
ഇറാനെതിരായ ആക്രമണത്തിൽ യുഎസ് നാവിക സേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിച്ചെന്ന പ്രചാരണം തള്ളി ഇന്ത്യ
ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്

ന്യൂഡൽഹി: ഇറാനെതിരായ സൈനിക നീക്കങ്ങള്‍ക്കായി അമേരിക്കൻ നാവിക സേന ഇന്ത്യൻ നാവിക താവളങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യൻ നാവിക താവളങ്ങൾ അമേരിക്ക ഉപയോഗിച്ചുവെന്ന് വിവിധ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് മാക്ഗ്രെഗർ ഒരു അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ അവകാശവാദം ഉന്നയിച്ചത്. ഇറാന്റെ ആക്രമണങ്ങളിൽ തങ്ങളുടെ തുറമുഖങ്ങളും നാവിക താവളങ്ങളും നശിപ്പിക്കപ്പെട്ടതിനാൽ യുഎസ് നാവികസേനയ്ക്ക് ഇന്ത്യൻ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരുന്നുവെന്നായിരുന്നു അദേഹം പറഞ്ഞത്. എന്നാൽ, ഈ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്നും ഇത്തരം കെട്ടിച്ചമച്ച കാര്യങ്ങൾ വിശ്വസിക്കരുതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വസ്തുതാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഫാക്ട് ചെക്ക് ചെയ്യുന്ന എക്സ് പേജിലൂടെയാണ് ഇന്ത്യ ഇക്കാര്യത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്.