വൈറ്റ് റൂം ടോർച്ചറോ🤔മമ്മൂട്ടിക്കും വൈറ്റ് റൂം ടോർച്ചറിനും തമ്മിലെന്താണ് ബന്തം ??

അടുത്ത കുറച്ചു കാലമായി സോഷ്യൽമീഡിയയിലും സിനിമാ ലോകത്തുമൊക്കെ ചർച്ചയായ ഒരു വാക്കാണ് ‘റോഷാക്ക്’. ഒരുപക്ഷെ മലയാളികൾ ഈ വാക്ക് കൂടുതലായി കേൾക്കാൻ തുടങ്ങിയത് ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം എന്ന നിലയിലായിരിക്കണം. റോഷാക്ക് എന്താണെന്ന് മനസിലാകാതെ തിരഞ്ഞുപോയവർ  ഇപ്പോൾ വൈറ്റ് റൂം ടോർച്ചറിന്റെ പിന്നാലെയാണ്. ആദ്യം പുറത്തിറങ്ങിയ റോഷാക്കിന്റെ പോസ്റ്ററിൽ ചോര പുരണ്ട മുഖംമൂടി ധരിച്ച് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയായിരുന്നെങ്കിൽ, പിന്നീടിറങ്ങിയ ട്രെയ്‌ലറിൽ ഉള്ളത് വെള്ള നിറമുള്ള വസ്തുക്കള്‍ കൊണ്ട് മാത്രം സജീകരിച്ചിരിക്കുന്ന മുറിയില്‍ വിഷാദമൂകനായി ഇരിക്കുന്ന മമ്മൂട്ടിയാണ്. 

ഒറ്റ നോട്ടത്തിൽ ആകെ മൊത്തം വെള്ള നിറം . ആഹാ എന്ത് രസമാണല്ലേ … സമാധാനത്തിന്റെ പ്രതീകമായ വെള്ള നിറം. എന്നാൽ അത്രയ്ക്ക് സമാധാനിക്കാൻ വരട്ടെ… വെള്ള നിറത്തിന് മനുഷ്യനിൽ സൃഷ്ടിക്കാനാകുന്ന ഭയവും ആശങ്കയും മാനസിക പ്രശ്നങ്ങളും അടുത്തറിഞ്ഞാൽ പിന്നെ ഇരുട്ട് സൃഷ്ടിക്കുന്ന ഭയം ഒന്നുമല്ലെന്ന് ബോധ്യമാകും. ഒരു മനുഷ്യന് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷാരീതിയാണ്   ‘വൈറ്റ് ടോർച്ചർ‘ അഥവാ ‘വൈറ്റ് റൂം ടോർച്ചർ‘ . ലോകത്തിലെ തന്നെ ഏറ്റവും ഭീകരമായ ടോര്‍ച്ചറിംഗ് രീതിയാണിത്. 

ലോകത്തെ വിവിധ രാജ്യങ്ങള്‍ രഹസ്യന്വേഷണത്തിനും ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിനുമായാണ് ഈ രീതി ഉപയോഗിക്കുന്നത് . ഇറാനിലാണ് പ്രധാനമായും വൈറ്റ് റൂം ടോർച്ചർ എന്ന ശിക്ഷാ രീതി ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ വൈറ്റ് റൂം ടോർച്ചർ എന്ന ശിക്ഷയ്ക്ക് വിധേയനായി പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട ഒരു ഇറാനിയൻ മാധ്യമപ്രവർത്തകന്‍റെ അനുഭവക്കുറിപ്പിലൂടെയാണ് ഈ ശിക്ഷയുടെ തീവ്രത ലോകമറിയുന്നത്.  ശ്വേത ദണ്ഡനം എന്നാണ് വൈറ്റ് റൂം ടോര്‍ച്ചറിംഗിനെ മലയാളത്തിൽ പറയുന്നത് . ഇതുമായി ബന്ധപ്പെട്ട് മലയാളത്തിൽ ഒരു പുസ്തകവും ഇറങ്ങിയിട്ടുണ്ട്. അനീഷ് ഫ്രാന്‍സിസ് എഴുതിയ മൂന്ന് കഥകളുടെ സമാഹാരമാണ് ശ്വേത ദണ്ഡനം. 

വളരെ പ്രാകൃതമായ ശിക്ഷാ രീതിയാണ് വൈറ്റ് റൂം ടോര്‍ച്ചറിംഗ്. ഒരു മുറിയുടെ ഭിത്തി ഉള്‍പ്പെടെ മുറിയിലെ എല്ലാ വസ്തുക്കളും വെളുത്ത നിറത്തിലാക്കുന്ന രീതി. മുറിക്കുള്ളില്‍ വെളുത്ത നിറത്തിലുള്ള വസ്തുക്കളല്ലാതെ മറ്റൊന്നും ഉണ്ടാകില്ല. കഴിക്കാന്‍ നല്‍കുന്ന ഭക്ഷണം പോലും വെളുത്ത നിറത്തിലുള്ളവ ആയിരിക്കും. സര്‍വ്വത്ര വെളുപ്പ് മയം എന്ന് സാരം. സ്വന്തം നിഴല്‍ പോലും കാണാന്‍ സാധിക്കാത്ത രീതിയില്‍ നിയോണ്‍ ട്യൂബുകള്‍ തടവുകാര്‍ക്ക് മുകളില്‍ 24 മണിക്കൂറും തെളിഞ്ഞു കത്തും. ഏകാന്ത തടവിലുള്ള വ്യക്തിക്ക് മറ്റ് യാതൊരു നിറവുംഅനുഭവിക്കാൻ സാധിക്കില്ല. ജനലുകളോ, കിളി വാതിലുകളോ ഇല്ലാതെ പൂർണ്ണമായും സൗണ്ട് പ്രൂഫ് ആയാണ് വൈറ്റ് റൂമുകൾ സജീകരിക്കുക. തടവുകാർക്ക് തങ്ങളെയല്ലാതെ മറ്റൊന്നും കേൾക്കാനാവില്ല. മുറിയിലെ പ്രതലങ്ങള്‍ എല്ലാം മിനുസമാർന്ന രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നതിനാൽ സ്പര്‍ശനവും അറിയാനാകില്ല.

അവര്‍ക്ക് നല്‍കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും പ്രത്യേക മണമോ രുചിയോ ഇല്ലാതെ വെളുത്ത നിറത്തിലുള്ളതായിരിക്കും. അത് വെളുത്ത പാത്രത്തിലുമായിരിക്കും. വൈറ്റ് റൂമില്‍ കഴിഞ്ഞാല്‍ അവസാനം മണമോ രുചിയോ മറ്റ് നിറങ്ങളോ ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേയ്ക്കും കുറ്റവാളികള്‍ എത്തിയേക്കാം. മറ്റൊരു നിറം കാണാനായി ഇത്തരത്തില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ സ്വയം  മുറിവേല്‍പ്പിച്ച് രക്തം വരുത്താറുണ്ട്. അങ്ങനെ ഒരു തടവുകാരന്റെ ഇന്ദ്രിയാനുഭൂതികളെ നഷ്ടപ്പെടുത്തുന്ന ഒരു തരം മനഃശാസ്ത്രപരമായ സമീപനമാണ് ഇത്. മാസങ്ങളോ വർഷങ്ങളോ നീണ്ടു നിൽക്കുകയും ചെയ്യും ഈ ടോർച്ചർ രീതി. നീണ്ട കാലമുള്ള ഈ ഏകാന്ത വാസത്തിലൂടെ വ്യക്തികള്‍ക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്നതിനൊപ്പം വിഭ്രാന്തിയും സൈക്കോട്ടിക് ബ്രേക്കും വരെ സംഭവിച്ചേക്കാം.

വിദേശഭാഷാ ചിത്രങ്ങളില്‍ ഈ സങ്കല്‍പ്പം പല തവണ കണ്ടിട്ടുണ്ടെങ്കിലും മലയാള സിനിമയില്‍ ഇതുവരെയും ഉണ്ടായിട്ടില്ല. എന്തായാലും വൈറ്റ് റൂം ടോര്‍ച്ചറിംഗിനും മൈൻഡ്ഡ് റീഡിങ് ടെസ്റ്റായ റോഷാക്കിനും നിസാം ബഷീർ- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സൈക്കോളജിക്കൽ ത്രില്ലറിൽ എന്ത് റോളാണ് ഉള്ളതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

You might also like