
വേണം വിശ്രമവും വ്യായാമവും, കണ്ണുകള്‍ക്ക്!!!
ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കണ്ണും നട്ടിരിക്കുന്നത് നമ്മുടെയെല്ലാം ശീലമായി മാറിക്കഴിഞ്ഞു. കമ്പ്യൂട്ടര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ കണ്ണുകളില്‍ ജലാംശം നഷ്ടപ്പെടുന്നതിനാല്‍ വരള്‍ച്ച അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് കണ്ണുകളില്‍ ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കുന്നുണ്ട് എന്ന ഉറപ്പാക്കേണ്ടതുണ്ട്. മാത്രമല്ല, കണ്ണിലെ പേശികള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോഴാണ് കണ്ണിന് വേദന, തലവേദന, കണ്ണില്‍ നിന്ന് വെള്ളം വരിക, കാഴ്ചത്തകരാര്‍ തുടങ്ങിയവ ഉണ്ടാകുന്നത്.

ചിട്ടയോടെയുള്ള വ്യായാമങ്ങള്‍ കണ്ണിനെ കൂടുതല്‍ ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാന്‍ സഹായിക്കും. വ്യായാമം കണ്ണുകള്‍ക്കുമുണ്ട്. കണ്ണിനുണ്ടാകുന്ന തളര്‍ച്ചയും മറ്റ് അസ്വസ്ഥതകളും മാറ്റി കണ്ണിലെ പേശികളുടെ ശക്തി കൂട്ടി കാഴ്ചശക്തി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ചില വ്യായാമങ്ങള്‍ ജീവിതത്തിന്റെ ശീലമാക്കുക. കണ്ണിന് കൊടുക്കേണ്ട വ്യായാമങ്ങള്‍ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കൂ…
കണ്ണുകള്‍ക്ക് കൂടുതലായി ആയാസം അനുഭവപ്പെടുമ്പോള്‍ ഇടയ്ക്ക് കൃഷ്ണമണികള്‍ ചലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കൃഷ്ണമണികള്‍ മുകളിലേയ്ക്കും താഴേയ്ക്കും 10 തവണയെങ്കിലും ചലിപ്പിക്കുക.

കണ്ണിന് നല്‍കാവുന്ന വ്യായാമങ്ങളില്‍ മറ്റൊരു വ്യായാമമാണ് ഇരു കൃഷ്ണമണികള്‍കൊണ്ടും മൂക്കിന്റെ തുമ്പിലേയ്ക്ക് നോക്കുക എന്നത്. കുറച്ച് സെക്കന്റുകള്‍ അങ്ങനെ നോക്കിയശേഷം കണ്പീലികളിലേയ്ക്ക് നോക്കുക. വീണ്ടും മൂക്കിന്റെ തുമ്പിലേയ്ക്ക് നോക്കുക. ഇത് അഞ്ച് മുതല്‍ പത്ത് തവണ വരെ ആവര്‍ത്തിക്കാം.
ഇത് കൂടാതെ തന്നെ കൃഷ്ണമണികള്‍ ഉപയോഗിച്ച് ചെയ്യാവുന്ന മറ്റൊരു വ്യായാമമാണ് വൃത്താകൃതിയില്‍ ചലിപ്പിക്കല്‍. കൃഷ്ണമണി വലതു ഭാഗത്തേയ്ക്ക് പത്ത് തവണ വൃത്താകൃതിയില്‍ ചലിപ്പിക്കുക. കുറച്ച് സെക്കന്റുകള്‍ കണ്ണിന് വിശ്രമം നല്‍കിയ ശേഷം ഇടത് ഭാഗത്തേക്കും ഇത് പോലെ തന്നെ ചെയ്യുക.

ഒരുപാട് നേരം കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണുകളിലെ ജലാംശം നഷ്ടപ്പെട്ട കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടാം. ഇങ്ങനെ ഉണ്ടാകുമ്പോള്‍ കണ്ണുകള്‍ ഇടക്കിടക്ക് ചിമ്മുന്നത് നന്നായിരിക്കും.
കൈകള്‍ കൂട്ടിയോജിപ്പിച്ച് തിരുമ്മി ചൂടാക്കിയ ശേഷം ഉള്ളംകൈയിലെ ചൂട് കണ്ണുകളില്‍ വെച്ച് കൊടുക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിനു നല്ലതാണ്.
ഏകദേശം അഞ്ച് സെക്കന്റുകള്‍ എങ്കിലും കണ്ണുകള്‍ മുറുക്കെ അടച്ച് പിടിക്കുക. അതിനു ശേഷം അത്ര സമയം തന്നെ കണ്ണുകള്‍ തുറന്ന് പിടിക്കുക. ഇത് അഞ്ച് പ്രാവശ്യം ചെയ്യാം. കണ്ണിന് നല്‍കുന്ന ഓരോ വ്യായാമം കഴിഞ്ഞും കണ്ണുകള്‍ കുറച്ച് സമയം അടച്ച് പിടിക്കാന്‍ ശ്രദ്ധിക്കണം.