2022 ലെ സമാധാന നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറൂസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്സ്‌കിക്കും രണ്ട് സംഘടനകള്‍ക്കുമാണ് പുരസ്‌കാരം. റഷ്യന്‍ മനുഷ്യാവകാശ സംഘടന മെമ്മോറിയല്‍, യുക്രൈനിലെ മനുഷ്യാവകാശ സംഘടന സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവയാണ് ഇത്തവണത്തെ നൊബേല്‍ സമ്മാനം പങ്കിട്ടത്. മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇവരെ പുരസ്‌കാരാര്‍ഹരാക്കിയത്.
1980-കളില്‍ രാജ്യത്ത് ജനാധിപത്യ പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായിരുന്നു ബെലാറൂസിലെ അലിസ് ബിയാലിയാട്സ്‌കി. ജനാധിപത്യവും സമാധാനപരമായ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ ജീവിതം അദ്ദഹം ഉഴിഞ്ഞുവച്ചു. 1987ലാണ് റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍ സ്ഥാപിക്കപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ സംഘടനയായി മെമ്മോറിയല്‍ വളര്‍ന്നു.
യുക്രൈനിലെ കീവില്‍ 2007-ലാണ് സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് സ്ഥാപിക്കപ്പെട്ടത്. യുക്രൈനിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിക്കുന്നതിനും ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു സംഘടന പ്രവര്‍ത്തിച്ചത്. യുക്രൈനെ സമ്പൂര്‍ണ ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാനായി സര്‍ക്കാരിന് മേല്‍ സംഘടന നിരന്തരം സമ്മര്‍ദം ചെലുത്തി. യുക്രൈനെ നിയമവാഴ്ച ഭരിക്കുന്ന ഒരു സംസ്ഥാനമാക്കി വികസിപ്പിക്കുന്നതിനായി ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുമായി അഫിലിയേറ്റ് ചെയ്യണമെന്ന് സംഘടന നിരന്തരം വാദിച്ചിരുന്നു.
‘യുദ്ധക്കുറ്റങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, അധികാര ദുര്‍വിനിയോഗം എന്നിവ രേഖപ്പെടുത്താന്‍ അവര്‍ മികച്ച പരിശ്രമം നടത്തി. സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പൊതുസമൂഹത്തിന്റെ പ്രാധാന്യം അവര്‍ ഒരുമിച്ച് പ്രകടമാക്കുന്നു,’- നോബല്‍ പ്രഖ്യാപനത്തില്‍ പറയുന്നു.
നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് സമാധാന പുരസ്‌കാരം നല്‍കുന്നത്. മികച്ച അവാര്‍ഡിനുള്ള നോമിനേഷനുകള്‍ക്ക് ക്ഷണം ആവശ്യമില്ല. 2021 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകരായ മരിയ റെസ്സയ്ക്കും ദിമിത്രി മുറാറ്റോവിനും നല്‍കിയിരുന്നു. ഫിലിപ്പീന്‍സിലും റഷ്യയിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിനാണ് റെസ്സയ്ക്കും മുറാറ്റോവിനും സമാധാന സമ്മാനം ലഭിച്ചത്.
ഇതുവരെ 102 പേര്‍ക്ക് അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. അതില്‍ 18 പേര്‍ സ്ത്രീകളാണ്. 25 തവണ സമാധാന പുരസ്‌കാരം ഒരു സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്.