പുതിയ കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ പാന്‍ ഇടപാടുകളില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പുതിയ ആധാര്‍, പാന്‍ നിയമങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
50,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളില്‍ ആധാര്‍
50,000 രൂപയ്ക്കു മുകളിലുള്ള എല്ലാ പണമിടപാടുകളിലും പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കണമെന്ന് ഫിനാന്‍സ് സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ടെ അറിയിച്ചു. പാന്‍ കാര്‍ഡിന് പകരമായി ആധാര്‍ സ്വീകരിക്കുന്നതിന് ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ബാക്ക് എന്‍ഡ് നവീകരണം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആധാര്‍-പാന്‍ ലിങ്ക്
പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് സ്വമേധയാ പാന്‍ നല്‍കുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അധ്യക്ഷന്‍ പ്രമോദ് ചന്ദ്ര മോദി അറിയിച്ചു. ഇരു ഡേറ്റാ ബേസുകളും പരസ്പരം ബന്ധിപ്പിച്ചതിനാല്‍ ഇതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും ആധാര്‍-പാന്‍ ലിങ്ക് ചെയ്യുന്നത് എളുപ്പമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആദായ നികുതി റിട്ടേണ്‍ ഫയലിങിന് ആധാര്‍
ഇന്ത്യയിലെ 120 കോടിയിലധികം ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ട്. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചിരുന്നു.
ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്തില്ലെങ്കില്‍
ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ റദ്ദാക്കില്ലെന്ന് ഫിനാന്‍സ് സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ടെ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്ക് ആധാറോ പാനോ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താമെന്നും അദ്ദേഹം അറിയിച്ചു. കള്ളപ്പണം തടയുന്നതിന് 50,000 രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ക്കും, 10 ലക്ഷം രൂപയില്‍ കൂടുതലുള്ള സ്ഥാവര വസ്തുക്കള്‍ വാങ്ങാനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
പ്രവാസികള്‍ക്ക് ഉടന്‍ ആധാര്‍
ഇന്ത്യയിലേക്ക് തിരികെ വരുന്ന പ്രവാസികള്‍ക്ക് ആധാര്‍ ലഭിക്കാന്‍ ഇനി 180 ദിവസത്തെ കാത്തിരിപ്പിന്റെ ആവശ്യമില്ല. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മാത്രം ഹാജരാക്കിയാല്‍ ഉടന്‍ ആധാര്‍ കാര്‍ഡ് ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.