ഒരു ഫോണിൽ ഒരേ സമയം രണ്ട് വാട്സാപ്പ് അക്കൗണ്ടുകൾ; എങ്ങനെയെന്നറിയാം
ഒരു ഫോണില്‍ നിന്നും ഒരേസമയം രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനുള്ള സൗകര്യം ആരംഭിച്ച് മാതൃകമ്പനിയായ മെറ്റ. നിലവിൽ വിവിധ തേർഡ് പാർടി ആപ്പുകൾ ഇതു സാധ്യമാക്കിയിരുന്നെങ്കിലും സുരക്ഷാ പ്രശ്നങ്ങളും ഉയർന്നുവന്നിരുന്നു, അതേസമയം ഒന്നിലേറെ സിം കാര്‍ഡുകള്‍ ഇടാനുള്ള സൗകര്യമുള്ള ഫോണുകളില്‍ ഇനി ഔദ്യോഗികമായിത്തന്നെ ഒപ്പം എളുപ്പത്തിൽ രണ്ട് വാട്‌സ്ആപ്പ് ലോഗിനുകള്‍ സാധ്യമാവും. അതേസമയം ഈ പുതിയ ഫീച്ചര്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. മെറ്റ സ്ഥാപകനും സ.ഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വാട്‌സ്ആപ്പിലെ പുതിയ സൗകര്യം അറിയിച്ചത്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ആദ്യഘട്ടത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാവുക. ഐഫോണ്‍ ഉപഭോക്താക്കള്‍ ഒരു ഫോണില്‍ ഒന്നിലേറെ വാട്‌സ്ആപ്പ് അക്കൗണ്ട് തുറക്കാന്‍ ഏതാനും ആഴ്ച്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരും.
രണ്ടാമത്തെ വാട്‌സ്ആപ്പ് അക്കൗണ്ട് തുറക്കുന്നതിന് നിങ്ങളുടെ ഫോണില്‍ രണ്ടാമത്തെ സിംകാര്‍ഡ് ഇടാനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പിക്കണം. മള്‍ട്ടിസിം അല്ലെങ്കില്‍ ഇ സിം സൗകര്യമുള്ള ഫോണായിരിക്കണം നിങ്ങളുടേത്. രണ്ടാമത്തെ ഫോണ്‍ നമ്പര്‍ വഴിയാണ് ഒന്നിലേറെ വാട്‌സ്ആപ്പ് ലോഗിന്‍ സാധ്യമാവുന്നത്. ഇതിനു ശേഷം വാട്‌സ്ആപ്പ് സെറ്റിങ്‌സില്‍ നിങ്ങളുടെ പേരിന് സമീപമുള്ള ആഡ് അക്കൗണ്ട് തെരഞ്ഞെടുത്താല്‍ മതിയാവും. രണ്ടാമത്തെ വാട്‌സ്ആപ്പ് അക്കൗണ്ടിനായി നല്‍കുന്ന ഫോണ്‍ നമ്പറിലേക്ക് വണ്‍ ടൈം പാസ്‌കോഡ് അയക്കും. ഇതുപയോഗിച്ച് രണ്ടാമത്തെ അക്കൗണ്ടും ലോഗിന്‍ ചെയ്യാനാവും. ഈ വെരിഫിക്കേഷനു ശേഷം വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ നിങ്ങളുടെ രണ്ട് അക്കൗണ്ടുകളിലേക്കും പരസ്പരം മാറുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള സൗകര്യം നല്‍കും. ആദ്യ ഘട്ട വെരിഫിക്കേഷനു മാത്രം രണ്ടാമത്തെ ഫോണ്‍ നമ്പറും സിമ്മും ഉപയോഗിച്ചാല്‍ മതിയാകും.
വാട്‌സ്ആപ്പിന് വലിയ മാറ്റങ്ങള്‍ വരാന്‍ പോവുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. വാട്‌സ്ആപ്പിലെ നിറങ്ങളില്‍ മാറ്റം വരുമെന്നും പുതിയ ബട്ടണുകള്‍ ഉള്‍പ്പെടുത്തുമെന്നും നാവിഗേഷന്‍ ബാറില്‍ മാറ്റം വരുമെന്നും WABetaInfoഎന്ന വെബ്‌സൈറ്റ് കഴിഞ്ഞ മാസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കനുസരിച്ചായിരിക്കും ഈ മാറ്റങ്ങള്‍ പ്രതിഫലിക്കുകയെന്ന സൂചനയും ഇവര്‍ നല്‍കിയിരുന്നു. വ്യക്തിപരമായ ചാറ്റുകളും ഔദ്യോഗിക ചാറ്റുകളും വേര്‍തിരിക്കാന്‍ സഹായിക്കുംവിധമുള്ള ഫില്‍റ്ററുകള്‍ വാട്‌സ്ആപ്പ് കൊണ്ടുവരാനിടയുണ്ടെന്നും ഈ റിപ്പോര്‍ട്ട് പറഞ്ഞിരുന്നു.