തെരുവില്‍ അലഞ്ഞുതിരിയുന്ന കുരുന്നുകളെ പലപ്പോഴും കാണാറുണ്ടെങ്കിലും അവര്‍ക്കുവേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യാന്‍ പലപ്പോഴും നമ്മുക്ക് കഴിയാറില്ല. ഒരു നേരത്തെ ഭക്ഷണം ചിലപ്പോള്‍ നല്‍കാന്‍ സാധിച്ചെന്നേ വരൂ. പക്ഷേ തെരുവിലലഞ്ഞിരുന്ന 450 തെരുവു കുട്ടികള്‍ക്ക് പുതിയ ജീവിതം നല്‍കിയിരിക്കുകയാണ് രാജസ്ഥാനിലെ ഒരു പോലീസുകാരന്‍.
രാജസ്ഥാനിലെ ചുരു ജില്ലയില്‍ ദരംവീര്‍ ജഖര്‍ എന്ന ചെറുപ്പക്കാരനായ പോലീസുകാരനാണ് തെരുവുമക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കി ലോകത്തിനു മുഴുവന്‍ മാതൃകയാകുന്നത്! 2016 ല്‍ ആണ് ഇത്തരമൊരു വിദ്യാഭ്യാസ സ്ഥാപനമെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ രൂപപ്പെടുന്നതും നടപ്പിലാക്കുന്നതും.
തന്റെ സ്റ്റേഷന്‍ പരിധിയില്‍ തെരുവില്‍ യാചിക്കുന്ന നിരവധി കുരുന്നുകളെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അവരെക്കുറിച്ച് അന്വേഷിക്കാന്‍ ദരംവീര്‍ ശ്രമിക്കുന്നത്. കുട്ടികള്‍ അനാഥരാണെന്ന് തിരിച്ചറിഞ്ഞതോടെ ദരംവീര്‍ അവര്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ തേടിയിറങ്ങി. കണ്ടെത്തിയത് ആ കുട്ടികള്‍ നേരിടുന്ന ഞെട്ടിക്കുന്ന സാഹചര്യങ്ങളാണ്. അങ്ങനെയാണ് നിരവധിപ്പേരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ആശയം ദരംവീറിന്റെ മനസ്സില്‍ രൂപപ്പെടുന്നത്.
ആദ്യം തന്നാല്‍ കഴിയും വിധം ഒരുമണിക്കൂര്‍ വീതം ക്ലാസുകള്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ആദ്യം കുട്ടികള്‍ ഇതിനു തയ്യാറായില്ല. പിന്നീട് അവര്‍ എന്തിനുവേണ്ടിയാണ് തെരുവില്‍ ഭിക്ഷയാചിക്കുന്നതെന്ന് ദരംവീര്‍ തിരിച്ചറിഞ്ഞു. ഭക്ഷണമായിരുന്നു ഇവരുടെ പ്രധാന പ്രശ്‌നം. ഇതോടെ ക്ലാസുകള്‍ക്കൊപ്പം ഭക്ഷണവും നല്‍കിത്തുടങ്ങി. ആ ശ്രമം വിജയിച്ചു. പിന്നീടൊരു സ്ഥാപനമായി ഈ ഉദ്ദ്യമം മാറുകയായിരുന്നു.
കൂടെയുള്ള വനിതാ കോണ്‍സ്ട്രബിള്‍മാരുടേയും വോളണ്ടിയേര്‍സിന്റേയും സഹകരണത്തോടെയാണ് 450 വിദ്യാര്‍ത്ഥികളുള്ള ഒരു സ്‌കൂളായി നാലു വര്‍ഷംകൊണ്ട് ഇൗ സ്ഥാപനം വളര്‍ന്നു വന്നത്.
അവര്‍ താമസിക്കുന്ന ചേരികളില്‍ നിന്നും കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള സജ്ജീകരണങ്ങളും ദരംവീര്‍ ഒരുക്കിനല്‍കിയിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ തങ്ങളുടെ പാഠശാല ആയതിനാല്‍തന്നെ ‘അപ്‌നി പാഠശാല’ എന്നാണ് സ്‌കൂളിനു പേരിട്ടിരിക്കുന്നതും.
കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും യൂണിഫോമുകളും വസ്ത്രങ്ങളും ഭക്ഷണവും ചെരുപ്പുകളും എല്ലാം സൗജന്യമായാണ് ചെയ്തുവരുന്നത്.
അതിനാല്‍ത്തന്നെ ഒരു മാസത്തേക്ക് ഏകദേശം ഒന്നര ലക്ഷത്തിനുമേല്‍ ചിലവുവരുന്നത് ഒറ്റക്ക് താങ്ങാനാകാത്തതിനാള്‍ സന്നദ്ധരായ ആളുകളുടെ സഹായം കൊണ്ടാണ് ദരംവീര്‍ ഇപ്പോള്‍ സ്‌കൂളില്‍ കുട്ടികള്‍ക്കായുള്ള സൗകര്യങ്ങളൊരുക്കുന്നത്.