പതിരില്ലാത്ത ഈ ഓണക്കാര്യങ്ങള്‍ മറക്കല്ലേ…

ഓണം മലയാളികള്‍ വളരെ മനോഹരമായി ആഘോഷിക്കുന്ന ഉത്സവം തന്നെയാണ്. മറ്റാഘോഷങ്ങളേക്കാളേറെ കോരളത്തിലെ യുവാക്കള്‍ക്ക് ഹരമാണ് ഓണം. ഓണമായി ബന്ധപ്പെട്ട ധാരാളം പഴഞ്ചൊല്ലുകള്‍ പണ്ടു പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലതും പറയാതായി ഇല്ലാതാകുകയാണ്. ഇതാ ഓണവുമായി ബന്ധപ്പെട്ട കുറച്ച് പഴഞ്ചൊല്ലുകള്‍…. പതിരില്ലാത്ത ഈ പഴഞ്ചൊല്ലുകള്‍ വരും തലമുറയ്ക്കും നമുക്ക് പങ്കുവെക്കാം…

അത്തം പത്തിന് പൊന്നോണം.

അത്തം പത്തോണം.

അത്തം വെളുത്താല്‍ ഓണം കറുക്കും.

അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.

അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.

ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.

ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം.

ഉള്ളതുകൊണ്ട് ഓണം പോലെ.

ഉറുമ്പു ഓണം കരുതും പോലെ.

ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.

ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര.

ഓണം കേറാമൂല.

ഓണം പോലെയാണോ തിരുവാതിര?

ഓണം മുഴക്കോലുപോലെ.

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി.

ഓണം വരാനൊരു മൂലം വേണം.

ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.

ഓണത്തിനിടയ്ക്കാണോ പുട്ടു കച്ചോടം?

ഓണത്തിനല്ലയൊ ഓണപ്പുടവ.

ഓണത്തേക്കാള്‍ വലിയ വാവില്ല.

ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.

കാണം വിറ്റും ഓണമുണ്ണണം.

തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്ക്.

You might also like