ്ങള്‍ക്ക് ആത്മവിശ്വാസമില്ലാത്ത ഒരു കാര്യങ്ങളും റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ നോക്കുക.

You might also like