രാധികയെ കണ്ടെത്തിയതിനു ശേഷമാണ് എന്റെ ഒരിഷ്ടം ഇല്ലായ്മ ചെയ്തത്: സുരേഷ് ഗോപി
ശ്രീകുമാരൻ തമ്പിയുമായുള്ള ആത്മബന്ധം തുറന്നു പറഞ്ഞ് നടന് സുരേഷ് ഗോപി. രാധികയുമായുള്ള തന്റെ വിവാഹ കാര്യത്തിൽ ഉലച്ചിൽ ഉണ്ടായപ്പോൾ ഇടപെട്ടത് ശ്രീകുമാരൻ തമ്പിയാണെന്നും അദ്ദേഹത്തിന്റെ ഒറ്റ വാക്കിലാണ് രാധികയുടെ മുത്തശ്ശിയായ ആറന്മുള പൊന്നമ്മ വിവാഹം ഉറപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. രാധികയെ കണ്ടെത്തിയതിനുശേഷമാണ് തന്റെ ഒരിഷ്ടം ഇല്ലായ്മ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ‘‘ഞാൻ ആഗ്രഹിച്ചതു നടക്കേണ്ട എന്ന് ചില ആൾക്കാർ തീരുമാനിച്ചു. രാധികയെ കണ്ടെത്തിയതിനു ശേഷമാണ് എന്റെ ഒരിഷ്ടം ഒഴിവാക്കിപ്പിച്ചത്. ഒഴിവാക്കിപ്പിച്ചതല്ല, ഇല്ലായ്മ ചെയ്തത്. അതിൽ ഞാൻ ആരെയും കുറ്റം പറയില്ല. കാരണം ഏറ്റവും വലിയ അനുഗ്രഹമാണ് എനിക്ക് അതുവഴി കിട്ടിയത്. അതുകൊണ്ട് അവരെ കുറ്റം പറയുന്നത് ദൈവദോഷമാണ്.’’
ഒരു സിനിമാനടന് വൈവാഹിക ജീവിതം എന്നത് എന്റെ കാലത്തൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ കല്യാണം കഴിക്കാനായി വീട്ടിലേക്ക് പെൺകുട്ടികൾ അതിക്രമിച്ച് കടന്നു കയറുന്ന ഒരു കാലവും ഉണ്ടായിരുന്നു. പക്ഷേ അങ്ങനെയല്ലല്ലോ ഒരു വിവാഹ ജീവിതം. ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന്, അവൾ പെൺകുട്ടിയായി തന്നെ 80, 90 വയസ്സ് വരെ ദമ്പതികളായി തുടർന്ന്, പെൺകുട്ടിയായും ചെക്കനായും തന്നെ ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാൻ കഴിയുക എന്നതൊക്കെ ഒരു ഈശ്വരാനുഗ്രഹം ആണെന്നാണ് ഞാൻ കരുതുന്നത്.
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും വലിയ ദുരന്തങ്ങളും ഞങ്ങൾ രണ്ടുപേരും ചേർന്ന് നേരിട്ടിട്ടുണ്ട്. ഇനി പ്രസവിക്കുകയേ ഇല്ല എന്നു പറഞ്ഞിടത്ത്, അത്രയും വിഷമിച്ച ഒരു സമയത്ത് നാലു കുഞ്ഞുങ്ങളെയാണ് ഞങ്ങൾക്കു ലഭിച്ചത്. പേടിച്ചുപോയി, കാരണം ഒരു നഷ്ടം എന്നു പറയുന്നത്, അവിടം കൊണ്ട് തീർന്നോ എന്നു പറയുന്നിടത്താണ്. അത്രയും വലിയ ഒരു വ്യാകുലത. അത്രയും ആർത്തിയോടെയാണ് ഓരോ കുഞ്ഞുങ്ങളെയും ഞങ്ങൾ ഏറ്റെടുത്തത്. അങ്ങനെ ഈശ്വരൻ എനിക്ക് അനുഗ്രഹിച്ചുതന്ന മക്കളാണ് അവർ. അവരെ ഞാൻ വളർത്തിയിട്ടില്ല എന്നതാണ് സത്യം. കുഞ്ഞുങ്ങളെ വളർത്തുക എന്ന ചുമതലയും ഭാരവും എല്ലാം ഏറ്റെടുത്തത് അവളാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ പല പ്രശ്നങ്ങളിലേക്കും എനിക്ക് ആഴത്തിൽ ഇറങ്ങാൻ കഴിഞ്ഞു. സത്യത്തിൽ ഈ അവാർഡ് കൊടുക്കേണ്ടത് അവൾക്കാണ്. അവൾ മൗനത്തിലൂടെ അനുവദിച്ച കാര്യങ്ങൾക്കാണ് ഞാൻ ഈ അവാർഡിലൂടെ അർഹത നേടിയത്. വീട്ടിൽ ഇരിക്കുന്ന മഹതിക്കാണ് ഈ അവാർഡ് എന്ന് ഇപ്പോൾ ഈ വേദിയിൽ ഞാൻ അറിയിക്കുകയാണ്. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ‘കാരുണ്യ മാൻ ഓഫ് ദി ഇയർ 2023’ പുരസ്കാരം എറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മളോട് വിരോധം ഉള്ളവരും ശത്രുക്കളും ഒക്കെ നമ്മളെ ഇപ്പോൾ കുറച്ച് സങ്കടപ്പെടുത്തും, വേദനിപ്പിക്കും. എങ്കിലും അവരെല്ലാം തെറ്റിദ്ധാരണ മാറ്റിവച്ച് ഒരു നാൾ നമ്മുടെ കൂടെ വരും. ആ വിശ്വാസത്തിലാണ് രാഷ്ട്രീയ ജീവിതം ഞാൻ മുന്നോട്ടുകൊണ്ടുപോകുന്നത്. അതങ്ങനെ തന്നെയാകും എന്ന ചങ്കുറപ്പ് എനിക്കുണ്ട്.
ജനനന്മയ്ക്കുവേണ്ടിയാവണം ഭരണം. രാഷ്ട്രീയകക്ഷികളുടെ നന്മയ്ക്കു വേണ്ടി ആവരുത്. അങ്ങനെയുള്ള മനുഷ്യർ ഭരണത്തിൽ ഏറുന്ന രാഷ്ട്രീയ ഭരണം വരണം. കണ്ണുകൊണ്ട് കാണുകയും ഹൃദയം കൊണ്ട് മനസ്സിലാക്കുകയും വേണം. ആ ഹൃദയം കൊണ്ടുത്തരുന്നത് കരസ്പർശനത്തിലൂടെയും ലാളനത്തിലൂടെയും തലോടലിലൂടെയും ഭരണനിർവഹണത്തിലൂടെ കൊണ്ടുവരണം. അത് സൃഷ്ടിച്ച് അതിന് നൈര്യന്തര്യം ചാർത്തുന്ന മഹാന്മാരും മഹതികളും മാത്രമേ ഈ പണിക്ക് ഇറങ്ങാവൂ എന്നു നിശ്ചയിച്ചാൽ, പിന്നെ നിങ്ങൾ കാണുന്നതിൽ 99 ശതമാനം ആളുകളെയും നമുക്ക് നല്ല തല്ല് കൊടുത്തു പറഞ്ഞയയ്ക്കേണ്ടി വരും.’’