മറഡോണ ഗോളടിച്ച പന്ത് ലേലത്തിന്

ഫുട്‍ബോൾ ഇതിഹാസം മറഡോണ കുപ്രസിദ്ധമായ ‘ദൈവത്തിന്റെ കൈകൾ’ എന്നറിയപ്പെടുന്ന ലോകകപ്പ് ഗോൾ നേടിയ പന്ത് ലേലത്തിന് വയ്ക്കുന്നു. 1986 ലോകകപ്പ് ഫുട്‍ബോളിൽ ഇംഗ്ലണ്ടിനെതിരെയാണ് മറഡോണയുടെ ഈ വിവാദ ഗോൾ പിറന്നത്. 3 ദശലക്ഷം പൗണ്ടോളം ലേലത്തിലൂടെ വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ലേല നടപടികൾ നവംബർ 16ന് ആരംഭിക്കും. ഇത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 28 മുതൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ലേലകമ്പനി ഗ്രഹാം ബഡ് വ്യക്തമാക്കി. “പന്തുമായി ബന്ധപ്പെട്ട വലിയൊരു ചരിത്രം ഉള്ളതിനാൽ, ഇത് വളരെ ജനപ്രിയമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” കമ്പനി പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. 

1986ലെ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം അത്യധികം ആവേശകരമാവാൻ കാരണം ഇരു രാജ്യങ്ങൾക്ക് ഇടയിലും ഫുട്‍ബോളിന് പുറത്ത് നടന്ന ഫ്രാങ്ക്‌ലാൻഡ് യുദ്ധം ഉൾപ്പെടെയുള്ള സംഭവ വികാസങ്ങളായിരുന്നു. പ്രസ്‌തുത ലോകകപ്പിനും നാല് വർഷങ്ങൾക്ക് മുൻപ് ഫ്രാങ്ക്‌ലാൻഡ് ദ്വീപ് അടക്കമുള്ള പ്രദേശങ്ങൾക്ക് വേണ്ടി അർജന്റീനയും, ഇംഗ്ലണ്ടും തമ്മിൽ നടത്തിയ അപ്രഖ്യാപിത യുദ്ധം ലോകകപ്പ് വേദിയിലും പ്രതിഫലിച്ചു.

എന്നാൽ ഈ മത്സരം എക്കാലവും അറിയപ്പെടാൻ കാരണം മത്സരത്തിൽ പിറന്ന രണ്ട് വൈരുധ്യങ്ങളായ ഗോളുകളാണ്. ലോകകപ്പ് വേദിയിൽ കൈകൊണ്ട് ഗോൾ നേടിയെന്ന അപവാദം മായ്ച്ചു കളയാൻ കേവലം നാല് മിനിറ്റുകൾക്ക് ശേഷം ഫുട്‍ബോൾ ദൈവങ്ങൾ മറഡോണയ്ക്ക് ‘നൂറ്റാണ്ടിലെ ഗോൾ’ കൂടി ആശീർവദിച്ചു നൽകിയതോടെ മത്സരം ചരിത്രത്തിൽ ഇടം നേടി. 

കുപ്രസിദ്ധമായ തന്റെ ഗോളിനെക്കുറിച്ച് മറഡോണ അന്ന് പറഞ്ഞതിങ്ങനെയാണ് “കുറച്ച് മറഡോണയുടെ തല കൊണ്ട്, കുറച്ച് ദൈവത്തിന്റെ കൈകൾ കൊണ്ടും”. പിൽക്കാലത്ത് ഈ ഗോളും മത്സരത്തിലെ 2-1 വിജയവും ഫ്രാങ്ക്‌ലാൻഡ് യുദ്ധത്തിലെ തോൽവിക്കുള്ള പ്രതികരമാണെന്നും മറഡോണ പറഞ്ഞിരുന്നു. നേരത്തെ മെയ് മാസത്തിൽ 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മറഡോണ അണിഞ്ഞ ജേഴ്‌സി ഏകദേശം 9.3 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റുപോയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പന്തും ലേലം ചെയ്യാൻ ഒരുങ്ങുന്നത്. 
 

FootballMaradona
Comments (0)
Add Comment