തുടക്കം മാംഗല്യം… ഈ ഉപദേശങ്ങള്‍ കേള്‍ക്കരുതേ!!
വിവാഹം യുവാക്കളുടെ സ്വപ്‌നമാണ്. വളരെ നിറമുള്ള സ്വപ്‌നങ്ങളാണ് വിവാഹത്തെക്കുറിച്ച് ഈ നല്ല പ്രായത്തില്‍ മനസ്സില്‍ സൂക്ഷിക്കുക. വിവാഹത്തിലൂടെ പങ്കുവയ്ക്കുവാനുള്ള സ്‌നേഹവും കരുതലും റൊമാന്‍സിനുമൊപ്പം കുറേ ഏറെ മാറ്റങ്ങള്‍ ജീവിതത്തില്‍ വന്നുചേരും.
വിവാഹത്തിലേക്ക് കടക്കുമ്പോള്‍ മനസും ശരീരവും മാത്രമല്ല, നമ്മുടെ മുറിയും കിടക്കയും അന്നുവരെ നമുക്ക് മാത്രം സ്വന്തമെന്ന് കരുതിയിരുന്ന എല്ലാം പരസ്പരം പങ്കുവെയ്ക്കപ്പെടും. പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി ഒന്നിച്ച് പോകേണ്ടി വരും. വിവാഹത്തോടെ പിന്നെ ഞാനില്ല, നമ്മള്‍ എന്ന വാക്കിനാണവിടെ പ്രാധാന്യം.
വിവാഹിതരാകാന്‍ പോകുന്ന യുവതീയുവാക്കളെ സാധാരണഗതിയില്‍ വീട്ടിലെ മുതിര്‍ന്നവരോ വിവാഹിതരായ ബന്ധുക്കളോ ഉപദേശിക്കാറുണ്ട്. എന്നാല്‍ പല വിവാഹ ജീവിതങ്ങളിലും അത്തരം ഉപദേശങ്ങള്‍ വില്ലനാകാറുണ്ട്. പലപ്പോഴും വീട്ടുകാരുടെയും ബന്ധുക്കളുടെയും പരിചയക്കാരുടെയും ഉപദേശങ്ങളൊന്നും തന്നെ വിവാഹജീവിതത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകണമെന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചിലപ്പോള്‍ വളരെയധികം അപകടം പിടിച്ചതാണത്രേ ഈ ഉപദേശങ്ങള്‍. അതിനാല്‍ ഇത്തരത്തിലുള്ള ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുന്നതാണ് നിങ്ങളുടെ ദാമ്പത്യജീവിതത്തിന് ഗുണകരം.
വിവാഹിതരാകാന്‍ പോകുന്നവരോട് ചിലരെങ്കിലും ‘ലൈംഗികതയൊന്നും അത്ര പ്രധാനമല്ല, അതില്‍ കുറവുകളുണ്ടായാലും അഡ്ജസ്റ്റ്’ ചെയ്യാന്‍ പഠിക്കണം എന്ന ഉപദേശം നല്‍കാറുണ്ട്. ഈ ഉപദേശം ഒരിക്കലും സ്വീകരിക്കരുതെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. വിവാഹജീവിതത്തില്‍ ലൈംഗികതയ്ക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.
ലൈംഗികജീവിതത്തില്‍ വരുന്ന വിഷമതകള്‍ പരസ്പരം തുറന്ന് ചര്‍ച്ച ചെയ്തും, പരസ്പരം ഉള്‍ക്കൊണ്ടും കൈകാര്യം ചെയ്ത് തന്നെ മുന്നോട്ട് പോകണം. അല്ലാത്ത പക്ഷം നിത്യമായ അസംതൃപ്തിയിലേക്കും ക്രമേണ ദാമ്പത്യ ബന്ധത്തിലെ അകല്‍ച്ചയിലേക്കും ഇത് നയിച്ചേക്കാം.
നിസാര കാര്യങ്ങള്‍ക്കുപോലും മാതാപിതാക്കളെ വിളിച്ച് പരാതി പറയുന്ന ശീലം വിവാഹത്തോടെ ഉപേക്ഷിക്കുന്നതാണ് നല്ലത്. എന്ത് പ്രശ്‌നമുണ്ടായാലും അച്ഛനേയും അമ്മയേയും വിളിച്ചാല്‍ മതി എന്ന ഉപദേശം നല്‍കുന്നവരും കുറവല്ല. കഴിവതും ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് ശരിയാക്കാന്‍ നോക്കണം.
കുടുംബത്തിലുള്ള അംഗങ്ങളെയോ മാതാപിതാക്കളെയോ വലിയ പ്രശ്‌നപരിഹാരത്തിനായി സമീപിക്കുന്നതിനേക്കാള്‍ നല്ലത്, മികച്ച കൗണ്‍സിലര്‍മാരെ സമീപിക്കുന്നത് തന്നെയാണെന്ന് റിലേഷന്‍ഷിപ്പ് വിദഗ്ധരുടെ അഭിപ്രായം.
രണ്ടുപേര്‍ തമ്മില്‍ ഒത്തുപോകാന്‍ ഒരിക്കലും പറ്റുന്നില്ലെന്ന് തോന്നിയാല്‍ അല്‍പം ഒന്ന് മാറിനില്‍ക്കാം. ഇത് നിങ്ങളിലെ ബന്ധത്തിന്റെ ആഴം മനസിലാക്കാന്‍ സഹായിക്കും. താല്‍ക്കാലികമായ അകല്‍ച്ചയെ പോലും മോശമായി ചിത്രീകരിക്കുന്ന വ്യവസ്ഥിതിയാണ് നമ്മുടേത്.
എന്നാല്‍ ഒരു ‘റീഫ്രഷ്‌മെന്റ്’ പലപ്പോഴും നല്ലതിനേ ഉപകരിക്കൂ. എന്നിട്ടും കൂടിച്ചേരാന്‍ പറ്റാത്തവര്‍ പിരിയുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അല്ലെങ്കില്‍ എപ്പോഴും അതേ അസംതൃപ്തി അവര്‍ നേരിട്ടേക്കുമത്രേ.