തമിഴിലൂടെയാണ് സിനിമാലോകത്തെത്തിയതെങ്കിലും കനിഹ മലയാളികൾക്കു അപരിചിതയല്ല. ജോലിത്തിരക്കുകൾ മാറ്റി വച്ച് അവിടെ നിന്നു ചെറിയൊരു ഇടവേളയെടുത്തു യാത്ര പോയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടി. യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ ലിസ്റ്റിൽ ഇടനേടിയ തായ്‌ലൻഡിലേക്കാണ് താരത്തിന്റെ യാത്ര.
ബീച്ചിന്റെ പശ്ചാത്തലത്തിൽ ഷോർട്സും ടി ഷർട്ടും ധരിച്ചു നിൽക്കുന്ന കനിഹയുടെ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ”ഉപ്പുവെള്ളം എല്ലാം സുഖപ്പെടുത്തുന്നു, മണൽ തരികൾ ഉമ്മവയ്ക്കുന്നു” എന്നിങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
അതിമനോഹരം കോ പാൻഗൻ
തായ്‌ലൻഡിലെ പ്രശസ്ത ദ്വീപായ കോ പാൻഗനിൽ നിന്നുമുള്ള ചിത്രങ്ങളാണ് കനിഹ പങ്കുവച്ചിരിക്കുന്നത്. അതിമനോഹരമായ ബീച്ചിന്റെ കാഴ്ചകൾ തന്നെയാണ് ആ ദ്വീപിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. ഒറ്റനോട്ടത്തിൽ ആരെയും വശീകരിക്കുന്ന പ്രകൃതിയും കടലിന്റെ കാഴ്ചകളും യാത്രാപ്രേമികളെയെല്ലാം ഈ തീരത്തേക്ക് അടുപ്പിക്കുന്നു. സമൃദ്ധമായ ഉഷ്‌ണമേഖല വനങ്ങൾ, നീണ്ടു നിവർന്നു കിടക്കുന്ന ബീച്ചും ഇരുപതോളം ഡൈവിംഗ് സൈറ്റുകളും ഇവിടെ കാണാൻ കഴിയും. പുലരുവോളം നീണ്ടു നിൽക്കുന്ന ഫുൾ മൂൺ പാർട്ടികളും ബ്ലാക്ക് മൂൺ പാർട്ടികളുമാണ് ഈ ദ്വീപിനെ പ്രശസ്തമാക്കുന്നത്.
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഹൈക്കിങ് ചെയ്യാനുള്ള സൗകര്യമുണ്ട്. അതിനൊപ്പം തന്നെ മനോഹരമായ വെള്ളച്ചാട്ടവും സന്ദർശകരെ തൃപ്തിപ്പെടുത്താനായി ഇവിടെയുണ്ട്. സ്റ്റീപ്പ് വാട്ടർ സ്ലൈഡ്‌സും താൽപര്യമുള്ളവർക്ക് ഗോൾഫ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങളും ഈ ദ്വീപിലെ എടുത്തു പറയേണ്ട സവിശേഷതയാണ്.
സന്ദർശകർ ധാരാളമായി എത്തുന്നത് കൊണ്ടുതന്നെ എല്ലാ തരം ഭക്ഷണം ഇവിടെ ലഭിക്കും. ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. നാടൻ, ഇറ്റാലിയൻ, മെക്സിക്കൻ തുടങ്ങി ലോകപ്രശസ്തമായ എല്ലാ വിശേഷ വിഭവങ്ങളും ഇവിടെ അതിഥികൾക്ക് വിളമ്പുന്നുണ്ട്.