പൊള്ളലേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൊള്ളലേല്‍ക്കുക എന്നത് സാധാരണമായി സംഭവിക്കുന്ന അപകടങ്ങളില്‍ ഒന്നാണ്. പൊള്ളലേറ്റ ഭാഗത്ത് ചുവക്കുകയും തടിക്കുകയും ചെയ്യുന്നതാണ് ഫസ്റ്റ് ഡിഗ്രി പൊള്ളല്‍. ചര്‍മ്മത്തിന് നേരിയ നിറവ്യത്യാസവും കാണും. ചര്‍മ്മത്തിന്റെ പകുതിയോളം ആഴത്തില്‍ പരിക്ക് പറ്റുന്ന പൊള്ളലാണ് സെക്കന്‍ഡ് ഡിഗ്രി പൊള്ളല്‍. ഇത്തരത്തില്‍ പൊള്ളിയാല്‍ തൊലിപുറത്ത് കുമിളകള്‍ രൂപപ്പെടും. തൊലി കരിഞ്ഞുപോകുന്ന അവസ്ഥയാണ് തേര്‍ഡ് ഡിഗ്രി പൊള്ളല്‍. ഇതുമൂലം ചര്‍മ്മത്തിലെ നാഡികള്‍, പേശികള്‍, എന്നിവയ്ക്ക് പരിക്കേല്‍ക്കാം. 

ഫസ്റ്റ് ഡിഗ്രി പൊള്ളലാണെങ്കില്‍ ഡോക്ടറെ കാണണമെന്ന് നിര്‍ബന്ധമില്ല. മറിച്ച് സെക്കന്‍ഡ്, തേര്‍ഡ് ഡിഗ്രി പൊള്ളലുകളാണെങ്കില്‍ വൈദ്യസഹായം തേടുന്നതാണ് നല്ലത്. പൊള്ളലേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പൊള്ളിയ ഭാഗത്തെ കഴുകുകയാണ്. കൈകൊണ്ട് ഉരസാതെ പൈപ്പിന്‍ ചുവട്ടില്‍ പൊള്ളലേറ്റ ഭാഗം വെക്കുക. ശുദ്ധജലം കൊണ്ട് മാത്രമേ കഴുകാവൂ. ഇത്തരത്തില്‍ 20 മിനിറ്റോളം പൈപ്പിന് ചുവട്ടില്‍ വെക്കാവുന്നതാണ്. കുമിളകള്‍ രൂപപ്പെട്ടുവെങ്കില്‍ അത് പൊട്ടാതെ സൂക്ഷിക്കണം. 

ആശുപത്രിയിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ പൊള്ളിയ ഭാഗം വൃത്തിയുള്ള പൊളിത്തീന്‍ കവര്‍ കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുക. പൊള്ളലേറ്റ ഭാഗത്ത് വീണ്ടും ചൂടേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വെയില്‍ കൊള്ളുന്നതും ഒഴിവാക്കണം. ഒരു കാരണവശാലും പേസ്റ്റ്, തേന്‍, ഐസ്, വെണ്ണ എന്നിവ പൊള്ളിയ ഭാഗത്ത് വെക്കാതിരിക്കുക. ഇങ്ങനെ ചെയ്യുന്നത് ചിലപ്പോള്‍ അണുബാധയുണ്ടാകാന്‍ കാരണമാകും. മാത്രവുമല്ല, പേസ്റ്റ് പോലുള്ള വസ്തുക്കള്‍ പുരട്ടിയിട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ എത്തി ചികിത്സ നല്‍കാന്‍ പ്രയാസവുമാകും.

Burns Injurieshealth
Comments (0)
Add Comment