താടിക്കാരേ കേള്‍ക്കൂ; ചില താടി തെറ്റിദ്ധാരണകളും പരിഹാരങ്ങളും

പൗരുഷത്തിന്റെ ലക്ഷണങ്ങള്‍ തന്നെ താടിയും മീശയുമാണ് എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ താടിയുടേയും മീശയുടേയും കാര്യത്തില്‍ പുരുഷന്‍മാരില്‍, പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ നിരവധി തെറ്റിദ്ധാരണകളുണ്ട്. കൗമാരത്തില്‍ താടിയും മീശയും ഒന്ന് കട്ടിയാക്കാന്‍ ഏത് പരീക്ഷണത്തിനും ചെറുപ്പക്കാര്‍ തയ്യാറാകും.

കനത്ത താടിക്ക് ബിയേര്‍ഡ് ഓയില്‍!
ബിയേര്‍ഡ് ഓയില്‍ താടിവളര്‍ച്ച ഉണ്ടാക്കുന്നില്ല. താടിരോമങ്ങള്‍ മൃദുവാക്കാനും തിളക്കമുള്ളതാക്കാനും മാത്രമാണ് ഇത് ഉപകരിക്കുന്നത്.
താടിരോമങ്ങള്‍ വളര്‍ത്തുന്നതിനുള്ള ഏതെങ്കിലും ഓയിലോ, ഒറ്റമൂലിയോ ഇതുവരെ കണ്ടുപിടക്കപെട്ടിട്ടില്ല എന്നതാണത്രേ വാസ്തവം.

ലുക്കുപോകാതിരിക്കാന്‍…
താടിയുടെ ലുക്ക് നിലനിര്‍ത്താന്‍ താടി കഴുകാതിരിക്കാതിരിക്കരുത്. താടി വ്യത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അണുബാധ ഉണ്ടാകും. താടി ജട പിടിക്കാന്‍ സാധ്യതയുള്ളതാണ്. എന്നും കൃത്യമായി ചീകിവെക്കുക.

താടിയും ലൈംഗികതയും
താടി വളരാത്തത് ലൈംഗിക ശേഷിക്കുറവാണെന്ന് തെറ്റിദ്ധരിച്ച് അത്തരം ചികിത്സകള്‍ക്ക് പോകാതിരിക്കുക. താടിയും ലൈംഗികശേഷിയും തമ്മില്‍ ഒരു ബന്ധവുമില്ല. അതുപോലെ താടി വടിക്കുമ്പോള്‍ പരമാവധി ഒരേ ദിശയില്‍ റേസര്‍ ഉപയോഗിക്കുക.

ഷേവോടു ഷേവ്!
നിത്യവും ഷേവു ചെയ്താല്‍ താടി മീശകള്‍ വളര്‍ന്നു പന്തലിക്കുമെന്നു കരുതുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ യഥാര്‍ഥത്തില്‍ രോമ വളര്‍ച്ചയും ഷേവിങ്ങുമായി വലിയ ബന്ധമൊന്നുമില്ല. അതായത് താടി വളരാന്‍ കൊതിക്കുന്നവര്‍ ഒരാശ്വാസത്തിന് ഷേവു ചെയ്യുന്നു എന്നു മാത്രം. 1920 മുതല്‍ തന്നെ ഈ വിഷയത്തില്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്. രോമ വളര്‍ച്ച നിയന്ത്രിക്കുന്നത് ചര്‍മത്തിനോടു ചേര്‍ന്നുള്ള ഹെയര്‍ ഫോളിക്കിളുകളാണ്. ഈ ഫോളിക്കിളുകളെ ഷേവിങ് യാതൊരു വിധത്തിലും സ്വാധീനിക്കുന്നില്ല. താടിയെ വളരാന്‍ അനുവദിച്ചാല്‍ മാത്രമേ അതിന് കരുത്തുണ്ടാകൂ എന്നതാണ് വസ്തുത.

പരിഹാരക്രിയകള്‍- ചെയ്യാന്‍ മറക്കല്ലേ…

ധാരാളം വെള്ളം കുടിക്കുന്നതും താടിയും മീശയും വളരാന്‍ സഹായിക്കും. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടത്തെ വര്‍ധിപ്പിക്കും. മാനസിക സമ്മര്‍ദ്ദം നേരിടുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ അത് അടിയന്തിരമായി കുറക്കുക.

പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം മാനസിക സമ്മര്‍ദ്ദമാണ്. അതുകൊണ്ട് തന്നെ മുടി കൊഴിച്ചില്‍ മാറാനും താടിയും മീശയും വളരാനും യോഗ, മെഡിറ്റേഷന്‍ പോലുള്ള ആരോഗ്യമുറകള്‍ പരിശീലിക്കുന്നത് നല്ലതാണ്.

ഉറക്കമില്ലായ്മയും താടിയുടെയും മീശയുടെയും വളര്‍ച്ചയെ സ്വാധീനിക്കും. ഉറക്കമില്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ റിസ്റ്റോറേഷന്‍ അഥവാ പുനര്‍നിര്‍മ്മാണം നടക്കുകയില്ല. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. അതിനാല്‍ ദിവസേന രാത്രി കാലങ്ങളില്‍ എട്ട് മണിക്കൂര്‍ ഉറക്കം ശീലമാക്കുക

മുടി കഴുകാന്‍ ഉപയോഗിക്കുന്ന ഷാമ്പു തന്നെ താടി കഴുകാനും ഉപയോഗിക്കരുത്. അത് താടിയിലെ പ്രകൃതിദത്തമായ എണ്ണമയം ഇല്ലാതെയാക്കും. രോമങ്ങള്‍ വരണ്ടുണങ്ങും. ഇത് താടിയുടെ വളര്‍ച്ചയെ മുരടിപ്പിക്കും.

സോപ്പോ ഷാമ്പൂവോ ഉപയോഗിക്കാതെ ബിയേര്‍ഡ് വാഷോ ബിയേര്‍ഡ് ഷാമ്പൂവോ ഉപയോഗിച്ച് മാത്രം നിങ്ങളുടെ താടി ഇടയ്ക്കിടെ വൃത്തിയാക്കുക. താടിയുടെ തോതും നീളവും അനുസരിച്ച് ബിയേര്‍ഡ് വാഷ് ചെയ്യുന്ന ഇടവേളകളില്‍ വ്യത്യാസമുണ്ടാകണം.

അപ്പോള്‍ വളര്‍ന്നു വരട്ടെ താടി ഫ്രീക്കന്‍മാര്‍.

You might also like