നിറങ്ങള്‍ പൂക്കട്ടെ മുടിയഴകില്‍! ഹെയര്‍ കളറിങ് ചെയ്യുമ്പോള്‍…
പണ്ടൊക്കെ കറുത്ത് ഇടതൂര്‍ന്ന മുടി ഭംഗിയായി ചീകി ഒതുക്കി നടക്കുന്നതായിരുന്നു സൗന്ദര്യ ലക്ഷണം. എന്നാല്‍ ഇപ്പോള്‍ കാഴ്ചപ്പാടുകളൊക്കെ മാറി. മുടിയില്‍ എന്തൊക്കെ ചെയ്താലും പെണ്‍ക്കുട്ടികള്‍ക്ക് ഇന്ന് മതിയാകില്ല. ചിലര്‍ ഒഴുകികിടക്കുന്ന മുടിയഴക് സ്വന്തമാക്കാന്‍ സ്മൂത്തനിങ് ചെയ്യുന്നു. എന്നാല്‍ മറ്റു ചിലരാകട്ടെ മുടി ചുരുട്ടുന്നു, ചിലരോ ഹെയര്‍ കളറിങ് ചെയ്യുന്നു.
കളറിംങ് ചെയ്ത് സ്വാഭാവികമായ മുടി നിലനിര്‍ത്തുന്നതാണ് ഇപ്പോഴത്തെ ട്രന്‍ഡ്. മുടി മനോഹരമായും ട്രന്റിയായും സൂക്ഷിക്കാന്‍ അല്‍പ്പസമയം ചിലവഴിക്കാം. കളറിങ് ചെയ്യുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കാമെന്നു നോക്കൂ…
മുടിയില്‍ കളര്‍ ചെയ്യുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. എന്നാല്‍ ചര്‍മത്തിന്റെ നിറവും കളര്‍ ചെയ്യുന്ന നിറവും തമ്മില്‍ ചേരുമോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. പരിചയസമ്പന്നനായ ഒരു സ്റ്റൈലിസ്റ്റിന്റെ പക്കല്‍ നിന്നും കളറിംഗ് ചെയ്യാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ മുടിയുടെയും ചര്‍മത്തിന്റെയും സ്വഭാവമനുസരി നിങ്ങള്‍ക്കിണങ്ങുന്ന കളറും ബ്രാന്‍ഡും നിര്‍ദ്ദേശിക്കാന്‍ അവര്‍ക്കു കഴിയും..
ഫാഷന്‍ പ്രേമികളുടെ ഹരമായി മാറികൊണ്ടിരിക്കയുന്ന സ്‌റ്റൈലിഷ് ഹെയര്‍ കളറിംഗ് പാറ്റേണ്‍ ആണ് ടൈ-ഡൈ പാറ്റേണ്‍. ഹോളിവുഡ് ഹെയര്‍ സ്റ്റൈലിസ്റ്റായ ടാനിയ റമി റൈസ് ജാപ്പനീസ് കളറിംഗ് രീതിയായ ഷിബോറിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വികസിപ്പിച്ചെടുത്ത കളറിംഗ് രീതിയാണിത്.
നിങ്ങള്‍ തന്നെയാണ് ഹെയര്‍കളറിംങ് ചെയ്യുന്നതെങ്കില്‍ ഇഷ്ടമുള്ള നിറത്തില്‍ മുടി കളര്‍ ചെയ്യുക. ശേഷം ചെറിയ നീളത്തിലുള്ള ഐസ്‌ക്രീം സ്റ്റിക്ക് പോലുള്ള വടികള്‍ ഇഷ്ടമുള്ള നിറങ്ങളില്‍ കുതിര്‍ത്ത് വയ്ക്കുക. ഈ വടികളില്‍ മുടി ചെറിയ ഭാഗങ്ങളാക്കി ചുറ്റി വയ്ക്കുക. അല്‍പ സമയത്തിന് ശേഷം അഴിച്ച് മാറ്റാവുന്നതാണ്. വിവിധ നിറങ്ങളിലും ഡിസൈനുകളിലും ഈ സ്‌റ്റൈലിഷ് ഹെയര്‍ കളറിംഗ് രീതി ഉപയോഗിക്കാവുന്നതാണ്.
ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുള്ള ഹെയര്‍ കളറിംഗ് പ്രക്രിയ മുടിക്ക് എത്ര ദോഷം ചെയ്യുന്നുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. അമോണിയ, ഹൈഡ്രജന്‍ പെറോക്സൈഡ് തുടങ്ങിയ കെമിക്കലുകള്‍ മുടിയുടെ തിളക്കവും, ഭംഗിയും കെടുത്തുന്നതിനോടൊപ്പം അലര്‍ജിക്കും മുടികൊഴിച്ചിലിനും വരെ കാരണമാകും. അതുകൊണ്ട് കളറിംങ് പരിചയസമ്പന്നരെ കൊണ്ട് ചെയ്യിക്കുകയും കളറിംങിനു ശേഷം പ്രത്യേക പരിചരണം മുടിക്ക് നല്‍കാനും ശ്രദ്ധിക്കുക.
മുടിയുടെ സുരക്ഷയില്‍ അതീവ ആശങ്കയുണ്ടെങ്കില്‍ അടുക്കളയിലെ വസ്തുക്കള്‍ കൊണ്ട് പ്രകൃതിദത്തമായി മുടി കളര്‍ ചെയ്യാനുള്ള വഴികളുമുണ്ട്. എന്നാല്‍ ഫലം താരതമ്യേന അല്‍പ്പം കുറവായിരിക്കുമെന്നത് ഓര്‍മ്മയില്‍ സൂക്ഷിക്കുക.
കടും ചുവപ്പ് നിറമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ബീറ്റ്റൂട്ട് ഡൈ ഉപയോഗിക്കാം. ഒലിവ് ഓയിലിലോ വെളിച്ചെണ്ണയിലോ ബീറ്റ്റൂട്ട് ജ്യൂസ് ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം മുടിയിഴകളില്‍ തേച്ച് പിടിപ്പിക്കുക. മുടി ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് ഒരു മണിക്കൂര്‍ കെട്ടി വെക്കുക. ശേഷം ആപ്പിള്‍ സിഡര്‍ വിനാഗിരി ഉപയോഗിച്ച് കഴുകി കളയുക. അതിലും കടും നിറമാണ് വേണ്ടതെങ്കില്‍ ഇത് വീണ്ടും ചെയ്യാവുന്നതാണ്
മുടിയ്ക്ക് കറുപ്പ് കുറച്ച് ‘ബ്ലോണ്ട്’ നിറമാണ് വേണ്ടതെങ്കില്‍ ലെമണ്‍ ഡൈ ഉപയോഗിക്കാം. ഒരു സ്പ്രേ ബോട്ടിലില്‍ നാരങ്ങ നീര് നിറക്കുക. ഇത് നിറം വേണ്ട മുടിയിഴകളിലേക്ക് സ്പ്രേ ചെയ്യുക. മുടി മുഴുവന്‍ ഈ നിറം വേണമെങ്കില്‍ നാരങ്ങ സ്പ്രേ ചെയ്ത ശേഷം ഒരു ചീപ്പ് കൊണ്ട മുടി നന്നായി ചീകുക. മികച്ച ഫലത്തിനായി ഡൈ പുരട്ടിയ ശേഷം വെയില്‍കൊള്ളുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം.