എന്തിനു സഹിക്കണം ആര്‍ത്തവവേദന!!!
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണ് ആര്‍ത്തവം. ആര്‍ത്തവസമയത്ത് അടിവയറ്റില്‍ വേദനയും മറ്റ് അസ്വസ്ഥതകളും അനുഭവിക്കാത്തവര്‍ വളരെ കുറവാണ്. നടുവേദന, വയറുവേദന, കാലുകള്‍ക്കുണ്ടാകുന്ന മരവിപ്പും കട്ടുകഴപ്പും, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛര്‍ദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആര്‍ത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്.
ഗര്‍ഭപാത്രത്തിലെ പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ വേദനയുണ്ടാകുന്നത്. ആര്‍ത്തവ രക്തം പുറത്തള്ളാനായി ഗര്‍ഭപാത്രം സങ്കോചിക്കുന്നതാണ് ആര്‍ത്തവ വേദനയ്ക്ക് പ്രധാന കാരണം. മാത്രമല്ല രക്തത്തോടൊപ്പം ഗര്‍ഭപാത്രത്തിലെ ആവരണം കൂടി പുറത്തേക്ക് പോകുമ്പോള്‍ സംഭവിക്കുന്ന ശാരീരിക വ്യതിയാനങ്ങളും ആര്‍ത്തവ വേദനയ്ക്ക് കാരണമാകുന്നു. ഓരോ മാസവും ഉണ്ടാകുന്ന വേദനയുടെ തീവ്രത ശരീരത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളുടെ ഏറ്റക്കുറച്ചിലുകളെ കൂടി ആശ്രയിച്ചിരിക്കും.
ആര്‍ത്തവ ദിനങ്ങളില്‍ ഉണ്ടാകുന്ന അമിത വേദനയ്ക്ക് മരുന്ന് കഴിക്കാതെ തന്നെ പരിഹാരങ്ങളുണ്ട്. മരുന്നു സ്ഥിരമായി കഴിക്കുന്നത് പലപ്പോഴും വലിയ പ്രശ്‌നങ്ങളിലേക്കാണ് പിന്നീട് നയിക്കുക. ഭക്ഷണ ക്രമീകരണം, വ്യായാമങ്ങള്‍, യോഗ തുടങ്ങിയ കാര്യങ്ങള്‍ ശീലമാക്കുന്നതോടെ സാധാരണ രീതിയില്‍ ഉണ്ടാകാറുള്ള ആര്‍ത്തവ വേദന ലഘൂകരിക്കാം.
ആര്‍ത്തവ വേദന അകറ്റാന്‍ വിദഗ്ധര്‍ പങ്കുവച്ച മുന്‍കൂര്‍ ചെയ്യാവുന്ന ചില പൊടികൈകള്‍
ആര്‍ത്തവം തുടങ്ങാന്‍ സാധ്യതയുള്ള ദിവസം നോക്കി ഒരാഴ്ച മുമ്പേ കുതിര്‍ത്ത ഉണക്കമുന്തിരിയും കുങ്കുമപ്പൂവും കഴിക്കുക. ഭക്ഷണശൈലി ക്രമീകരിക്കുന്നത് ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഏറെ സഹായിക്കും. ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കുക. പകരം ചെറുമത്സ്യങ്ങള്‍, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മുളപ്പിച്ചതോ വേവിച്ചതോ ആയ പയറ് വര്‍ഗ്ഗങ്ങള്‍ ആഹാരക്രമത്തില്‍ ശീലമാക്കുന്നത് നല്ലതാണ്. മധുരക്കിഴങ്ങ് ഉള്‍പ്പടെയുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, പച്ചക്കായ തുടങ്ങിയവ ആഴ്ചയില്‍ രണ്ടു തവണ ശീലമാക്കുക. വ്യായാമം മുടക്കരുത്. ആഴ്ചയില്‍ 150 മിനിട്ടെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കുക.
ആര്‍ത്തവ വേദന തുടങ്ങിയാല്‍ കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന മാര്‍ഗ്ഗങ്ങള്‍
കറ്റാര്‍ വാഴയുടെ നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും.
ക്യാരറ്റ് ആര്‍ത്തവ വേദന ലഘൂകരിക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണ്. ആര്‍ത്തവ സമയത്ത് ക്യാരറ്റ് ജ്യൂസ് ധാരാളമായി കുടിക്കാന്‍ ഗൈനക്കോളജിസ്റ്റുകള്‍ പോലും നിര്‍ദ്ദേശിക്കാറുണ്ട്.
തുളസിയിലയോ പുതിനയിലയോ ഇട്ട് വെള്ളം തിളപ്പിച്ച ശേഷം കുടിക്കാം.
പപ്പായ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവം ആരംഭിക്കുന്നതിനു മുമ്പായി ധാരാളം പപ്പായ കഴിക്കുക. ഈ പഴവര്‍ഗ്ഗത്തില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവ വേദന ലഘൂകരിക്കാന്‍ സഹായിക്കും. മാത്രമല്ല, ആര്‍ത്തവ രക്തം പുറത്തേയ്ക്ക് പോകുന്നത് എളുപ്പത്തിലാക്കാനും പപ്പായയ്ക്ക് കഴിയും.
നാരങ്ങാ വിഭാഗത്തില്‍ പെട്ട പഴങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ അയണിന്റെ അളവ് കൂടുന്നു. ഇത് ആര്‍ത്തവ വേദന കുറയ്ക്കും. അതുകൊണ്ട് നാരങ്ങാ വിഭാഗത്തില്‍ പെട്ട പഴങ്ങള്‍ ധാരാളമായി കഴിക്കുകയോ അവയുടെ ജ്യൂസ് കുടിക്കുകയോ ചെയ്യാം.
കറുവപ്പട്ട, കുരുമുളക്, ജാതിക്ക, ഏലക്ക തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആര്‍ത്തവ കാലത്തെ വയറുവേദന കുറയ്ക്കാന്‍ നല്ലതാണ്.
ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയും മറ്റ് അസ്വസ്ഥതകളും മാറ്റാന്‍ നല്ല ചൂട് പാലില്‍ അല്പം നെയ്യ് ചേര്‍ത്ത് കഴിക്കുക. അതല്ലെങ്കില്‍, രാവിലെ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതും വേദന കുറയ്ക്കാന്‍ ഉത്തമമാണ്.
ഹോട്ട് വാട്ടര്‍ ബാഗ് ചൂട് വെള്ളം നിറച്ച് അടിവയറ്റില്‍ വെച്ച് കൊടുക്കുക. ഇത് വയറുവേദനയ്ക്ക് ആശ്വാസം നല്‍കും.
വേദനയ്ക്ക് താത്കാലിക ശമനം കിട്ടാന്‍ ഉലുവ കൊണ്ടുള്ള കഷായം ഉത്തമമാണ്. ഒരു പിടി ഉലുവ എടുത്ത് മൂന്ന് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. നന്നായി തിളപ്പിച്ച് ഇത് മുക്കാല്‍ ഗ്ലാസ് ആക്കി വറ്റിക്കുക. ഈ കഷായം കുടിക്കുന്നത് വേദനയ്ക്ക് ആശ്വാസം നല്‍കും. എള്ള് ഉപയോഗിച്ചും ഇങ്ങനെ കഷായം ഉണ്ടാക്കി കുടിക്കാം.