ശ്രീലങ്കയിൽ നിന്നുമെത്തി ഇന്ത്യയുടെ മനം കവർന്ന താരസുന്ദരിയാണ് ജാക്വലിൻ ഫെർണാണ്ടസ്. ബോളിവുഡ് സിനിമകളിൽ നിറസാന്നിധ്യമായ ജാക്വലിൻ സൗദി അറേബ്യയുടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിൽ മതിമറന്നിരിക്കുകയാണ്. ചെങ്കടലിൻ്റെ ഭംഗിയാണ് താരം പങ്കുവച്ച ചിത്രങ്ങളിലേറെയും. നീലക്കടലിൻ്റെ ഭംഗിയെ മറികടക്കുന്ന സൗന്ദര്യമാണ് തങ്ങളുടെ പ്രിയതാരത്തിനെന്നാണ് യാത്രാചിത്രങ്ങൾക്കു ആരാധകർ നൽകിയിരിക്കുന്ന കമന്റുകൾ. കടലിൽ മുങ്ങി നിവരുകയും കരയിൽ ഇരുന്നു കാഴ്ചകൾ ആസ്വദിക്കുകയുമൊക്കെ ചെയ്യുന്ന നിരവധി ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്.
അതിമനോഹരമായ കാഴ്ചകളും വിസ്മരിക്കാൻ കഴിയാത്ത തരത്തിലുള്ള അനുഭവങ്ങളും സമ്മാനിക്കാൻ കഴിയുന്ന ഒരിടമാണ് സൗദി അറേബ്യയിലെ ചെങ്കടലിന്റെ തീരം. ലോക നിലവാരത്തിലുള്ള താമസ സൗകര്യങ്ങളും ആസ്വദിക്കാനായി ധാരാളം വിനോദങ്ങളും ഹൃദയം കവരുന്ന കാഴ്ചകളും ഒരുക്കിയാണ് സൗദിയിലെ ഈ കടൽത്തീരം സഞ്ചാരികളെ കാത്തിരിക്കുന്നത്. സൗദി അറേബ്യയുടെ പടിഞ്ഞാറൻ ഭാഗത്താണ് ചെങ്കടൽ. ജിദ്ദയിൽ നിന്നും 500 കിലോമീറ്റർ വടക്കാണിത്. ദ്വീപുകൾ, പർവതങ്ങൾ, കണ്ടൽക്കാടുകൾ…എല്ലാമിവിടെ ഒരുമിച്ചു ചേരുന്നു. അതിമനോഹരമായ ഭൂപ്രകൃതിക്ക് പേരുകേട്ടയിടം. കടലാമകൾ, നീരാളികൾ, അപൂർവ മത്സ്യങ്ങൾ എന്നിവയെ കാണാനും സ്നോർക്കലിങ്, സ്കൂബ ഡൈവിങ്, കയാക്കിങ്, യാചിങ് എന്നിവയുൾപ്പെടെയുള്ള ജലകേളികൾ ആസ്വദിക്കാനും സഞ്ചാരികൾക്ക് സൗകര്യമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹൃദയഹാരിയാണ് ചെങ്കടലിലെ സൂര്യാസ്തമയം.
വർഷത്തിലെ ഏതുസമയത്തും സന്ദർശിക്കാം എന്നതാണ് ഈ കടൽത്തീരത്തിന്റെ പ്രത്യേകത. ശരാശരി താപനില 32 ഡിഗ്രി ആണ്. പവിഴപ്പുറ്റുകളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിക്കാമെന്നതിനപ്പുറത്തു കയാക്കിങ്, കാനോയിങ്, ഫോയിലിങ്, കൈറ്റ് സർഫിങ് തുടങ്ങി ധാരാളം വിനോദങ്ങളിൽ സഞ്ചാരികൾക്കു ഏർപ്പെടാവുന്നതാണ്.
ചെങ്കടൽ മാത്രമല്ല, വേറെയും നിരവധി കാഴ്ചകൾ സൗദി ഇവിടെയെത്തുന്ന അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട് അതിലേറെ പ്രധാനപ്പെട്ടവയാണ് ആ നാടിന്റെ ചരിത്രം പറയുന്ന ദിരിയ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അൽ തുറൈഫും ബുജൈരി ടെറസുമൊക്കെ ഇവിടെയെത്തിയാൽ ആസ്വദിക്കാം. കൂടാതെ ധാരാളം റസ്റ്ററന്റുകളും കഫേകളും അതിഥികളുടെ വയറും മനസ്സു നിറയ്ക്കും.