തന്റെ മികച്ച ഫോമിനെക്കുറിച്ച് പ്രതികരിച്ച് സൂര്യകുമാർ യാദവ്

ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി പുരുഷ ടി 20 ലോകകപ്പിലെ തന്റെ മികച്ച ഫോമിനെക്കുറിച്ച് പ്രതികരിച്ച് ലോക ഒന്നാം നമ്പർ ടി20 ബാറ്റർ സൂര്യകുമാർ യാദവ് . ബാറ്റിംഗിന് ഇറങ്ങുമ്പോൾ താൻ ഫീൽഡിലെ ഗ്യാപ്പുകൾ മാത്രമേ കാണുന്നുള്ളൂവെന്ന് സൂര്യ പറഞ്ഞു. ഈ ടി20 ലോകകപ്പിൽ ഇന്ത്യക്കായി മിന്നുംഫോമിൽ കളിക്കുന്ന താരം അഞ്ച് മത്സരങ്ങളിൽ നിന്ന് 225 റൺസാണ് ഇതുവരെ നേടിയത്.

ബിസിസിഐയുടെ വീഡിയോയ്‌ക്കായി രവിചന്ദ്രൻ അശ്വിനൊട് സംസാരിക്കവെയാണ് സൂര്യകുമാർ തന്റെ മനസ് തുറന്നത്. “ഞാൻ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ഫീൽഡിലെ ഗ്യാപ്പുകൾ മാത്രമാണ് കാണുന്നത്. ക്രീസിൽ എത്തുമ്പഴേല്ലാം ഞാൻ ബാറ്റിംഗ് ആസ്വദിക്കുകയാണ്. തികച്ചും വ്യത്യസ്‌തമായ ഒരു രീതിയിൽ ആണെന്ന് മാത്രം” സൂര്യ വ്യക്തമാക്കി.

വ്യത്യസ്‌തമായ ഷോട്ടുകൾ കളിക്കുമ്പോൾ താൻ വളരെയധികം വിജയിച്ചിട്ടുണ്ടെന്നും അതിനാൽ തന്റെ ആത്മവിശ്വാസം ശരിക്കും ഉയർന്നുവെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ഫീൽഡിലെ ഗ്യാപ്പുകൾ കൂടുതലായതിനാൽ വലിയ ഗ്രൗണ്ടുകളിൽ ബാറ്റ് ചെയ്യുന്നത് താൻ ആസ്വദിക്കുന്നുണ്ടെന്ന് സൂര്യകുമാർ പറഞ്ഞു. ഓസ്‌ട്രേലിയയിലെ ബാറ്റിംഗ് ശരിക്കും ആസ്വദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചുകളിൽ കളിയ്ക്കാൻ ഇറങ്ങുന്നതിന് മുന്നോടിയായി വാങ്കഡേ സ്‌റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്നതായും സൂര്യ പറഞ്ഞു. ബൗൺസും, വേഗവും കൂടിയ വാങ്കഡേ ഓസ്‌ട്രേലിയൻ സ്‌റ്റേഡിയങ്ങളുടെ വലിപ്പമില്ലെങ്കിലും പിച്ച് സമാനമായിരുന്നെനും സൂര്യ ചൂണ്ടിക്കാട്ടി. അതേസമയം, നവംബർ 10ന് നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെയാണ് നേരിടുക. ആറ് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ടി20 ലോകകപ്പ് സെമിയിലെത്തുന്നത്

You might also like