ടി20 ലോകകപ്പ് അടുത്തിരിക്കെ പരിക്കേറ്റ് പുറത്തായ സ്‌റ്റാർ ബൗളർ ജസ്‌പ്രീത് ബുമ്രയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബുമ്രയുടെ കാര്യത്തിൽ തിരക്കിട്ടുള്ള സമീപനം എടുക്കാൻ ടീമിന് താൽപര്യമില്ലെന്നാണ് രോഹിത് അറിയിച്ചത്. എന്നാൽ ബുമ്രയുടെ അഭാവം ടീമിന് തിരിച്ചടിയാണെന്നും രോഹിത് ശർമ്മ പറഞ്ഞു.
“ബുമ്ര ഒരു മികച്ച കളിക്കാരനാണ്, വർഷങ്ങളായി അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. നിർഭാഗ്യവശാൽ പരിക്കുകൾ സംഭവിക്കുന്നു. അതിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് ഞങ്ങൾ ഒരുപാട് വിദഗ്‌ധരുമായി സംസാരിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ല. ലോകകപ്പ് വളരെ പ്രധാനമാണ്. അതിലും പ്രധാനമാണ് അദ്ദേഹത്തിന്റെ കരിയർ. 28 വയസ് മാത്രം പ്രായമുള്ള അദ്ദേഹത്തിന് ഒരുപാട് ക്രിക്കറ്റ് ഇനിയും ബാക്കിയുണ്ട്” രോഹിത് ശർമ്മ വ്യക്തമാക്കി.
“ഞങ്ങൾക്ക് ഇത്തരം അപകടസാധ്യതകൾ ഏറ്റെടുക്കാൻ കഴിയില്ല. ഞങ്ങൾ സംസാരിച്ച എല്ലാ സ്പെഷ്യലിസ്‌റ്റുകളും ഇത് തന്നെ നിർദ്ദേശിച്ചു. അവന് ഇനിയും ഒരുപാട് ക്രിക്കറ്റ് കളിക്കാനുണ്ട്. ഭാവിയിൽ ഇന്ത്യക്ക് വേണ്ടി ഒരുപാട് മത്സരങ്ങൾ കളിക്കുകയും ഒരുപാട് മത്സരങ്ങൾ ജയിക്കുകയും ചെയ്യും. അതിൽ യാതൊരു സംശയവുമില്ല” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.