മധുരത്തോടുള്ള ആസക്തിയുടെ കാരണങ്ങള്‍; കുറയ്‌ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

അമിതമായ അളവില്‍ മധുരം കഴിക്കുന്നത്‌ മൂലം പ്രമേഹം മാത്രമല്ല, അമിതവണ്ണം, ഫാറ്റി ലിവര്‍, ഉയര്‍ന്ന ട്രൈഗ്ലിസറൈഡ്‌ തോത്‌, ഇന്‍സുലിന്‍ പ്രതിരോധം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. മധുരത്തോടുള്ള നമ്മുടെ ആസക്തി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്‌. മധുരം കഴിക്കുമ്പോള്‍ ശരീരത്തില്‍ ഡോപ്പമിന്‍, സെറോടോണിന്‍ പോലുള്ള ന്യൂറോട്രാന്‍സ്‌മിറ്ററുകള്‍ പുറന്തള്ളപ്പെടും. ഹാപ്പി ഹോര്‍മോണുകള്‍ എന്നറിയപ്പെടുന്ന ഇവയുടെ ഉത്‌പാദനം നമുക്ക്‌ കുറച്ച്‌ സന്തോഷമൊക്കെ തോന്നിക്കും. ഇതിനാല്‍ തന്നെ വീണ്ടും വീണ്ടും ഈ സന്തോഷം ലഭിക്കാനായി ശരീരം മധുരം തേടിക്കൊണ്ടിരിക്കും. സെറോടോണിന്‍ തോത്‌ കുറയ്‌ക്കുന്ന സാഹചര്യങ്ങളായ വിഷാദരോഗം, മൂഡ്‌ പ്രശ്‌നങ്ങള്‍, ആര്‍ത്തവവിരാമം, ആര്‍ത്തവത്തിന്‌ മുന്‍പ്‌ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന പ്രീ മെന്‍സ്‌ട്രുവല്‍ സിന്‍ഡ്രോം, നിരന്തരമായ മദ്യപാനം എന്നിവയെല്ലാം മധുരാസക്തി വര്‍ധിപ്പിക്കും.

സമ്മര്‍ദ്ദം, വിഷാദം, ഉത്‌കണ്‌ഠ, വിരസത എന്നിവയും ഇവയ്‌ക്കെല്ലാം ഉപയോഗിക്കുന്ന മരുന്നുകളും കടുത്ത ആര്‍ത്തി മധുരത്തോട്‌ ഉണ്ടാക്കാം. ആവശ്യത്തിന്‌ ഉറക്കമില്ലാത്ത അവസ്ഥ വിശപ്പിനെയും സംതൃപ്‌തി നല്‍കുന്ന ഹോര്‍മോണുകളായ ഗ്രെലിനെയും ലെപ്‌റ്റിനെയും ബാധിച്ച്‌ മധുരത്തോട്‌ ആര്‍ത്തിയുണ്ടാക്കാം. കുട്ടിക്കാലത്ത്‌ സമ്മാനമായും മറ്റും നമുക്ക്‌ പലപ്പോഴും ലഭിക്കുക മധുരപലഹാരങ്ങളും ചോക്ലേറ്റുമൊക്കെയാണ്‌. പായസവും കേക്കുമൊക്കെയായിട്ട്‌ ആഘോഷവേളകളിലും മധുരം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്‌. ഇത്‌ മധുരം കഴിക്കുന്ന ഒരു ശീലം തന്നെ നമുക്ക്‌ ഉണ്ടാക്കിയിട്ടുണ്ട്‌.

പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടുതലായി താഴേക്ക്‌ പോകുന്നത്‌ മധുരത്തോടുള്ള അമിതമായ ആസക്തി സൃഷ്ടിക്കും. മധുരം കഴിക്കുമ്പോള്‍ ഇത്‌ വന്‍തോതില്‍ വര്‍ധിക്കുന്നത്‌ വലിയ വ്യതിയാനങ്ങള്‍ പഞ്ചസാരയുടെ തോതില്‍ ഉണ്ടാക്കാം. ഈ വ്യതിയാനങ്ങള്‍ ഭാരവര്‍ധനവിലേക്ക്‌ നയിക്കാം. ഒരു ദിവസം നാം കഴിക്കുന്ന മധുരത്തിന്റെ അളവ്‌ അഞ്ച്‌ മുതല്‍ ആറ്‌ ടീസ്‌പൂണായി (25 മുതല്‍ 30 ഗ്രാം) നിയന്ത്രിക്കേണ്ടതുണ്ട്‌. മധുരത്തോടുള്ള ആസക്തി കുറയ്‌ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായകമാണ്‌.

ആവശ്യത്തിന്‌ ജലാംശം
ശരീരത്തില്‍ ആവശ്യത്തിന്‌ ജലാംശം ഇല്ലാതിരിക്കുന്നത്‌ മധുരത്തോടുള്ള ആസക്തിയായി ചിലപ്പോള്‍ തെറ്റിദ്ധരിക്കപ്പെടാം. ഇതിനാല്‍ മധുരാസക്തി ഉണ്ടാകുമ്പോള്‍ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ച്‌ നോക്കാവുന്നതാണ്‌.

സമയത്തിന്‌ ഭക്ഷണം
ഫൈബറും പ്രോട്ടീനുമെല്ലാം അടങ്ങിയ സന്തുലിതമായ ഭക്ഷണം കൃത്യ സമയത്ത്‌ കഴിക്കുന്നത്‌ ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കും. റിഫൈന്‍ ചെയ്‌ത കാര്‍ബോഹൈഡ്രേറ്റിന്‌ പകരം ചെറുധാന്യങ്ങള്‍, ഹോള്‍ ഗ്രെയ്‌നുകള്‍, പഞ്ചസാരയുടെ തോത്‌ ഉയര്‍ത്താത്ത പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും കഴിക്കേണ്ടതാണ്‌.

അറിഞ്ഞു കഴിക്കുക
ടിവി കണ്ടു കൊണ്ടോ ഫോണില്‍ കളിച്ചു കൊണ്ടോ ഭക്ഷണം കഴിക്കാതെ എന്താണ്‌ കഴിക്കുന്നതെന്നും എത്ര അളവിലാണ്‌ കഴിക്കുന്നതെന്നും മനസ്സിലാക്കി പതിയെ നന്നായി ചവച്ചരച്ച്‌ കഴിക്കുക.

ആവശ്യത്തിന്‌ ഉറക്കം, വിശ്രമം
ആവശ്യത്തിന്‌ ഉറങ്ങുന്നതും സമ്മര്‍ദ്ദം കുറയ്‌ക്കുന്നതും മധുരപ്രിയം കുറയ്‌ക്കാന്‍ സഹായിക്കും. എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ സമാധാനം ലഭിക്കുന്നതിനായി കഴിക്കുന്ന ശീലവും ഒഴിവാക്കുക.

വീട്ടിലേക്ക്‌ മധുരപലഹാരങ്ങള്‍ വേണ്ട
വീട്ടിലേക്ക്‌ ബേക്കറി, മധുരപലഹാരങ്ങള്‍ സ്ഥിരം വാങ്ങുന്ന ശീലവും ഒഴിവാക്കുക. ഡിസേര്‍ട്ട്‌ കഴിക്കാന്‍ തോന്നുമ്പോള്‍ പകരം ഒരു പഴം കഴിക്കുക. പഞ്ചസാരയ്‌ക്ക്‌ പകരമുള്ള കൃത്രിമ മധുരങ്ങളും മധുരാസക്തി കുറയ്‌ക്കില്ല.

പാനീയങ്ങള്‍ ആരോഗ്യകരമാകട്ടെ
കോളയും അധികമായി മധുരം ചേര്‍ത്ത ജ്യൂസുമെല്ലാം കുടിക്കുന്നത്‌ ഒഴിവാക്കുക. പകരം നാരങ്ങവെള്ളമോ, കരിക്കിന്‍ വെള്ളമോ പച്ചവെള്ളമോ കുടിക്കാം.

പരിധികള്‍ നിര്‍ണ്ണയിക്കുക
മധുരം തീരെ ഉപേക്ഷിക്കാന്‍ മനസ്സിലെങ്കില്‍ അതിന്‌ പരിധികള്‍ വയ്‌ക്കുക. കലോറി കണക്കാക്കി ഇത്ര കലോറിയില്‍ അധികം കഴിക്കില്ലെന്ന തീരുമാനം എടുക്കുക.

മനസ്സിന്റെ ശ്രദ്ധ തിരിക്കുക
മധുരം കഴിക്കാന്‍ തോന്നുമ്പോള്‍ മനസ്സിന്റെ ശ്രദ്ധ വേറെ എവിടേക്കെങ്കിലും തിരിക്കുക. ഒരു സുഹൃത്തിനെ ഫോണ്‍ ചെയ്‌ത്‌ സംസാരിക്കുകയോ, നടക്കാന്‍ പോകുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാം.

ച്യൂയിങ്‌ ഗം
മധുരമില്ലാത്ത ച്യൂയിങ്‌ ഗം ചവയ്‌ക്കുന്നത്‌ മധുരം കഴിക്കാനുള്ള ആസക്തി ചിലരില്‍ കുറയ്‌ക്കാറുണ്ട്‌.

വ്യായാമം
മധുരം കഴിക്കുമ്പോള്‍ മാത്രമല്ല വ്യായാമം ചെയ്യുമ്പോഴും ഹാപ്പി ഹോര്‍മോണുകളായ എന്‍ഡോര്‍ഫിന്‍ പുറത്ത്‌ വരും. ഇതിനാല്‍ മനസ്സിന്‌ സന്തോഷത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനുമായി വ്യായാമം ശീലമാക്കുക.

arogyamdietfoodhealthhealth tips malayalamhealthy foodKERALA FOODMollywoodsamsaaram tvsamsaaram.comsugarsugar problemtipsviralviral nres
Comments (0)
Add Comment