പെര്‍ഫ്യൂമുകള്‍ക്ക് വിട; ശരീരത്തില്‍ സുഗന്ധം പരത്താന്‍ ഇനി കെപ്പല്‍ പഴങ്ങള്‍…

ദിവസവും പെര്‍ഫ്യൂമുകളും ഡിയോഡറണ്ടുകളും മാറി മാറി ഉപയോഗിക്കുന്നവരാണ് നമ്മള്‍ യുവജനങ്ങള്‍. സുഗന്ധത്തെ കൂടെ കൂട്ടിയില്ലെങ്കില്‍ എന്തോ തീരെ കോണ്‍ഫിഡന്‍സ് ഇല്ലാത്ത അവസ്ഥയാണ് പലര്‍ക്കും. വിയര്‍പ്പുനാറ്റമുണ്ടാകുമോ എന്ന ഭയം തന്നെ കാരണം.

എന്നാല്‍ ദിവസേന ഇത്തരം കൃത്രിമ സുഗന്ധങ്ങളുപയോഗിക്കുന്നത് ചര്‍മ്മത്തിന് ഹാനികരമാണെന്നും നമുക്കറിയാം. എന്നാല്‍ ഒരു പഴം കഴിച്ച് ശരീരത്തില്‍ സുഗന്ധം നിലനിര്‍ത്തുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ. എന്നാല്‍ അങ്ങനെയൊരു പഴമുണ്ട്. കെപ്പല്‍ എന്ന ഇന്തോനീഷ്യന്‍ പഴം.

അപൂര്‍വ സസ്യജാലങ്ങളുടെ പറുദീസയാണ് ഇന്തോനീഷ്യ. അവിടെ നിന്നെത്തിയ ഫലസസ്യമാണ് കെപ്പല്‍. കെപ്പല്‍ പഴങ്ങള്‍ കഴിച്ചശേഷം മനുഷ്യശരീരത്തുനിന്നും ഉണ്ടാകുന്ന വിയര്‍പ്പിനും മറ്റും സുഗന്ധദ്രവ്യങ്ങളുടെ മണം അനുഭവപ്പെടുമെന്നതാണ് ഇതിന്റെ പ്രത്യേകത. സുഗന്ധമുണ്ടാക്കുന്നതിനാല്‍ ‘പെര്‍ഫ്യൂം ഫ്രൂട്ട്’ എന്നും കെപ്പല്‍ പഴങ്ങള്‍ അറിയപ്പെടുന്നു. ഇന്ത്യയിലും ഇപ്പോള്‍ വന്‍തോതില്‍ ഇതിന്റെ ചെടികള്‍ ലഭ്യമാണ്

ഇരുപത്തഞ്ചു മീറ്ററോളം ഉയരെ മുകള്‍ഭാഗത്ത് ശിഖരങ്ങളായികാണപ്പെടുന്ന നിത്യഹരിത സസ്യമാണ് കെപ്പല്‍. തായ്ത്തടിയിലും വലിയ ശാഖകളിലും ഗോളാകൃതിയുള്ള കായ്കള്‍ കൂട്ടത്തോടെ വിരിയുന്നു.

പുറം തൊലി മഞ്ഞ നിറമാകുന്നതോടെ പഴങ്ങള്‍ ശേഖരിച്ച് നേരിട്ടു കഴിക്കാം. മാമ്പഴങ്ങള്‍ക്ക് സമാനമായ രുചിയാണിതിന്. വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും ഇത് പ്രതിവിധിയായി കരുതിവരുന്നുണ്ട്.

കെപ്പല്‍പ്പഴങ്ങളില്‍നിന്ന് എടുക്കുന്ന ചെറു വിത്തുകളാണ് നടുന്നത്. ഇവ മരമായി വളര്‍ന്നു ഫലംതരാന്‍ എട്ടു വര്‍ഷമെങ്കിലും എടുക്കും. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ പഴവര്‍ഗ സ്‌നേഹികളായ കര്‍ഷകര്‍ വന്‍തോതില്‍ കപ്പല്‍ തോട്ടത്തില്‍ വളര്‍ത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ സുഗന്ധ സ്‌നേഹികള്‍ കെപ്പല്‍ പഴം തേടി ഇറങ്ങിക്കോളൂ…

kepel fruitperfume and deoderantperfume fruitperfumes
Comments (0)
Add Comment