ക്യാന്‍സര്‍ സാധ്യത കൂടുതലുള്ളത് 20 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്
20-30 വയസ്സുകള്‍ക്കിടയില്‍ പ്രായമുള്ള നമ്മളില്‍ പലരും ക്യാന്‍സറിനെ കുറിച്ച് ചിന്തിക്കാറില്ല. എന്നാല്‍ 1990 ന് ശേഷം ജനിച്ച ആളുകള്‍ക്ക് മറ്റേതൊരു തലമുറയേക്കാളും 50 വയസ്സിന് മുമ്പ് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് സമീപകാല ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ക്യാന്‍സറിനെ പലര്‍ക്കും പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. പക്ഷേ നമ്മുടെ ജീവിതശൈലിയില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ വരുത്തി ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും.
1. പുകവലി അരുത്
ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന കാരണം പുകവലിയാണ്. വായ, തൊണ്ട എന്നിവയിലുള്‍പ്പെടെ അര്‍ബുദം ബാധിക്കുന്നു. 14 തരം ക്യാന്‍സറുകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. പത്തില്‍ ഒമ്പത് പേരും 25 വയസ്സിന് മുമ്പ് പുകവലി തുടങ്ങിയവരാണെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പുകവലിക്കരുത്, അല്ലെങ്കില്‍ പുകവലി ഉപേക്ഷിക്കുക.
2. സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക
HPV (ഹ്യൂമന്‍ പാപ്പിലോമ വൈറസ്) ഇന്നത്തെ കാലത്ത് ഒരു സാധാരണ പ്രശ്‌നമാണ്. സെര്‍വിക്സ്, ലിംഗം, വായ, തൊണ്ട എന്നിവയിലെ കാന്‍സര്‍ ഉള്‍പ്പെടെ പല തരത്തിലുള്ള ക്യാന്‍സറുകളിലേക്കും ഇത് നയിച്ചേക്കാം. എച്ച്പിവിയുമായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ യുവാക്കളില്‍ പ്രത്യേകിച്ചും സാധാരണമാണ്. യുകെയില്‍ മാത്രം, 30-34 വയസ് പ്രായമുള്ള സ്ത്രീകളിലാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ കൂടുതലായി കണ്ടുപിടിക്കുന്നത്. എച്ച്പിവിയുടെ വര്‍ദ്ധിച്ചുവരുന്ന നിരക്ക് യുവാക്കളില്‍ വായിലെ അര്‍ബുദത്തിന്റെ സമീപകാല വര്‍ദ്ധനവിനെ വിശദീകരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. HPV യ്ക്കെതിരെ വാക്സിനേഷന്‍ എടുക്കുന്നതും സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും നിങ്ങളെ വൈറസ് ബാധയില്‍ നിന്ന് സംരക്ഷിക്കും.
3. ഭാരം നിയന്ത്രിക്കുക
അമിതഭാരമോ പൊണ്ണത്തടിയോ കാരണം, കുടല്‍, സ്തനങ്ങള്‍, ഗര്‍ഭപാത്രം, പാന്‍ക്രിയാസ് എന്നിവയിലുള്‍പ്പെടെ 13 വ്യത്യസ്ത അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അധിക കൊഴുപ്പ് ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്നു. ഇത് ട്യൂമര്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ക്യാന്‍സര്‍ കോശങ്ങളെ വിഭജിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൊഴുപ്പ് കോശങ്ങള്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണും ഉത്പാദിപ്പിക്കുന്നു. ഇത് സ്തനത്തിലും ഗര്‍ഭപാത്രത്തിലും മുഴകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാരണത്താല്‍, സ്ത്രീകളില്‍ ക്യാന്‍സര്‍ സാധ്യത കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഇത് മാത്രമല്ല, തെറ്റായ ഭക്ഷണക്രമം ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ശരിയായ ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും പിന്നീടുള്ള ജീവിതത്തില്‍ പല തരത്തിലുള്ള ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളാണ്.
4. മദ്യം കഴിക്കരുത്
കരള്‍, സ്തനങ്ങള്‍, അന്നനാളം എന്നിവയിലുള്‍പ്പെടെ പല തരത്തിലുള്ള ക്യാന്‍സറുകള്‍ വികസിപ്പിക്കാനുള്ള സാധ്യത മദ്യ ഉപഭോഗത്തിനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങള്‍ എത്രത്തോളം മദ്യം കുടിക്കുന്നുവോ അത്രയും അപകടസാധ്യത കൂടുതലാണ്. ഓരോ വര്‍ഷവും ഒരു ലക്ഷത്തോളം പേര്‍ക്ക് മദ്യപാനം മൂലം ക്യാന്‍സര്‍ വരുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തുടര്‍ച്ചയായി മദ്യപിക്കുന്നവര്‍ക്ക് മാത്രമല്ല, ഇടയ്ക്കിടെ മദ്യപിക്കാത്തവര്‍ക്കും ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്. മദ്യപാനത്തിനിടയില്‍ പുകവലിക്കുന്നത് പുകവലി മൂലമുണ്ടാകുന്ന ക്യാന്‍സറിന് കാരണമാകുന്നു.