തെരുവില്‍ കുരുന്നുകളുടെ വിശപ്പടക്കുന്ന ഡെലിവറി ബോയ്!

തങ്ങള്‍ ചെയ്യുന്നത് എന്ത് ജോലിയുമാകട്ടെ, അതിലൂടെ ചുറ്റുമുള്ളവരിലേക്ക് അല്‍പ്പമെങ്കിലും നന്മ പകര്‍ന്നുകൊടുക്കാന്‍ ശ്രമിക്കുന്ന കുറച്ചു യുവാക്കളെങ്കിലും നമുക്കുചുറ്റുമുണ്ട്. അതില്‍ മാതൃകയാക്കേണ്ട ഒരാളാണ് പത്ക്രിത് സാഹ എന്ന ഡെലിവറി ബോയ്. തന്റെ ചെറിയൊരു തീരുമാനം കൊണ്ട് നിരവധി കുരുന്നുകളുടെ വയറു നിറക്കുകയാണ് ഈ യുവാവ്!

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റോ യൂസര്‍മാര്‍ ക്യാന്‍സല്‍ ചെയ്യുന്ന ഓര്‍ഡറുകള്‍ തെരുവിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്യുകയാണ് പത്ക്രിത് സാഹ്. മുട്ടയും, ചിക്കന്‍ റോളും ബിരിയാണിയും എല്ലാം ഇങ്ങനെ സൊമാറ്റോ ആപ്ലിക്കേഷനിലൂടെ സാഹ ദരിദ്രരായ കുട്ടികള്‍ക്ക് നല്‍കും. കൊല്‍ക്കത്തയിലാണ് സാഹയുടെ വീട്. ഇവിടുത്തെ കുട്ടികളെയാണ് സാഹ സഹായിക്കുന്നതും.

ഈ പരോപകാരം ചെയ്യാന്‍ സാഹ തുടങ്ങിയതിനു പിന്നില്‍ ഒരു ഫ്‌ളാഷ് ബാക്ക് കൂടിയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാഹയുടെ മുന്‍പില്‍ ഒരു തെരുവില്‍ കഴിയുന്ന ആള്‍ വന്നു. മയക്കുമരുന്നിന് അടിമയായ ഇയാള്‍ പണം ചോദിച്ച് സാഹയുടെ അടുത്തെത്തി. അന്ന് അയാളെ സാഹ ദേഷ്യം മൂത്ത് പൊതിരെ തല്ലി. പിന്നീട് അതൊരു വേദനിപ്പിക്കുന്ന ഓര്‍മ്മയായി. സാഹക്ക് വല്ലാതെ മനക്ലേശം തോന്നി. പാവങ്ങളെ സഹായിക്കാന്‍ അന്നുതൊട്ടാണ് സാഹ ശ്രമം തുടങ്ങിയത്.

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സാഹയ്ക്ക് ജോലിയുണ്ടായിരുന്നു. എന്നാല്‍ പിന്നീടത് ഉപേക്ഷിക്കേണ്ടി വന്നു. സാമ്പത്തികമായ പ്രയാസങ്ങള്‍ നേരിടാന്‍ സാഹ സൊമാറ്റോയിലെ ജോലി നോക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ ഡംഡം എന്ന സ്ഥലത്തുള്ള ഒരു ഹോട്ടല്‍ ഉടമയുമായി സാഹ സൗഹൃദം സ്ഥാപിച്ചു. അധികം വരുന്ന ഭക്ഷണവും ക്യാന്‍സല്‍ ചെയ്യുന്ന സൊമാറ്റോ ഭക്ഷണവും കുട്ടികള്‍ക്ക് എത്തിച്ചു നല്‍കാന്‍ സാഹ തീരുമാനിച്ചത് അങ്ങനെയാണ്. ഇന്ന് സാഹ ഭക്ഷണമെത്തിക്കുന്നത് നിരവധി കുരുന്നുകള്‍ക്കാണ്.

ഇതു കൂടാതെ തന്റെ പ്രദേശത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് സദ്യയൊരുക്കുകയും ഇടയ്ക്ക് പഠന ട്യൂഷന്‍ ഏര്‍പ്പാടാക്കുകയും ചെയ്യുന്നുണ്ട് ഈ യുവാവ്.

You might also like