
കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായി ഭൂമിയെ ബാധിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിരോധിക്കാന്‍ ഐക്യരാഷ്്ട്ര സംഘടനയും ലോകരാജ്യങ്ങളുമെല്ലാം പഠിച്ച പണി പതിനെട്ടും നോക്കുന്നുമുണ്ട്. ഭൂമിയിലെ ജൈവികത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എത്രയൊക്കെ ജനങ്ങള്‍ക്ക് ഉദ്ബോധിപ്പിച്ചു നല്കിയാലും മരത്തോട് കലഹിക്കുന്നതിനു തുല്യമാണ്.
ഒരു ചെറിയ മരമല്ലേ… ഒരു കുഞ്ഞു പ്ലാസ,റ്റിക് കവറല്ലേ.., എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. അപ്പോള്‍ തന്നെ അതൊരു വലിയ കൂമ്പാരം പ്ലാസ്റ്റിക് കൂനയും ഹെക്ടര്‍ കണക്കിന് വനനശീകരണവുമായി മാറും.

മരങ്ങളെ സംരക്ഷിക്കാനിനി എന്താണൊരു പോംവഴിയെന്ന് ആലോചിച്ചിരിക്കുമ്പോളാണ് ഉത്തര്‍പ്രദേശുകാരനായ പരാഗ്ദത്ത മിശ്ര എന്ന പരിസ്ഥിതി പ്രവര്‍ത്തകന്റെ തലയില്‍ ‘കാലത്തിനുതകുന്ന’ ഒരു വഴി തെളിഞ്ഞത്. മരങ്ങളില്‍ മുഴുവന്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ വരച്ചു വയ്ക്കുക. ഇന്ത്യയെപ്പോലൊരു രാജ്യത്ത് മരം വെട്ടിയാല്‍ മഴ പെയ്യില്ല, പുഴ വരളും, പട്ടിണി കിടന്നു ചാവും എന്നൊക്കെ പറയുന്നതിനു പകരം ദൈവം കോപിക്കും എന്നു പറയുന്നതാണ് ഉത്തമം എന്ന് മിശ്രയ്ക്കു തോന്നിക്കാണണം.
8000 ജനങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ ആകെയുള്ള മരങ്ങളുടെ എണ്ണം കേവലം പതിനായിരത്തോളം മാത്രമായിരുന്നു. പല ആവശ്യങ്ങള്‍ക്കായി പലരും മരങ്ങള്‍ കണക്കില്ലാതെ വെട്ടിയെടുക്കാന്‍ തുടങ്ങിയതാണ് ഗ്രാമത്തിന്റെ തണല്‍ ഇല്ലാതാവാന്‍ കാരണം. പരാഗ്ദത്ത മിശ്ര ദൈവങ്ങളുടെ ചിത്രം മരങ്ങളില്‍ വരയ്ക്കാന്‍ തുടങ്ങിയതോടെ ആരും ആ മരങ്ങള്‍ വെട്ടാന്‍ വരാതെയായി.

തന്റെ ആശയം വിജയം കണ്ടുവെന്നു മനസ്സിലാക്കിയ മിശ്ര ഇതുവരെ ആയിരക്കണക്കിന് മരങ്ങളില്‍ ദൈവങ്ങളെ ‘പ്രതിഷ്ഠിച്ചു’ കഴിഞ്ഞു. ഒരു മരത്തില്‍ ചിത്രം വരയ്ക്കാന്‍ ഏകദേശം 200 രൂപയോളം ചിലവായി. എല്ലാം മിശ്രയുടെ സ്വന്തം പോക്കറ്റില്‍ നിന്നു തന്നെ.
എന്തായാലും മിശ്രയും ഗ്രാമവാസികളും ഇപ്പോള്‍ സന്തോഷവാന്മാരാണ്. ഇനിയാരും തങ്ങളുടെ ഗ്രാമത്തിലെ മരങ്ങള്‍ക്കു കോടാലി വയ്ക്കില്ല. തണലും ശുദ്ധവായുവും ആവശ്യം പോലെ. ഇതല്ലാതെ ഏതാണ് സ്വര്‍ഗ്ഗം. ദൈവങ്ങള്‍ ഇങ്ങനെയാല്ലാതെ മനുഷ്യന് ഏതു രീതിയിലാണ് ആശ്വാസമാവേണ്ടത്? നിങ്ങള്‍ക്കും ഇങ്ങനെ വ്യത്യസ്തമായി ചെയ്തു കൂടേ? മിശ്ര ചോദിക്കുന്നു.