അവകാശ രേഖകൾ നൽകാനെത്തി, കുപ്പിവളകൾ ഊരി നൽകി ദിവ്യ എസ് അയ്യർ: കുപ്പിവള കിലുക്കം പോലെ മധുരതരം

പത്തനംതിട്ട സ്വദേശിയും ഭിന്നശേഷിക്കാരിയായ ജ്യോതിക്ക് ജീവിതത്തിൽ പുത്തൻ പ്രതീക്ഷകളേകിക്കൊണ്ട് ജില്ലാ കളക്ടറായ ഡോക്ടർ ദിവ്യ എസ് അയ്യർ നേരിട്ട് ജ്യോതിയെ കാണാനെത്തി. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ജ്യോതിക്ക് ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുന്നതിനായിരുന്നു ഈ സന്ദർശനം. എന്നാൽ തനിക്കരികിലെത്തി ചേർത്തുപിടിച്ച കളക്ടറുടെ കയ്യിലെ കുപ്പിവളകളിലാണ് ജ്യോതിയുടെ കണ്ണുടക്കിയത്. കുപ്പിവളക്കിലുക്കം കേട്ട് സന്തോഷിച്ച ജ്യോതിക്ക് തെല്ലും മടിക്കാതെ തന്റെ വളകൾ കളക്ടർ ഊരി നൽകി.

Image Credit: District Collector Pathanamthitta /Facebook page

ഒരു മുത്തുമാല കൂടി വേണമെന്ന് ജ്യോതി കളക്ടറോട് പറഞ്ഞെങ്കിലും മുത്തുമാല കളക്ടറുടെ പക്കൽ ഇല്ലാതിരുന്നതുകൊണ്ട് ആ ആഗ്രഹം മാത്രം നടന്നില്ല. എന്നാൽ നല്ല പുതുപുത്തൻ വസ്ത്രങ്ങൾ കൈയ്യിൽ വച്ചു കൊടുത്തതോടെ മുത്തുമാല കിട്ടാത്ത വിഷമം മറന്ന് ജ്യോതി കളക്ടറെ കെട്ടിപ്പിടിച്ചു. കൊച്ചു കുഞ്ഞിനെ പോലെ തനിക്കരികിൽ ചേർന്നിരുന്ന ജ്യോതിയുടെ നെറുകയിൽ ചുംബിച്ചു കൊണ്ടാണ് ദിവ്യ എസ്. അയ്യർ സ്നേഹമറിയിച്ചത്.ബാബു വർഗീസ് എന്ന വ്യക്തിയിലൂടെയാണ് കളക്ടർ ജ്യോതിയുടെയും സഹോദരി ഗിരിജയുടെയും ജീവിത ദുരിതത്തെക്കുറിച്ച് അറിഞ്ഞത്.

ജന്മനാ ഭിന്നശേഷിയുള്ള ജ്യോതിയുടെ താങ്ങും തണലും ഗിരിജയാണ്. ഭർത്താവും സഹോദരനും ഉപേക്ഷിച്ചു പോയിട്ടും കൂലിപ്പണി എടുത്തും തൊഴിലുറപ്പ് ചെയ്തുമെല്ലാം ഗിരിജ അനുജത്തിയെ തന്നാലാവും വിധം പൊന്നുപോലെ നോക്കുന്നുണ്ട്. ഗിരിജ പണിക്കു പോകുന്ന സമയത്ത് സ്വന്തമായി ദിനചര്യ ചെയ്യാൻ പോലും സാധിക്കാത്ത ജ്യോതിയെ മുറിയിൽ തനിച്ചാക്കി കൂട്ടിന് രണ്ട് വളർത്തു നായകളെയും കാവൽ നിർത്തും.

Image Credit: District Collector Pathanamthitta /Facebook page

ഇവരുടെ കഥ കേട്ട കളക്ടർ ഉടൻതന്നെ വേണ്ട സഹായങ്ങൾ എത്തിക്കാനുള്ള നടപടികൾ കൈകൊണ്ടു. ജ്യോതിക്ക് ആവശ്യമായ അവകാശ രേഖകളെല്ലാം കയ്യിൽ കരുതി കൊണ്ടായിരുന്നു ദിവ്യ എസ്. അയ്യർ ഇവരുടെ വീട്ടിലെത്തിയത്. പുതിയ റേഷൻ കാർഡും തൽസമയം എൻട്രോൾ ചെയ്ത് ആധാർ കാർഡും കൈമാറി. കളക്ടറുടെ അധ്യക്ഷതയിൽ നാഷണൽ ട്രസ്റ്റ് ആക്ടിനു കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക തല സമിതി ഗൃഹസന്ദർശനവും ഭിന്നശേഷി വിലയിരുത്തലും നടത്തിക്കഴിഞ്ഞതോടെ ഇനി നിയമപരമായി ജ്യോതിക്ക് രക്ഷാകർതൃത്വവും ലഭിക്കും.

പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ജ്യോതിക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കിയ വിവരം ചിത്രങ്ങൾസഹിതം ദിവ്യ എസ് അയ്യർ പങ്കുവച്ചിരിക്കുന്നത്.

collector divyadivyadivya s iyyerdivya s iyyer photogoodnews malayalamkerala newslatest malayalam newsmalayalam newsmotivation malayalamnews malayalampathanamthittapathanamthitta collectorsamsaaram tvsamsaaram.comsamsaramviral malayalam
Comments (0)
Add Comment