
പണ്ടത്തെ ഫാഷൻ ലോകത്തിന് നിരവധി കഥകൾ പറയാനുണ്ട്. അക്കൂട്ടത്തിൽ നിരവധി പേരുടെ ജീവൻ കവർന്ന കഥയാണ് ഈ ഫാഷൻ ഉപകരണങ്ങൾക്ക് പറയാനുള്ളത്.
1. കോർസെറ്റ്

ഒരുതരം അടിവസ്ത്രമായിരുന്നു കോർസെറ്റ്. കോർസെറ്റ് അണിഞ്ഞ് ശരീരം വരിഞ്ഞ് മുറുക്കികെട്ടിവെക്കും. ഇതിന് മുകളിലാണ് വസ്ത്രം അണിയുക.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ രീതി നിരവധി സ്ത്രീകളുടെ ജീവനാണ് അപഹരിച്ചത്. രക്തയോട്ടം നിലച്ചും, ആന്തരികാവയവങ്ങൾ ചതഞ്ഞും നിരവധി സ്ത്രീകൾ മരിച്ചു. 1903 ൽ കോർസെറ്റിലെ സ്റ്റീൽ പീസ് ഹൃദയത്തിൽ തറച്ചുകയറി ഒരു സ്ത്രീ മരിച്ചിരുന്നു.
2. ചോപ്പിൻ
ഹീൽ ചെരിപ്പുകൾ ആധുനികയുഗത്തിന്റെ സൃഷ്ടിയാണെന്ന് കരുതിയെങ്കിൽ തെറ്റി. 15-17 നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന ചോപ്പിനുകളുടെ പുതുക്കിയ രൂപമാണ് അവ. യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ രണ്ടടി വരെ ഉയരം തോന്നിക്കാൻ ചോപ്പിനുകൾക്ക് സാധിക്കുമായിരുന്നു. അതിന്റെ രൂപകൽപ്പനയിലെ അപാകതകൾ കൊണ്ട് തന്നെ ഇത് ധരിച്ച സ്ത്രീകൾ അപകടങ്ങളിൽ പെടുക പതിവായിരുന്നു.
3. കാലുകൾ കെട്ടിവെക്കൽ

പണ്ടുകാലത്ത് ചൈനയിൽ ചെറിയ പാദങ്ങളോടായിരുന്നു പ്രിയം. മറ്റൊരു തരത്തിൽ പറഞ്ഞാൽ പാദങ്ങളാണ് സൗന്ദര്യത്തിന്റെ അളവുകോൽ. പാദങ്ങൾ എത്ര ചെറുതാണോ അത്രയും സുന്ദരിയാണ് ഈ സ്ത്രീയെന്ന് പറയും. ഇതിനായി പാദങ്ങൾ വളർച്ചയുടെ ഘട്ടത്തിൽ തന്നെ തുണികൾ ഉപയോഗിച്ച് വലിഞ്ഞ് മുറിക്കി കുഞ്ഞൻ ചെരുപ്പുകളിൽ തിരുകികയറ്റി കെട്ടിവെച്ചു. പാദങ്ങൾ വളർന്നാലും ചെരുപ്പ് മാറ്റില്ല, ഒടുവിൽ കെട്ടിവച്ച ആകൃതിയിലേക്ക് പെൺകുട്ടികളുടെ പാദങ്ങൾ മാറാൻ തുടങ്ങും.
കാൽ വിരലുകൾ ഒടിഞ്ഞും, ആകൃതി മാറിയും നിരവധി പേർ എന്നേന്നുക്കുമായി ഇതുമൂലം നടക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.
4. ലെഡ് മേക്കപ്പ്_
വെളുത്ത തൊലിയോട് മനുഷ്യന് ഇന്നത്തെ പോലെ തന്നെ പണ്ടും പ്രിയമായിരുന്നു. ഒരുപക്ഷേ ഇന്നത്തേക്കാൾ. അതുകൊണ്ട് തന്നെ 1920 ൽ ഗ്രീസിൽ മുഖത്തുപയോഗിക്കുന്ന പൗഡറിൽ ലെഡും കലർത്തിയിരുന്നു. മസ്തിഷ്‌ക തകരാർ, വിശപ്പിലായ്മ എന്തിനേറെ തളർവാതത്തിന് വരെ ഇത് കാരണമായി.
5. സ്റ്റിഫ് കോളർ

ഇന്നത്തെ പോലെ തന്നെ അന്നും ആണുങ്ങൾക്കുമുണ്ടായിരുന്നു ഫാഷൻ ഭ്രമങ്ങൾ. ഇറുകിയ കോളറുകളായിരുന്നു അതിൽ ഒന്ന്. അന്ന് ഷർട്ടിനോടൊപ്പമായിരുന്നില്ല കോളർ, മറിച്ച് കഴുത്തിന് ചുറ്റും പ്രത്യേകം കോളറുകളായിരുന്നു. ഇന്ന് ടൈ കെട്ടുന്നതുപോലെ, കോളറും വേറെ കെട്ടണമായിരുന്നു. ഇറുകിയ കോളറുകളോടായിരുന്നു അന്ന് പുരുഷന്മാർക്ക് പ്രിയം. കോളറുകൾ കാരണം പലപ്പോഴും തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച് ആളുകൾ മരിച്ചിട്ടുണ്ട്.