വിലക്ക് കാലം കഴിഞ്ഞു, ഇവാൻ ആശാൻ മടങ്ങിവരുന്നു; വമ്പൻ സ്വീകരണം നൽകാനൊരുങ്ങി മഞ്ഞപ്പട
കൊച്ചി ∙ 238 ദിവസവും 10 മത്സരവും; മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച് ഡഗ് ഔട്ടിൽ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് പിന്നിട്ട കാലം! 10 മത്സര വിലക്കിന്റെ കഠിനകാലം പിന്നിട്ട് ‘ആശാൻ’ ആരാധക ലക്ഷങ്ങളുടെ ആരവങ്ങളുടെ നടുവിലേക്ക് നാളെ മടങ്ങിയെത്തും. നാളെ കൊച്ചിയിൽ ഒഡീഷ എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം കോച്ച് വുക്കോമനോവിച്ചിന്റെ സാന്നിധ്യം തന്നെയാകും.
ഈ വർഷം മാർച്ച് 3 ന് ഐഎസ്എൽ 9 –ാം സീസൺ പ്ലേ ഓഫ് മത്സരത്തിൽ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു ടീമിനെ കളത്തിൽ നിന്നു പിൻവലിച്ചതിനാണ് വുക്കോമനോവിച്ചിനു 10 മത്സര വിലക്കു വന്നത്; 5 ലക്ഷം രൂപ പിഴയും. മാർച്ച് 3നും ഒക്ടോബർ 27നും ഇടയിൽ വുക്കോമനോവിച്ച് ഇല്ലാതെ ടീം കളിച്ചത് 10 മത്സരങ്ങൾ. സൂപ്പർ കപ്പിലും ഡ്യുറാൻഡ് കപ്പിലും 3 വീതം. ഐഎസ്എൽ പുതിയ സീസണിൽ 4 മത്സരങ്ങളും. സൂപ്പർ കപ്പും ഡ്യുറാൻഡും ടീമിനു നൽകിയതു നിരാശയാണെങ്കിൽ ഐഎസ്എലിൽ തുടക്കം മികച്ചതായി. തുടരെ 2 ജയം, പിന്നാലെ തോൽവിയും സമനിലയും. അതിലേറെ, സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ചിനും റൈറ്റ് ബാക്ക് പ്രബീർ ദാസിനും നേരിട്ട 3 മത്സര വിലക്കാണു വലിയ പ്രതിസന്ധി. മറ്റൊരു സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്, ലെഫ്റ്റ് ബാക്ക് ഐബൻഭ ദോലിങ്, മിഡ്ഫീൽഡർ ജീക്സൺ സിങ് എന്നിവരുടെ പരുക്കാണു മറ്റൊരു കീറാമുട്ടി.
ആശാന്റെ വരവ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണു ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട. 27 നു കലൂർ സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗാലറി പൂർണമായും വ്യാപിക്കുന്ന കൂറ്റൻ ‘ടിഫോ’ വിരിച്ചാണ് അവർ കോച്ചിനെ വരവേൽക്കുക. വ്യത്യസ്തമായ മൊസെയ്ക് അവതരണവും ഗാലറികളിൽ മഴവില്ലഴക് തീർക്കുമെന്നാണു മഞ്ഞപ്പടയുടെ വാഗ്ദാനം.