ഈ ടി20 ലോകകപ്പിൽ ബാറ്റ് കൊണ്ട് വിരാട് കോഹ്‌ലി പല ടീമുകൾക്കും നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധ സെഞ്ചുറികൾ ഉൾപ്പെടെ സ്വന്തമാക്കി മിന്നും ഫോമിൽ കുതിക്കുന്ന കോഹ്ലിയെ തേടി സവിശേഷമായ ഒരു അംഗീകാരം തേടിയെത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഒക്ടോബറിലെ ‘ഐസിസി പ്ലയർ ഓഫ് ദി മന്ത്’ പുരസ്‌കാരമാണ് കോഹ്‌ലി സ്വന്തമാക്കിയത്. ആദ്യമായാണ് കോഹ്‌ലിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കോഹ്‌ലിയ്‌ക്കൊപ്പം സിംബാബ്‌വെ ടീമിന്റെ നായകൻ സിക്കന്ദർ റാസ, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ എന്നിവരും പുരുഷ വിഭാഗത്തിൽ ഈ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരെയും മറികടന്നാണ് മുൻ ഇന്ത്യൻ നായകൻ ഈ പുരസ്‌കാരം സ്വന്തമാക്കിയത്. 34 കാരനായ വിരാട് കോഹ്‌ലി മൂന്ന് വർഷത്തോളമായി ഫോം കണ്ടെത്താൻ പാടുപെടുകയായിരുന്നു. എന്നാൽ അവസാന മൂന്ന് മാസങ്ങളായി തന്റെ പ്രതാപകാലത്തെ അനുസ്‌മരിപ്പിക്കുന്ന പ്രകടനങ്ങളാണ് അദ്ദേഹം നടത്തി കൊണ്ടിരിക്കുന്നത്.