അതിജീവനം…

ചെറുകഥ

ഒരു അതിജീവനം … അതിപ്പോള്‍ ഏത് ദുഷ്‌കരമായ സാഹചര്യത്തിലാണെങ്കിലും അല്ലെങ്കിലും ഇച്ചിരെ പണിപ്പെട്ട് നേടിയെടുക്കേണ്ട ഒന്നാണ്… കൂടെ നിക്കാനും എടുത്തുയര്‍ത്താനും ആളുകള്‍ ഉണ്ടെങ്കില്‍പ്പോലും നമ്മള്‍ അതിജീവിക്കണമെങ്കില്‍ നമ്മള്‍തന്നെ വിചാരിക്കണം…

പക്ഷെ ഇവിടെ ഈ സാഹചര്യത്തില്‍ സംഭവം കുറച്ചു വ്യത്യസ്തം ആണ് … ആരുടെയൊക്കെയോ കരുണ കടാക്ഷം കൊണ്ടു തലനാരിഴക്ക് രക്ഷപെട്ടവന്‍ ,,, ജീവന്‍ മാത്രം തിരികെ കിട്ടിയവന്‍ .. കൂടെ ഉള്ളവര്‍ ഛിന്നഭിന്നമായി കണ്മുന്നില്‍ കിടക്കുമ്പോളും വെറും ജീവന്‍ മാത്രം ബാക്കിയായി അവര്‍ക്കിടയില്‍ അകപ്പെട്ടു പോയവന്‍ …. തിരികെവന്നു തിരഞ്ഞു പിടിച്ചു കൊല്ലാന്‍ വരുന്നവരുടെ കണ്ണില്‍പ്പെടാതെ മൃതശരീരങ്ങള്‍ക്കിടയില്‍ അഭയം പ്രാപിച്ചവര്‍ … ജീവനും മരണത്തിനും ഇടയില്‍ ഇനി ഒരു തിരിച്ചുവരവ് പോലും ഇല്ലെന്നു മനസിലാക്കി അങ്ങനെ പാതി മരിച്ച മനസ്സോടെ കിടക്കുമ്പോള്‍ തൊട്ടടുത്ത് തകര്‍ന്നടിഞ്ഞ മറ്റൊരു ശരീരം കൂടെ വന്നുവീണു…

എല്ലാവരെയും പോലെ വര്‍ണശബളമായ പുത്തനുടുപ്പില്‍ തന്നെയായിരുന്നു തന്നെയും ഒരുക്കിയത്….. ഒപ്പത്തിനൊപ്പം ഉള്ളവരോട് ചേര്‍ത്തുനിറുത്തി… ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാനാണെന്നു കരുതി സന്തോഷിച്ച സമയത്തു തങ്ങളെ എല്ലാം അവര്‍ ഒന്നിച്ചു ഒരു ബലിഷ്ഠമായ കയറുകൊണ്ട് കൂട്ടി ബന്ധിച്ചു … എല്ലാവരുടെയും കൈകള്‍ എല്ലാം കൂട്ടിക്കെട്ടി, ഹോ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ത്തന്നെ…. പിന്നില്‍നിന്നൊരു കൂട്ട നിലവിളി കേട്ടൂ. തങ്ങളെ മാത്രം അല്ല, അവിടെ ഉള്ള എല്ലാ ചെറുപ്പക്കാരെയും അവര്‍ ഇങ്ങനെ തന്നെ ചെയ്തിരിക്കുന്നു..

കൂട്ടത്തില്‍ നിന്നും കുതറിയ മാറിയ ചേട്ടന്‍മാരെ ഒറ്റക്കൊറ്റക്ക് ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നു… ചിന്തിക്കാന്‍ സമയം ലഭിക്കുന്നത്തിനു മുന്‍പ്തന്നെ എല്ലാവരെയും ഒരു വലിയ വാഹനത്തില്‍ കയറ്റി… പിന്നില്‍ കതകു കൊട്ടി അടക്കുന്ന ശബ്ദം … എങ്ങും കൂട്ടനിലവിളി … ഇരുട്ട് … വാഹനം മുന്നോട്ടു നീങ്ങുകയാണ്… ഇടക്കെവിടെവെച്ചോ കുറെ പേരെ ഇറക്കി .. ബാക്കിയുള്ളവരെ കൊണ്ടു വീണ്ടും മുന്നോട്ടു നീങ്ങുന്ന യാത്ര …. കറുത്ത് തടിച്ച ഒരു ഭീമാകാരന്‍ ആയ ആള്‍ വന്നു ഞങ്ങളെ എല്ലാം തൂക്കി എടുത്തു വെളിയിലിട്ടു …

ആള്‍ക്കൂട്ടം നിറഞ്ഞ ഒരു ചന്ത ആയിരുന്നു അത്… വിലപേശല്‍… തര്‍ക്കങ്ങള്‍… എല്ലാത്തിനൊടുവില്‍ ഒരു ആള്‍ വന്നു ഞങ്ങള്‍ക്ക് വിലപറഞ്ഞു …. കൂടെ വേറെ കുറെ ആള്‍ക്കാരെയും അയാള്‍ പറഞ്ഞ വിലകൊടുത്തു വാങ്ങി .. ഇനി എന്താകും എന്നൊന്നും മനസിലാകുന്നില്ല … ജീവിതത്തിന്റെ അവസാനനിമിഷങ്ങള്‍ എണ്ണപ്പെട്ടു എന്നൊരു തോന്നല്‍… അതെ അത് വളരെ വാസ്തവം ആയിരുന്നു… കൂടെ ഒന്നിച്ചു ബന്ധിക്കപ്പെട്ടവര്‍ക്കു ഒരു ആശ്വാസവാക്കു പോലും പറയാന്‍ കഴിയുന്നില്ല… മനസും ശരീരവും ഒരുപോലെ തളര്‍ന്നിരിക്കുന്നു… ഭയം മനസിനെ കാര്‍ന്നു തിന്നു കഴിഞ്ഞിരിക്കുന്നു. പൊന്നും വിലകൊടുത്തു വാങ്ങിയ ഞങ്ങളെ വെറുതെ വിടാന്‍ അയാള്‍ക്ക് ഭാവം ഇല്ല എന്ന് ഉറപ്പാണ്… ഇങ്ങനെ കൊന്നു ആനന്ദിക്കാന്‍ നിന്ന് കൊടുക്കാന്‍ ആണോ ഈശ്വരാ ഞങ്ങളെ പടച്ചത്.. പഴിച്ചിട്ടു കാര്യം ഒന്നുംതന്നെ ഇല്ല ….

ഇവിടുന്നു രക്ഷപെടാന്‍ എന്താണ് മാര്‍ഗം എന്ന് നോക്കി പുറത്തേക്കു ചാടാന്‍ വെമ്പിനിന്ന കൂട്ടത്തില്‍ പെട്ട ഒരുത്തനെ അയാള്‍ വലിച്ചു തനിയെ പുറത്തേക്കിട്ടു… ഞങ്ങളുടെ കണ്മുന്നില്‍ ഇട്ടു അവനെ നിഷ്‌കരുണം കൊന്നുതള്ളി … ഇനി ആര് … അതാ ആ കൈകള്‍ നീണ്ടു വരുന്നു …. ഇത്തവണ അയാളുടെ മുഖത്തു അല്പം ഭയം നിഴലിച്ചു… അല്പം വിലക്കൂടുതല്‍ കൊടുത്തു വാങ്ങിയ മറ്റൊരു ചേട്ടനെ എടുത്തു… ആള് ഇച്ചിരെ മുറ്റാ…. പക്ഷെ കാര്യം ഉണ്ടായില്ല … വലിയൊരു അലര്‍ച്ചയ്യോടെ മരണത്തിനു മുന്നില്‍ കീഴടങ്ങാനെ കഴിഞ്ഞുള്ളു…

ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന എല്ലാവരെയും നിമിഷങ്ങള്‍ക്കൊണ്ടു അയാള്‍ കൊന്നു തള്ളി… അതില്‍ അതിയായ ആനന്ദം കൊണ്ടു… ഇനി അവശേഷിക്കുന്നത് ഞങ്ങള്‍ മാത്രം… കേവലം 20 പേരോളം അടങ്ങുന്ന ഞങ്ങളുടെ കൂട്ടം… ആര്‍ക്കും ഒന്നും ചെയ്യാന്‍ ആകാത്തവിധം കൈകള്‍ കൂട്ടിക്കെട്ടിയിരിക്കുന്നു… പലരുടെയും കൈകള്‍ മുറിഞ്ഞിട്ടും ഒടിഞ്ഞിട്ടും ഉണ്ട്… നിസഹായത തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷം… ഇത്തവണ അയാള്‍ ഞങ്ങളെ കൊല്ലാന്‍ ഉള്ള അവസരം തന്റെ മകന് വെച്ച് നീട്ടുകയാണ്… നന്മയും നേര്‍വഴിയും മക്കള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട മാതാപിതാക്കള്‍ തന്നെ ഇങ്ങനെ തുടങ്ങിയാലോ ….

‘കെട്ടഴിച്ചു ഇങ്ങു നിരത്തി നിറുത്തിതാ അച്ഛാ’ മകന്‍ ആക്രോശിച്ചു… ‘ഇവര്‍ ഒക്കെ ചെറിയ പിള്ളേര് മോനെ ഇവനെ ഒക്കെ ഒറ്റക്ക് ഒറ്റക്ക് കൊല്ലാന്‍ നിന്നാല്‍ സമയം പാഴാകും… നിന്റെ കൊച്ചച്ചന്‍ ഇനിയും കുറെ ആള്‍ക്കാരെ കൊണ്ടുവരുമെന്ന പറഞ്ഞെ’…. ആ ചെക്കന്റെ മുഖത്തൊരു കൊലച്ചിരി വിടര്‍ന്നു…. ഞങ്ങളെ അടപടലം കൊന്നുതള്ളാന്‍ ഉള്ള നീക്കമായിരുന്നു അടുത്തതായി നടന്നത്… നിരത്തിനിറുത്തിയ ഞങ്ങള്‍ക്കുനേരെ ആ പയ്യന്‍ വല്ലാത്ത ഒരു മുഖഭാവത്തോടെ നടന്നടുത്തു..

‘ഇങ്ങനെ അല്ലെ പേടി മാറുന്നെ’ എന്ന് ചോദിച്ചുകൊണ്ട് ആ പിതാവ് അവനെ പിന്‍താങ്ങി… തന്റെ കയ്യിലുള്ള വലിയ പന്തം കൊണ്ടു അവന്‍ മുന്നില്‍ നിന്ന എന്റെ സുഹൃത്തിന്റെ കൈയിലേക്ക് അന്ഗ്‌നിയുടെ അസ്ത്രം തൊടുത്തുവിട്ട… എല്ലാം അവസാനിക്കാന്‍ പോകുന്നു… ഞാന്‍ ഒന്ന് കുതറിനോക്കി… ഇല്ല കെട്ട് നല്ല ബലത്തില്‍ തന്നെ ആണ്.. മുന്നിലുള്ളവര്‍ ഓരോന്നായി എരിഞ്ഞു ചാമ്പലായിക്കൊണ്ടിരിക്കുന്നു… കാതടപ്പിക്കുന്ന ശബ്ദം… ഒന്നുകൂടെ അവസാനം ആയി ശ്രമിച്ചുനോക്കി .. കൈകള്‍ പറിഞ്ഞു പോകുന്ന വേദന… ഇല്ല എനിക്ക് രക്ഷപ്പെടണം…

തൊട്ടടുത്ത് നിന്നവനിലേക്ക് തീ എത്തിക്കഴിഞ്ഞു… വലിയ ശബ്ദത്തോടെ അവന്‍ പൊട്ടിത്തെറിച്ചു… ഒപ്പം അവസാന സഹായം എന്നോണം അവന്‍ എന്നെ ഒന്ന് തള്ളി… ഞാന്‍ ഒന്ന് ആഞ്ഞുകുതറി… തലനാരിഴടക്കുള്ള രക്ഷപെടല്‍… പക്ഷെ എന്റെ കൈ മുറിഞ്ഞു ശരീരത്തില്‍ നിന്നും വേര്‍പെട്ടിരിക്കുന്നു…

ജീവന്‍ എങ്കിലും തിരിച്ചു കിട്ടിയല്ലോ… എല്ലാവരും തന്റെ കണ്മുന്നില്‍വെച്ചു എരിഞ്ഞു അമര്‍ന്നു…എങ്ങും നിശബ്ദത… ഇല്ല ഇനി എനിക്കൊരു തിരിച്ചു വരവില്ല… മരണം ഭിക്ഷതന്ന ജീവിതവുമായി .. ഈ യുദ്ധഭൂമിയില്‍ … ശവശശരീരങ്ങള്‍ക്കിടയില്‍ അനങ്ങാതെ കിടന്നു ….

പലവട്ടം തീപ്പൊരികള്‍ അടുത്ത് വന്നു പതിച്ചു… ആ മുറിഞ്ഞകൈയില്‍ ഒരു തീനാമ്പു മതി… എന്നിട്ടു അതെല്ലാം തന്നെ ബാധിക്കാതെ കടന്നു പോകുന്നു… എല്ലാം കെട്ടടങ്ങി…

മരണം വിതച്ച ആ താഴ്വരയില്‍ അങ്ങനെ കിടക്കുമ്പോള്‍ അകലെ നിന്നൊരു ശബ്ദം… അതാ 2 കുട്ടികള്‍ വരുന്നു അവരുടെ സംസാരം എന്റെ കാതില്‍ വന്നു പതിച്ചു… ‘ ഞാന്‍ പറഞ്ഞില്ലേ നമുക്കുവേണ്ടി കുറെ പൊട്ടാത്ത പടക്കങ്ങള്‍ ഉണ്ടാകുമെന്നു… ഇതെലാം പെറുക്കി വീട്ടില്‍ കൊണ്ടുപോയി പൊട്ടിക്കാം… ചിന്നൂട്ടിക്ക് സന്തോഷം ആകും ‘

ഇത്തവണ എനിക്ക് ഒളിക്കാന്‍ തോന്നിയില്ല … പകരം തന്റെ മുറിഞ്ഞ കൈകള്‍ അവര്‍ക്കു കാണാന്‍ പാകത്തിന് പുറത്തേക്കു നീട്ടി വെച്ചങ്ങനെ കിടന്നു … തന്‍ എന്നെന്നേക്കുമായി പൊട്ടി തകരുമ്പോള്‍ , കൃത്രിമകാലുവെച്ചു കോലായില്‍ ചാരിനില്‍ക്കുന്ന ആ കുഞ്ഞുമുഖത്തേക്കൊന്നു നോക്കി… ഇരുകൈകള്‍ക്കൊണ്ടു ചെവിപൊത്തി കണ്ണടച്ച് നില്‍ക്കുകയാണവള്‍, പക്ഷെ ആ മുഖത്തു ഒരു പുഞ്ചിരി കാണാമായിരുന്നു!!!!!


എഴുത്ത്- ജിബിന്‍ ജോസ് (ക്വാളിറ്റി അനലിസ്റ്റ്, ചെന്നൈ)

literaturemalayalam short storyshort story
Comments (0)
Add Comment