ഒരു പുഞ്ചിരിയോടെ നിങ്ങളെന്നും ഓർമയിലുണ്ടാവും; സിദ്ദിഖിനെ അനുസ്മരിച്ച് കരീന കപൂർ
അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് നടി കരീന കപൂർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സിദ്ദിഖിന്റെ ചിത്രം പോസ്റ്റ് ചെയ്ത് അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള ദുഃഖം അവർ രേഖപ്പെടുത്തിയത്. സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രത്തിലെ നായികയായിരുന്നു കരീന കപൂർ
സിദ്ദിഖ് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബോഡിഗാർഡ്. ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. കേരളത്തിൽ ചിത്രം വൻ വിജയമായതോടെ 2011-ൽ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. തമിഴിൽ കാവലൻ എന്ന പേരിലും ഹിന്ദിയിൽ ബോഡിഗാർഡ് എന്ന പേരിലുമായിരുന്നു റീമേക്കുകൾ
സൽമാൻ ഖാനും കരീനാ കപൂറും ഹെയ്സൽ കീച്ചുമായിരുന്നു ബോളിവുഡ് ബോഡിഗാർഡിൽ മുഖ്യവേഷങ്ങളിൽ. വൻ വിജയം നേടിയ ചിത്രം ഇരുന്നൂറുകോടിയോളം ബോക്സോഫീസ് കളക്ഷനും സ്വന്തമാക്കിയിരുന്നു. ‘നിങ്ങളെ വല്ലാതെ മിസ് ചെയ്യും’ എന്നാണ് കരീന കപൂർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതിയത്. ഒരു ചിരിയോടെ എന്നെന്നും ഓർമയിലുണ്ടാവുമെന്നും അവർ കുറിച്ചു