ആഗോള ഉപഭോക്തൃ ഉത്പന്ന കമ്പനിയായ യൂണിലിവറിന്റെ നേതൃനിരയിലേക്ക് മലയാളി വനിത. യൂണിലിവർ ലീഡർഷിപ്പ് എക്സിക്യൂട്ടിവിലേക്കാണ് പ്രിയ നായർ എന്ന മലയാളി നിയമിതയായത്. ബ്യൂട്ടി ആൻഡ് വെൽബീയിങ് വിഭാഗം പ്രസിഡന്റായി പ്രിയ 2024 ജനുവരി 1ന് ചുമതലയേൽക്കും. കൺസ്യൂമർ മാർക്കറ്റിങ്ങിലെ 21 വർഷത്തെ അനുഭവസമ്പത്താണ് ഈ നേട്ടം കൈവരിക്കാൻ സഹായമായത്.ഈ സ്ഥാനത്തേക്കെത്തുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ സ്ത്രീയാണ് പ്രിയ നായർ.
പാലക്കാട് സ്വദേശിയായ ലീന നായർ ആണ് ഇതിനു മുൻപ് കമ്പനിയുടെ നേതൃ നിരയിലുണ്ടായിരുന്നത്. 1995ലാണ് ആദ്യമായി പ്രിയ നായർ ഹിന്ദുസ്ഥാൻ യൂണിലിവറിൽ എത്തുന്നത്. സർഫ്, വീൽ, ആക്സ്, ഡവ്, ക്ലോസ്അപ് തുടങ്ങി അനവധി ബ്രാന്‍ഡുകളെ ഉയർച്ചയിലേക്കു നയിച്ചതിനു പിന്നിൽ പ്രിയയുടെ പ്രയത്നമുണ്ട്. കൊമേഴ്സിൽ ഡിഗ്രിയും മുംബൈയിലെ സിംപയോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എം.ബി.എയും നേടിയ പ്രിയ ഫോർച്യൂൺ ഇന്ത്യ പ്രസിദ്ധീകരിച്ച ബിസിനസ് മേഖലയിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ഡോക്ടറായ തന്റെ അമ്മയാണ് ഏറ്റവും വലിയ പ്രചോദനമെന്ന് മുൻപ് നൽകിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു. ചിത്രരചനയും വായനയുമാണ് പ്രിയയുടെ വിനോദം, സിനിമകളുമേറെയിഷ്ടം.