“ജവാൻ” ഷൂട്ടിംഗ് പൂർത്തിയായി; സെറ്റിലെ ഓർമ്മകൾ പങ്കുവെച്ച് ഷാരൂഖ് ഖാൻ

തമിഴ് സംവിധായകൻ അറ്റ്‍ലീ ഒരുക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ ഷൂട്ടിംഗ് പൂർത്തിയാക്കി. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. 

‘മനോഹരമായ 30 ദിവസങ്ങൾ, തലൈവർ ഞങ്ങളുടെ സെറ്റിനെ അനുഗ്രഹിച്ചു. നയൻതാരയ്‌ക്കൊപ്പം സിനിമ കണ്ടു. അനിരുദ്ധിനൊപ്പം പാർട്ടിയിൽ പങ്കെടുക്കുകയും വിജയ് സേതുപതിയുമായി നീണ്ട ചർച്ചകളും നടന്നു. ദളപതി വിജയ് എനിക്ക് ഭക്ഷണം വിളമ്പി. അറ്റ്ലീയ്ക്കും ഭാര്യ പ്രിയക്കും നന്ദി അറിയിക്കുന്നു. ഇനി നിങ്ങൾ ചിക്കൻ 65 ഉണ്ടാക്കാൻ പഠിക്കണം’ ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, തമിഴിലെയും ഹിന്ദിയിലെയും ഒരുപിടി താരങ്ങൾക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്. വില്ലൻ വേഷത്തിലാവും സേതുപതി അഭിനയിക്കുക എന്നാണ് സൂചന. ഇതിന് പുറമെ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിൽ ദളപതി വിജയ് അതിഥി വേഷത്തിൽ എത്തുമെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. 

ഹിന്ദിക്ക് പുറമെ തമിഴ്, മലയാളം, തെലുഗ്, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ജവാൻ പ്രേക്ഷകർക്ക് മുന്നിലെത്തുക. അടുത്ത വർഷം ജൂൺ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഏറെക്കാലമായി ഹിറ്റ് ഇല്ലാതിരിക്കുന്ന ഷാരൂഖ് ഖാന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ‘ജവാൻ’ എന്ന ചിത്രത്തെ നോക്കി കാണുന്നത്. ചിത്രത്തിലൂടെ ബോളിവുഡിലേക്കുള്ള കിംഗ് ഖാന്റെ തിരിച്ചുവരവ് കൂടി ആരാധകർ സ്വപ്‌നം കാണുന്നു. 

AtleeJawanShahrukh Khan
Comments (0)
Add Comment