
ബോക്സ് ഓഫീസില്‍ ആളിക്കത്തി ‘കാന്താരാ’
കെജിഎഫ് എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം കന്നഡയില്‍ നിന്ന് വീണ്ടുമൊരു ചിത്രം ഇന്ത്യയിലാകെ ശ്രദ്ധേയമാകുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘കാന്താരാ’ എന്ന ചിത്രം ബോക്സ് ഓഫീസില്‍ കുതിച്ച് പായുകയാണ്. കര്‍ണാടകത്തില്‍ നിന്ന് ചിത്രം ഇതുവരെ നേടിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്.
സെപ്റ്റംബര്‍ 30നാണ് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം റിലീസ് ചെയ്തത്. 11 ദിവസം കൊണ്ട് തന്നെ ചിത്രം 58 കോടിയ്ക്ക് മുകളില്‍ നേടിക്കഴിഞ്ഞെന്നാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിരിക്കുന്നത്. രണ്ടാം തിങ്കളാഴ്ചയിലെ കളക്ഷന്‍ റിലീസ് ദിനത്തേക്കാള്‍ കൂടുതലാണെന്ന് ആന്ധ്രാ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചിത്രം മലയാളം ഉള്‍പ്പെടെയുള്ള പരിഭാഷ പതിപ്പുകളില്‍ റിലീസിനൊരുങ്ങുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
19-ാം നൂറ്റാണ്ടില്‍ കാന്തപുരയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന് ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.