ലോകം ഉറ്റുനോക്കുന്ന പതിനാറുകാരി ഗ്രേറ്റ തുന്‍ബര്‍ഗിനെ അറിയാമോ?
”നമ്മള്‍ കൂട്ടത്തോടെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ സംസാരിച്ച് കൊണ്ടിരിക്കുന്നത് പണത്തെ കുറിച്ചും, സാമ്പത്തിക വളര്‍ച്ചയുടെ ചിറകുവെച്ച ഭാവനകളെ കുറിച്ചുമാണ്. പൊള്ളയായ വാക്കുകള്‍ കൊണ്ട് നിങ്ങള്‍ എന്റെ സ്വപ്നങ്ങള്‍ കവര്‍ന്നു. എന്റെ ബാല്യം കവര്‍ന്നു. എന്നിട്ടും ഞാന്‍ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ മുന്നില്‍ പ്രതീക്ഷയോടെ നിങ്ങള്‍ വരുന്നു. എങ്ങനെ നിങ്ങള്‍ക്ക് ഇതിന് ധൈര്യം വന്നു?”- ഗ്രേറ്റ തുന്‍ബര്‍ഗ്.
ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിക്ക് ശേഷം ലോകം ചര്‍ച്ച ചെയ്യുന്നത് ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന പതിനാറുകാരിയെക്കുറിച്ചാണ്. ലോക നേതാക്കള്‍ മുഴുവന്‍ ഉണ്ടായിട്ടും ഏറ്റവുമധികം മാധ്യമ ശ്രദ്ധനേടിയത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഈ പെണ്‍കുട്ടിയാണ്.
ഒരൊറ്റെ പ്രസംഗം കൊണ്ട് ഗ്രേറ്റ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഹരിതഗൃഹവാതങ്ങള്‍ പുറന്തള്ളുന്ന ഒരു ലോകത്തിലേക്ക് തന്റെ തലമുറയെ തള്ളിവിട്ടതില്‍ ലോകരാഷ്ട്രത്തലവന്‍മാരെ രൂക്ഷമായിട്ടാണ് ഗ്രേറ്റ നേരിട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മൂര്‍ച്ചയേറിയ ഒരു നോട്ടം കൊണ്ട് പേടിപ്പെടുത്തിയ പെണ്‍കുട്ടിയെന്നാണ് ലോകം ഗ്രേറ്റയെ വാഴ്ത്തുന്നത്.
പല രാഷ്ട്രീയ നേതാക്കളും മുഖത്ത് നോക്കി പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് ഗ്രേറ്റ തുറന്നടിച്ചിരിക്കുന്നത്. ലോകത്തിന് ഗ്രേറ്റ തുന്‍ബെര്‍ഗിനെക്കുറിച്ച് നന്നായറിയാം. പതിനാറുകാരിയായ നിശ്ചയദാര്‍ഢ്യം കൈമുതലാക്കിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക, അതാണ് ഒറ്റവാക്കില്‍ ഗ്രേറ്റ തുന്‍ബര്‍ഗ്. ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളില്‍ ഗ്രേറ്റയെ അറിയുന്നവര്‍ ചുരുക്കമാണ്. പരിസ്ഥിതിക്കായി ആ പതിനാറുകാരി നടത്തിയ പ്രവര്‍ത്തനങ്ങളും പലര്‍ക്കും അറിയില്ല.
ഗ്രേറ്റ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നടത്തുന്നത്. 2018ല്‍ ഗ്രേറ്റ നടത്തിയ ഒരു പ്രതിഷേധമാണ് അവരിലേക്ക് ലോകശ്രദ്ധ തിരിച്ചത്. 2018 ആഗസ്റ്റ് 20-ന് ഒന്‍പതാം ഗ്രേഡില്‍ പഠിക്കുകയായിരുന്ന തുന്‍ബര്‍ഗ്, ഉഷ്ണതരംഗവും കാട്ടുതീയും കഴിഞ്ഞ സമയത്ത് ഇനി് സ്വീഡന്റെ പൊതുതിരഞ്ഞെടുപ്പിനുശേഷം മാത്രമേ താന്‍ സ്‌കൂളില്‍ പോവുകയുള്ളൂ എന്ന് തീരുമാനിക്കുന്നത്. പാരീസ് എഗ്രിമെന്റ് അനുസരിച്ച് കാര്‍ബണ്‍ പ്രസരണം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീഡിഷ് സര്‍ക്കാര്‍ എടുക്കണമെന്നായിരുന്നു അവളുടെ ആവശ്യം.
പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് കാലാവസ്ഥയ്ക്ക് വേണ്ടി സ്‌കൂള്‍ പണിമുടക്ക് എന്ന ബോര്‍ഡ് പിടിച്ചുകൊണ്ട് എല്ലാ ദിവസവും സ്‌കൂള്‍ സമയത്ത് കുത്തിയിരിപ്പ് സമരം നടത്തി. പൊതുതിരഞ്ഞെടുപ്പിനുശേഷം, വെള്ളിയാഴ്ചകളില്‍ മാത്രം സമരം തുടര്‍ന്നു. ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പേരില്‍ ഇത് സ്‌കൂളുകളില്‍ വലിയൊരു പ്രതിഷേധം പ്രകടനമായി മാറി. തുന്‍ബര്‍ഗിന്റെ സമരം ലോകവ്യാപകമായ ശ്രദ്ധ പിടിച്ചു പറ്റി. വിദ്യാര്‍ത്ഥി പണിമുടക്കുകളില്‍ പങ്കെടുക്കാന്‍ ലോകമെമ്പാടുമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദിതരായി. 2018 ഡിസംബറില്‍, മുന്നൂറിനടുത്ത് നഗരങ്ങളില്‍ 20,000 വിദ്യാര്‍ത്ഥികളാണ് സമരം നടത്തിയത്. ഫ്‌ലോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡ് സ്‌കൂളിലെ കൗമാരക്കാരായ പ്രവര്‍ത്തകരുടെ മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ് ആണ് തന്റെ സമരങ്ങള്‍ക്ക് പ്രചോദനം എന്ന തുന്‍ബര്‍ഗ് പറഞ്ഞിട്ടുണ്ട്.
2018ല്‍ യുഎന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ പങ്കെടുത്തതോടെ, ഗ്രേറ്റ കൊണ്ടുവന്ന പ്രതിഷേധം ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഏറ്റെടുത്തു. പ്രതിഷേധങ്ങള്‍ നടത്തുക മാത്രമല്ല, സ്വന്തം വീട്ടില്‍ കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുന്നതിനായി പ്രവര്‍ത്തനങ്ങളും ഗ്രേറ്റ ചെയ്തിരുന്നു. ഇതിനായി പാരിസ്ഥിതിക ജീവിതരീതിയാണ് ഗ്രേറ്റ തിരഞ്ഞെടുത്തത്. വിമാന മാര്‍ഗമുള്ള സഞ്ചാരം, മാംസഭക്ഷണം എന്നിവ തീര്‍ത്തും ഉപേക്ഷിച്ചു. ഈ വര്‍ഷം മെയിലെ ടൈം മാഗസിന്റെ കവര്‍ ഫോട്ടോ ഗ്രേറ്റയുടേതായിരുന്നു. അടുത്ത തലമുറയിലെ നേതാവ് എന്നാണ് ടൈം ഈ പതിനാറുകാരിയെ വിശേഷിപ്പിച്ചത്.
ഇക്കഴിഞ്ഞ യുഎന്നിലെ തീപ്പാരി പ്രസംഗത്തിന് ശേഷമുള്ള ഗ്രേറ്റയുടെ മുഖഭാവമാണ് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. ട്രംപിനെ കണ്ട ഉടനെ ഗ്രേയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുക്കുന്നതും, പിന്നീട് തുറിച്ച് നോക്കുന്നതും ലോകശ്രദ്ധ ആകര്‍ഷിച്ചു. കാലാവസ്ഥാ വ്യതിയാന ഉടമ്പടിയില്‍ നിന്ന് ട്രംപ് നേരത്തെ പിന്‍മാറിയിരുന്നു. ഇതില്‍ ഉള്‍പ്പെടെ ട്രംപിനെതിരെ കടുത്ത ദേഷ്യം ഈ പതിനാറുകാരിക്കുണ്ട്.
കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ സമരവും നടന്നിരുന്നു. ലക്ഷകണക്കിന് യുവാക്കളാണ് ഇതില്‍ പങ്കെടുത്തത്. അഞ്ച് രാജ്യങ്ങള്‍ക്കെതിരെ ഗ്രേറ്റ യുഎന്നില്‍ പരാതി നല്‍കിയിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന, തുര്‍ക്കി എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍ വര്‍ഷങ്ങളായി അനുഭവിക്കുകയാണെന്നും, നടപടി ഉണ്ടാവുന്നില്ലെന്നും പരാതിയില്‍ പറയുന്നു.