2022 ലെ ടി20 ലോകകപ്പിന്റെ ആദ്യ സെമിയിൽ പാക്കിസ്ഥാനും ന്യൂസിലൻഡും നവംബർ 9ന് ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. സിഡ്‌നിയിൽ നടക്കുന്ന ഈ മത്സരത്തിലേക്കാണ് ഇന്ന് എല്ലാവരുടെയും ശ്രദ്ധ പതിയുക. ഏറെ സർപ്രൈസുകൾ നടന്ന സൂപ്പർ 12 പോരാട്ടങ്ങൾ ഇക്കുറി പ്രവചനാതീതമായിരുന്നു. അട്ടിമറികളും ശക്തമായ തിരിച്ചുവരവുകളും കണ്ട ഗ്രൂപ്പ് ഘട്ടത്തിന് ശേഷമാണ് നാല് വമ്പന്മാർ സെമിയിൽ പരസ്‌പരം കൊമ്പുകോർക്കാൻ ഒരുങ്ങുന്നത്.
ഇന്ന് നടക്കുന്ന പാകിസ്ഥാൻ-ന്യൂസിലൻഡ് മത്സരവിജയികൾക്ക് ഫൈനലിലേക്കുള്ള ബർത്ത് ഉറപ്പാവുമ്പോൾ ഇന്ത്യൻ ആരാധകരും പ്രതീക്ഷയോടെയാണ് മത്സരത്തെ നോക്കി കാണുന്നത്. ഇന്ന് പാക്കിസ്ഥാനും, നാളത്തെ സെമിയിൽ ഇന്ത്യയും ജയിച്ചാൽ 2007 ലോകകപ്പിന് സമാനമായി ഐകോണിക്ക് ഇന്ത്യ-പാക് ഫൈനലിനാവും ലോകകപ്പ് വേദിയാവുക. നാളെ ഇംഗ്ലണ്ടിനെ നേരിടുന്ന ഇന്ത്യക്ക് ആവട്ടെ പ്രതീക്ഷകളുടെ അമിതഭാരമുണ്ട്.
പാക്കിസ്ഥാൻ vs ന്യൂസിലൻഡ്:
ഗ്രൂപ്പ് ഘട്ടത്തിൽ മിന്നുംഫോം പുറത്തെടുത്താണ് കിവീസ് സെമിയിൽ എത്തി നിൽക്കുന്നത്. അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയം നേടിയ അവർക്ക് ഏഴ് പോയിന്റാണ് നേടാൻ കഴിഞ്ഞത്. ഒരു മത്സരം തോൽക്കുകയും, മറ്റൊന്ന് മഴ മൂലം ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ക്യാപ്റ്റൻ കെയിൻ വില്യംസണിന്റെ ഫോമില്ലായ്‌മ ടീമിനെ അലട്ടുന്നുണ്ട്. എങ്കിലും ഡെവോൺ കോൺവോയ്, ഗ്ലെൻ ഫിലിപ്‌സ്, ഫെർഗൂസൻ, ട്രെന്റ് ബോൾട്ട് എന്നിവർ ഉൾപ്പെടുന്ന ന്യൂസിലൻഡ് നിരയ്ക്ക് ആരെയും തകർക്കാനുള്ള കരുത്തുണ്ട്.
മറുഭാഗത്ത് പാക്കിസ്ഥാൻ ആവട്ടെ കറാച്ചിയിലേക്ക് വിമാനം കാത്ത് ഇരിക്കെയാണ് സെമിയിലേക്കുള്ള ടിക്കറ്റ് അപ്രതീക്ഷിതമായി വന്നെത്തിയത്. സിംബാബ്‌വെയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ പാക്കിസ്ഥാൻ ആദ്യ മത്സരത്തിൽ ഇന്ത്യയോടും തോറ്റിരുന്നു. പിന്നീട് മൂന്ന് കളികളും ജയിച്ച അവർക്ക് ദക്ഷിണാഫ്രിക്ക നെതർലാൻഡ്‌സിനോട് വഴങ്ങിയ ഞെട്ടിക്കുന്ന തോൽവിയാണു സെമി ടിക്കറ്റ് ഉറപ്പാക്കിയത്.
ഓപ്പണർ മുഹമ്മദ് റിസ്വാൻ, ക്യാപ്റ്റൻ ബാബർ അസം എന്നിവർ അത്ര മികച്ച ഫോമിലല്ല ബാറ്റ് വീശുന്നത്. മുഹമ്മദ് നവാസ്, ഷാൻ മസൂദ് എന്നിവർ തരക്കേടില്ലാതെ കളിക്കുന്നുണ്ട് എന്നതാണ് ആശ്വാസം. ഷദാബ് ഖാൻ അടക്കമുള്ള താരങ്ങളും മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. ബൗളിങ്ങിൽ അഫ്രീദി ഇതുവരെയും ഫോമിലേക്ക് ഉയർന്നിട്ടില്ല. നിർണായക മത്സരത്തിൽ താരങ്ങളുടെ മികച്ച പ്രകടനം തന്നെ ഉണ്ടാവുമെന്നാണ് പാക് ക്യാമ്പ് വിശ്വസിക്കുന്നത്.