എട്ടിലധികം കുട്ടികൾക്ക് ജന്മം നൽകണം: റഷ്യൻ വനിതകളോട് വ്ളാഡിമിർ പുട്ടിൻ

മോസ്കോ∙ എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് റഷ്യൻ വനിതകളോട് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ചൊവ്വാഴ്ച മോസ്കോയിൽ വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പുട്ടിൻ. വരുന്ന ദശകങ്ങളിൽ റഷ്യൻ ജനസംഖ്യ വർധിപ്പിക്കുന്നത് ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും പുട്ടിൻ കൂട്ടിച്ചേർത്തു.

‘‘നമ്മുടെ പല ഗോത്രവർഗങ്ങളും നാലോ അഞ്ചോ അതിലധികമോ കുട്ടികൾക്കു ജനനം നൽകുന്ന പാരമ്പര്യം തുടരുന്നുണ്ട്. റഷ്യൻ കുടുംബങ്ങളെ ഓർമിച്ചാൽ നമ്മുടെ മുത്തശ്ശിമാർക്കും മറ്റും ഏഴും എട്ടും അതിലധികവും കുട്ടികളുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങൾ നമ്മൾ സംരക്ഷിക്കണം. വലിയ കുടുംബങ്ങളെന്നത് നമ്മുടെ രീതിയായിരിക്കണം. എല്ലാ റഷ്യക്കാരുടെയും ജീവിതരീതിയായിരിക്കണം. കുടുംബമെന്നത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല, ആധ്യാത്മിക പ്രതിഭാസം കൂടിയാണ്, ധർമത്തിന്റെ ഉദ്ഭവം കൂടിയാണ്. റഷ്യയുടെ ജനസംഖ്യ വർധിപ്പിക്കുന്നതും സംരക്ഷിക്കുന്നതുമായിരിക്കണം വരും ദശകങ്ങളിലെ നമ്മുടെ ലക്ഷ്യം. ഇതാണ് റഷ്യൻ ലോകത്തിന്റെ ഭാവി’’ – വെർച്വലായി സമ്മേളനത്തെ അഭിസംബോധന ചെയ്ത് പുട്ടിൻ പറഞ്ഞു.

1990 മുതൽ റഷ്യയിലെ ജനനനിരക്ക് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം മൂന്നു ലക്ഷത്തോളം റഷ്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Comments (0)
Add Comment