ഒക്ടോബര്‍ 16-ന് ഓസ്ട്രേലിയയില്‍ ആരംഭിക്കുന്ന 2022 ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറ കളിക്കില്ല. ബിസിസിഐ ആണ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുന്നത്. പുറംവേദനയെ തുടര്‍ന്നാണ് ബുംറയെ ലോകകപ്പില്‍ നിന്നും ഒഴിവായത്. ബുംറയ്ക്ക് പകരക്കാരനെ അധികം വൈകാതെ പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ 3 മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് ബുംറയെ പുറംവേദനയെത്തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. പ്രീമിയര്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ നേരത്തെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡോ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോ തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ സ്ഥിരീകരണം എത്തിയിരിക്കുന്നത്.
ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ മുതുകിന് പരിക്കേറ്റ ബുംറ രണ്ട് മാസത്തെ വിശ്രമത്തിനുശേഷം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന ബുംറ രണ്ടും മൂന്നും മത്സരങ്ങളില്‍ കളിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വീണ്ടും പുറംവേദന അനുഭവപ്പെട്ട ബുംറയെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.