ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം; ഇന്ന് ജയിക്കുന്നവർക്ക് പരമ്പര

കഴിഞ്ഞ കളിയിലെ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസവുമായി മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. മൂന്ന് മത്സര പരമ്പരയിൽ ഇരു ടീമുകളും ഓരോ ജയങ്ങളുമായി ഒപ്പത്തിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ മത്സരം നിർണായകമാണ്. 

റാഞ്ചിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ശ്രേയസ് അയ്യരും ഇഷാൻ കിഷനും ചേർന്ന് മികച്ച പ്രകടനം നടത്തിയതിന്റെ ബലത്തിൽ ഇന്ത്യ ജയിച്ചിരുന്നു. ആദ്യ ഏകദിനം ഒൻപത് റൺസിന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു. ടി-20 ലോകകപ്പ് സ്‌ക്വാഡിലേക്ക് വിളി കാത്തിരിക്കുന്ന മുഹമ്മദ് സിറാജിന് ഇന്നത്തേത് അവസാന അവസരമാണ്. 

മുൻനിര പേസർ ജസ്‌പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ സിറാജിന് ഓസ്‌ട്രേലിയയിലേക്ക് ക്ഷണം ഉറപ്പാണ്. മറ്റൊരു സാധ്യതയായ ദീപക് ചഹാറിനും പരിക്കേറ്റതിനാൽ സിറാജ് പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതേസമയം ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ എന്നിവർക്ക് അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്കുള്ള വഴി തുറക്കാനും മൂന്നാം ഏകദിനം അവസരമൊരുക്കും.

മറുഭാഗത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ഇത് നിലനിൽപിന് വേണ്ടിയുള്ള പോരാട്ടമാകും. പരമ്പര മികച്ച നിലയിൽ പൂർത്തിയാക്കാനും ഇത് വഴി ഏകദിന ലോകകപ്പിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനുമാണ് അവരുടെ ശ്രമം. സൂപ്പർ ലീഗ് ടേബിളിൽ ആദ്യ എട്ട് സ്ഥാനക്കാർക്ക് മാത്രമാണ് നേരിട്ട് ലോകകപ്പ് പ്രവേശനം സാധ്യമാവുക. നിലവിൽ ലീഗ് ടേബിളിൽ 59 പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. അതിനാൽ തന്നെ ജയത്തോടെ പരമ്പര അവസാനിപ്പിക്കാനാവും ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുക. 

cricketINDIASouth Africa
Comments (0)
Add Comment