ബ്ലാസ്റ്റേഴ്സ് താരം കാണിച്ചത് വലിയ മണ്ടത്തരം, ജയിച്ചിട്ടും ആരാധകർക്ക് നിരാശ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചിട്ടും ഒരു കാര്യത്തിൽ കേരള‌ ബ്ലാസ്റ്റേഴ്സും ആരാധകരും കടുത്ത നിരാശയിലാ‌ണ്. ടീമിന്റെ വിദേശ സൂപ്പർ താരം ദിമിത്രിയോസ് ഡയമാന്റകോസിന് സസ്പെൻഷൻ ലഭിച്ചതാണത്. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത് ഗ്രീക്ക് താരമായ ഡയമാന്റകോസായിരുന്നു. കളിയുടെ എൺപത്തിയെട്ടാം മിനിറ്റിലായിരുന്നു ഈ ഗോൾ. ഇതിന് ശേഷം ഷർട്ടൂരി ആഘോഷിച്ചതാണ് ദിമിക്ക് പണിവാങ്ങിക്കൊടുത്തത്. നേരത്തെ കളിയിൽ ഒരു മഞ്ഞക്കാർഡ് വാങ്ങിയിരുന്ന ദിമിയ്ക്ക് ഷർട്ടൂരി നടത്തിയ ആഘോഷത്തിന് രണ്ടാമതും മഞ്ഞക്കാർഡ് ലഭിച്ചു. ഇതോടെ ചുവപ്പ് കാർഡ് കണ്ട് അദ്ദേഹം പുറത്താവുകയുംഅടുത്ത കളിയിൽ നിന്ന് സസ്പെൻഷൻ കിട്ടുകയുമായിരുന്നു.


ആദ്യം മഞ്ഞക്കാർഡ് ലഭിച്ചത് ഓർക്കാതെയാണ് ദിമി ഷർട്ടൂരിക്കൊണ്ട് ഗോളാഘോഷം നടത്തിയത് എന്ന് ഇതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. എങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇത് കട്ടക്കലിപ്പിലാക്കി. ദിമി കാണിച്ച അബദ്ധം ടീമിന് തന്നെ തിരിച്ചടിയാകുമെന്നും സീനിയർ താരമായ ദിമി കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും, അച്ചടക്കമില്ലാതെ കളിക്കുന്നത് ടീമിന് അപകടം ക്ഷണിച്ചുവരുത്തുമെന്നും സമൂഹ മാധ്യമങ്ങളിൽ ആരാധകർ കുറിച്ചു.

ഈ മാസം ഇരുപത്തിയഞ്ചാം തീയതി ഹൈദരാബാദ് എഫ്സിക്കെതിരെ കൊച്ചിയിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ കളിയിൽ ദിമിയുണ്ടാകില്ല. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിൽ ക്വാമെ പെപ്രയ്ക്ക് ഇതുവരെ താളം കണ്ടെത്താനായിട്ടില്ല‌. ഘാന താരമായ അദ്ദേഹം ആദ്യ ആറ് മത്സരങ്ങളിലും കളിച്ചെങ്കിലും ഒരു തവണ‌പോലും വല കുലുക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ ഫോമിലുള്ള ദിമി സെലക്ഷന് ലഭ്യമാകാത്ത സാഹചര്യം വരുന്നത് കേരള‌ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി തന്നെയാണ്. ഹൈദരാബാദിനെതിരെ ദിമിയുടെ അഭാവം നികത്താൻ മറ്റ് താരങ്ങൾക്ക് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ.

dimitriosgoogle newsgoogle news malayalamisl malayalamisl newsKerala Blasterskerala blasters dimitriosdimitrioskerala blasters latest newsmalayalam newsred cardsamsaaram tvsamsaaram.comsports news malayalam
Comments (0)
Add Comment