പുതുവർഷത്തെ ഉലകം ചുറ്റി വരവേറ്റ് കാവ്യാ മാധവനും മകൾ മഹാലക്ഷ്മിയും. മാമാട്ടിക്കുട്ടിയും അമ്മയും സ്റ്റൈലിഷ് മേക്കോവറിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ കൂടിയാണ് ഇത്. വിദേശത്തെ പുതുവർഷ യാത്രയുടെ മൂന്നു ചിത്രങ്ങളാണ് കാവ്യാ മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.ഓണം, നവരാത്രി, ജന്മാഷ്ടമി, ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിലാണ് കാവ്യ സമൂഹമാധ്യമങ്ങളിലെത്താറുള്ളത്. മകള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച ചിത്രങ്ങൾ ഇതിനു മുമ്പ് നടി പങ്കുവച്ചിരുന്നു.
‘‘ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ നിറഞ്ഞ ചക്രവാളം നിങ്ങള്‍ക്കുണ്ടാവട്ടെ. പുതുവത്സരാശംസകള്‍’’… എന്ന അടിക്കുറിപ്പോടെയാണ് കാവ്യയുടെ കുറിപ്പ്. വിദേശ രാജ്യത്ത് എവിടെയോ ആണ് കാവ്യയുടെയും കുടുംബത്തിന്റെയും ന്യൂ ഇയര്‍ ആഘോഷമെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം. ഇതേത് രാജ്യമാണ് എന്ന് ആരാധകരും കമന്റുകളിലൂടെ തിരക്കുന്നുണ്ട്.മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.
2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.