സിനിമ കഴിഞ്ഞാൽ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഏറെ ഇഷ്ടം വാഹനങ്ങളോടും കൂളിംഗ് ഗ്ലാസ്സുകളോടുമാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അദ്ദേഹം പങ്കുവച്ച കാര്യം സൈബർ ഇടങ്ങളിൽ കൗതുകത്തോടെ പങ്കിടുകയാണ് ആരാധകർ.
മോഹൻലാലിന്റെ കല്യാണത്തിന് പങ്കെടുക്കുമ്പോൾ വച്ചിരുന്ന കണ്ണാടിയാണ് വർഷങ്ങൾക്കിപ്പുറം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജാവേളയിലും വച്ചതെന്ന് പറയുകയാണ് മമ്മൂട്ടി. പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ള ജുബ്ബയും മുണ്ടും കണ്ണടയും വച്ച് കാറിൽ മോഹൻലാലിന്റെ കല്യാണത്തിന് എത്തുന്ന വിഡിയോ ഇപ്പോഴും ഹിറ്റാണ്. സംഘം സിനിമയുടെ ലൊക്കേഷനിൽ നിന്നായിരുന്നു അന്ന് മമ്മൂട്ടിയുടെ വരവ്. 1988ലായിരുന്നു മോഹൻലാലിന്റെ വിവാഹം.പഴയ കൂളിങ് ഗ്ലാസ് മാത്രമല്ല വസ്ത്രങ്ങളും അതുപോലെ തന്നെ താരം സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. 1993ൽ ബോക്സർ മുഹമ്മദ് അലിക്കൊപ്പമുള്ള ചിത്രത്തിൽ മമ്മൂട്ടി ധരിച്ചിരുന്ന ഷർട്ട് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അഭിമുഖത്തിനിടെ സഞ്ജു ശിവറാമും പറയുകയുണ്ടായി.