എല്ലും തോലുമെന്ന് കേട്ടുമടുത്തോ? സ്വന്തമാക്കാം ഹെല്‍ത്തി വണ്ണം!!

എത്ര ഭക്ഷണം കഴിച്ചാലും വണ്ണം വെക്കാത്ത ചിലരുണ്ട്. എന്തൊക്കെ കഴിച്ചിട്ടും ശരീരം ഉണങ്ങി ശോഷിച്ചിരിക്കുന്ന അവസ്ഥയാണ് ഇത്തരക്കാരുടെ വിഷമം! തടി കുറക്കാന്‍ ആയിരം വഴികള്‍ തേടുന്നവര്‍ പോലും ഈ മെലിഞ്ഞുണങ്ങിയിരിക്കുന്നവരെ കളിയാക്കാന്‍ സമയം കണ്ടെത്താറുണ്ട്.

സത്യത്തില്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരേക്കാള്‍ ബുദ്ധിമുട്ടുന്നത് കുറച്ചെങ്കിലും വണ്ണം വെക്കാനുള്ള വഴികള്‍ തേടുന്നവരാണ്. ശരീരഭാരം വര്‍ദ്ധിപ്പിച്ച് ആകാരഭംഗി മെച്ചപ്പെട്ടതാക്കാന്‍ എന്ത് സാഹസവും ചെയ്യാന്‍ ഇക്കൂട്ടര്‍ തയ്യാറാണ്.

ആളുകളുടെ പലവിധത്തിലുള്ള ഉപദേശങ്ങള്‍ സഹിച്ചാണ് ഇവര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നതുപോലും. മെലിഞ്ഞിരിക്കുന്നവരെ കാണുമ്പോള്‍ ഉപദേശങ്ങളുടെയും നിര്‍ദേശങ്ങളുടെയും കെട്ടഴിക്കാന്‍ എല്ലാവര്‍ക്കും നല്ല മിടുക്കാണ്. വാസ്തവത്തില്‍ ഈ ഉപദേശങ്ങളൊക്കെ മെലിഞ്ഞവരില്‍ വല്ലാത്ത അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്.

ആവശ്യത്തിനു ഭക്ഷണം കഴിച്ചിട്ടും മെലിഞ്ഞിരിക്കുന്നവര്‍ക്കും പരിഹാരമുണ്ട്. ആരോഗ്യകരമായിത്തന്നെ വണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇതാ വഴികള്‍…

വണ്ണം കൂട്ടാനുള്ള ആദ്യപടിയായി മെലിഞ്ഞിരിക്കുന്നവര്‍ പ്രോട്ടീന്‍ ധാരാളവുമായി അടങ്ങിയ ഭക്ഷണങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങണം. കാരണം ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകം പ്രോട്ടീന്‍ ആണ്. കൂടാതെ അണ്ടിപ്പരിപ്പുകള്‍, ചീസ്, മുട്ട, മീന്‍, തൈര്, കോഴിയിറച്ചി, ബീഫ് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പച്ചക്കറികളും ധാന്യവര്‍ഗ്ഗങ്ങളും പാലുമൊക്കെ നിശ്ചിത അളവില്‍ കഴിക്കാം.

ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ രാവിലെയും വൈകീട്ടും ഓരോ ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കാം. ഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വെയ്റ്റ് ഗെയിന്‍ മില്‍ക്ക്‌ഷേക്കുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. പാലുപയോഗിച്ച് ഉണ്ടാക്കുന്ന സ്മൂതികളും ഇടക്ക് കുടിക്കാവുന്നതാണ്.

വണ്ണം വെക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് ഏത്തപ്പഴം. പാലും ഏത്തപ്പഴവും മുട്ടയും ദിവസവും കഴിക്കാം. ഏത്തപ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ച് നെയ്യില്‍ വഴറ്റി കുറച്ച് പഞ്ചസാരയും വിതറി കഴിക്കാവുന്നതാണ്. ഏത്തപ്പഴവും പാലും ചേര്‍ത്ത് ഷേക്ക് അടിച്ചും രാവിലെകളില്‍ കഴിക്കാം.

ശരീരഭാരം കൂട്ടാന്‍ കാലറി കൂടുതല്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കാം. അന്നജം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും ശരീര ഭാരം വര്‍ധിപ്പിക്കും. പച്ചക്കറികള്‍, കാരറ്റ്, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് തുടങ്ങിയവ വേണ്ടുവോളം കഴിക്കാം. ഓട്‌സ്, ബാര്‍ലി, ചോറ്, തുടങ്ങിയവയുടെയും അളവ് കൂട്ടാം. നാരുകളടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് പേശികളെ ബലപ്പെടുത്താനും ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാനും ഗുണകരമാണ്.

എങ്ങനെയെങ്കിലും പെട്ടന്ന് കുറച്ച് വണ്ണം വെച്ചാല്‍ മതിയെന്ന് വിചാരിച്ച് കണ്ണില്‍ കണ്ടതെല്ലാം വാരി വലിച്ച് കഴിക്കരുത്. ഫാസ്റ്റ് ഫുഡും പിസ്സയും മറ്റ് ജങ്ക് ഫുഡുകളുമൊക്കെ പരമാവധി ഒഴിവാക്കുക. എന്നാല്‍ ഇവയൊന്നും വല്ലപ്പോഴും കഴിക്കുന്നതില്‍ തെറ്റില്ല. ശീലമാക്കരുതെന്നു മാത്രം.

വണ്ണം വെക്കാന്‍ പൊടുന്നനെ ഭക്ഷണത്തിന്റെ അളവ് കൂട്ടുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. രാവിലെയും ഉച്ചക്കും രാത്രിയിലും വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലത് രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവിട്ട് കുറഞ്ഞ തോതില്‍ ഭക്ഷണം കഴിക്കുന്നതാണ്. വിശന്നിരിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് നാല് മണിക്കൂറില്‍ കൂടുതല്‍ ഇടവേള വരരുത്.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ധാരാളമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഹൈ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

വണ്ണം വെക്കാന്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ സഹായിക്കും എന്ന് കരുതി ഇവ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. നല്ല കൊഴുപ്പടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കുക. കൊഴുപ്പില്‍ തന്നെ പൂരിത കൊഴുപ്പുകളും അപൂരിത കൊഴുപ്പുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഉണ്ട്. പൂരിത കൊഴുപ്പ് അടങ്ങിയ മീനെണ്ണ, ചുവന്ന മാംസം തുടങ്ങിയവ പാടെ ഒഴിവാക്കുക. അപൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഡയറ്റിന്റെ ഭാഗമാക്കാം. കൊഴുപ്പു നീക്കിയ ഇറച്ചി, കൊഴുപ്പില്ലാത്ത പാല്‍, പച്ചക്കറികള്‍, പഴങ്ങള്‍, കോഴിയിറച്ചിയില്‍ നെഞ്ചിന്റെ ഭാഗം തുടങ്ങിയവ കഴിക്കാം.

ആഹാരം കഴിക്കാന്‍ തോന്നുന്നില്ലാത്ത അവസരങ്ങളിലും ഒരേതരം ആഹാരം കഴിച്ചു മടുക്കുന്ന സന്ദര്‍ഭങ്ങളിലും അണ്ടിപ്പരിപ്പുകളും മറ്റു ഡ്രൈ ഫ്രൂട്‌സുമൊക്കെ കഴിക്കാവുന്നതാണ്.

ശരീരഭാരം വര്‍ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളന്വേഷിച്ച് നടക്കുന്നതിനിടയില്‍ വ്യായാമം ചെയ്യാന്‍ മറന്നു പോകരുത്. ദിവസവും ഒരു മണിക്കൂര്‍ എങ്കിലും നടത്തത്തിനായി മാറ്റിവെക്കാം. വ്യായാമങ്ങള്‍ വിശപ്പുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. പ്രത്യേകിച്ചും കാര്‍ഡിയോ വ്യായാമങ്ങള്‍. നീന്തല്‍, ജോഗിങ് തുടങ്ങിയവ ശീലമാക്കാം. മികച്ച ഫലം ഉറപ്പാണ്. അതും ചെറിയ കാലയളവില്‍ തന്നെ.

ആരോഗ്യമുള്ള ശരീരത്തിന് നല്ല ഉറക്കം ആവശ്യമാണ്. എങ്കിലേ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാകൂ. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറക്കം അനിവാര്യമാണ്. രാവിലെ ക്ഷീണം കൂടാതെ ഉണരാനും ദിവസം മുഴുവന്‍ ഉണര്‍വ്വോടെയും ആരോഗ്യത്തോടെയും ഇരിക്കാനും രാത്രിയിലെ സുഖനിദ്ര കൂടിയേ തീരൂ.

മെലിഞ്ഞ ശരീരപ്രകൃതമുള്ളവരില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് വിശപ്പില്ലായ്മ. വിശപ്പനുഭവപ്പെടാന്‍ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഒരല്പദൂരം നടന്നാല്‍ മതിയാകും. അതേസമയം ഒട്ടും കഴിക്കാന്‍ തോന്നുന്നില്ലാത്ത അവസ്ഥയാണെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട വിഭവം എന്ത് തന്നെയായാലും തിരഞ്ഞെടുത്ത കഴിക്കാം.

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ചെയ്യുന്ന മാര്‍ഗ്ഗങ്ങളിലൊന്നാണ് ഭക്ഷണത്തിനു മുമ്പ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിക്കുന്നതോടെ വയര്‍ പകുതി നിറഞ്ഞെന്ന അവസ്ഥ ഉണ്ടാകുന്നതോടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും സ്വാഭാവികമായും കുറയുന്നു. എന്നാല്‍ വണ്ണം വെക്കുന്നതാണ് ലക്ഷ്യമെങ്കില്‍ ഭക്ഷണത്തിന്റെ മുമ്പുള്ള വെള്ളംകുടി പാടെ ഒഴിവാക്കി ഭക്ഷണം കഴിക്കുക. അപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കൂടുതലായിരിക്കും.

ഇനി സ്വന്തമാക്കിക്കൊള്ളൂ ആരോഗ്യകരമായ വണ്ണം.

You might also like