കശ്മീരിന്‍റെ കുളിരില്‍ ശിക്കാര വള്ളത്തില്‍ യാത്ര ചെയ്ത് ഭാവന

കശ്മീരിലെ അവധിക്കാലത്തിന്‍റെ മനോഹരമായ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടി ഭാവന. വര്‍ണ്ണാഭമായി അലങ്കരിച്ച ശിക്കാരവള്ളത്തിലെ യാത്രയും തടാകക്കാഴ്ചകളുമെല്ലാം വിഡിയോയിലുണ്ട്. വള്ളത്തിനുള്ളില്‍ ഇരിക്കുന്ന ഭാവനയെയും കാണാം. ഭൂമിയും സ്വര്‍ഗ്ഗവും കണ്ടുമുട്ടുന്നിടം എന്നാണു ഭാവന കശ്മീരിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കശ്മീരില്‍ എത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങളില്‍ ഒന്നാണ് ദാല്‍ തടാകത്തിലെ ശിക്കാരവള്ള യാത്ര. ഈ സമയത്താണ് ദാല്‍ തടാകം ഏറ്റവും മനോഹരമാകുന്നത്. ‘കാശ്മീരിന്‍റെ രത്നം’ എന്ന് വിളിക്കുന്ന ദാല്‍ തടാകത്തിലൂടെ, വിക്ടോറിയൻ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പഴയ ഹൗസ്ബോട്ടുകളായ ശിക്കാരവള്ളങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ചുറ്റും കാണാനും ആസ്വദിക്കാനും ഒട്ടേറെ കാര്യങ്ങളുണ്ട്.


നെഹ്‌റു പാർക്ക്, ചാർ ചിനാർ ദ്വീപ്, നിഷാത്, ഷാലിമാർ ഉദ്യാനങ്ങള്‍, ഹസ്രത്ബാൽ മസ്ജിദ് തുടങ്ങിയവയെല്ലാം ഈ യാത്രയില്‍ കാണാം. ദാല്‍ തടാകത്തില്‍, വേനല്‍ക്കാലത്ത് നിറയെ താമരപ്പൂക്കള്‍ വിരിഞ്ഞ് വര്‍ണ്ണക്കാഴ്ചയൊരുക്കുന്ന ഫ്ലോട്ടിംഗ് ഗാര്‍ഡന്‍ അഥവാ ഒഴുകുന്ന പൂന്തോട്ടം ഏറെ പ്രശസ്തമാണ്. റാഡ് എന്നാണ് പ്രാദേശിക ഭാഷയില്‍ ഇതിനു പേര്. ദാല്‍ തടാകത്തിനു പുറമേ, കശ്മീരിലെ നൈജീൻ തടാകവും ശിക്കാര സവാരിക്ക് അനുയോജ്യമായ മറ്റൊരിടമാണ്. വളരെയധികം ശാന്തവും മഞ്ഞുമൂടിയ കൊടുമുടികളാൽ ചുറ്റപ്പെട്ടതുമാണ് ഈ തടാകം. ഇവിടെ നിന്നും നോക്കിയാല്‍ മനോഹരമായ ഉദയാസ്തമയക്കാഴ്ചകള്‍ കാണാം.
മഞ്ഞുകാലത്തിന്റെ തുടക്കത്തിൽ കശ്മീരിലെത്തിയാല്‍ കാണാന്‍ വേറെയും കാര്യങ്ങളുണ്ട്. നിരന്തരം മഞ്ഞുപൊഴിയുന്ന ഗുല്‍മാര്‍ഗില്‍ സ്കീയിംഗും സ്നോബോർഡിങും പോലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാം. കശ്മീരിലെ പരമ്പരാഗത വസ്ത്രങ്ങളിൽ ഫോട്ടോ എടുക്കാം.ചുവന്നുതുടുത്തു കിടക്കുന്ന ആപ്പിള്‍ത്തോട്ടങ്ങളും മഞ്ഞണിഞ്ഞ കുങ്കുമവയലുകളുമെല്ലാം ഈ സമയത്ത് കൂടുതല്‍ മനോഹരമാകും. ശ്രീനഗര്‍, പഹല്‍ഗാം, സോന്‍മാര്‍ഗ്, കശ്മീര്‍ താഴ്​വര തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികളെക്കൊണ്ട് നിറയുന്ന സമയമാണ് ശൈത്യകാലം.

You might also like