സാമന്ത ചിത്രം ‘യശോദ’യുടെ ട്രെയ്‌ലർ റിലീസ് 27ന്

പാൻ ഇന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ  കാത്തിരിക്കുന്ന സാമന്തയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘യശോദ’യുടെ ട്രെയ്‌ലർ  ഒക്ടോബർ 27ന് പുറത്തിറങ്ങും. ടീസർ റിലീസ് ചെയ്തതോടെ ദേശീയതലത്തിൽ വലിയ ചർച്ചയായിരുന്ന യശോദയുടെ ട്രെയ്‌ലറിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികൾ.

ഈ ബഹുഭാഷാ ചിത്രത്തിന് നിരവധി പാൻ-ഇന്ത്യൻ താരങ്ങളുടെ പിന്തുണ ലഭിച്ചുകഴിഞ്ഞു. തെലുങ്കിൽ വിജയ് ദേവരകൊണ്ട, തമിഴിൽ സൂര്യ, കന്നഡയിൽ രക്ഷിത് ഷെട്ടി, മലയാളത്തിൽ ദുൽഖർ സൽമാൻ, ഹിന്ദിയിൽ വരുൺ ധവാൻ എന്നിവരുടെ പിന്തുണ യശോദയ്ക്കുണ്ട്. ഇത്രയും താരങ്ങൾ അവരുടെ ഭാഷകളിൽ ഇന്ന് ട്രെയിലർ ലോഞ്ച് ചെയ്യുന്നതോടെ വലിയൊരു തരംഗം തന്നെ സൃഷ്ടിക്കുമെന്ന് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്. 

ഉദ്വേഗഭരിതമായ ഈ ആക്ഷൻ ത്രില്ലറിൽ സാമന്ത അവതരിപ്പിക്കുന്ന യശോദ എന്ന കഥാപാത്രം ഗർഭിണിയാണ്. സാമന്ത ചെയ്തിരിക്കുന്ന സ്റ്റണ്ടുകൾ എല്ലാവരെയും അമ്പരിപ്പിക്കുന്നതാണ്. 2022 നവംബർ 11-ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. 

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിൽ റിലീസ് ചെയ്യുന്ന യശോദ, ശ്രീദേവി മൂവീസിൻ്റെ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമ്മിച്ചിരിക്കുന്നു. ഹരിയും ഹരീഷും ചേർന്നാണ് സംവിധാനം. ജനപ്രിയ താരങ്ങളായ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശക്തമായ സാങ്കേതിക സംഘം പിന്നണിയിൽ പ്രവർത്തിക്കുന്നു. സംഗീതം-മണി ശർമ്മ, ഛായാഗ്രഹണം -എം സുകുമാർ , എഡിറ്റർ -മാർത്താണ്ഡം കെ വെങ്കിടേഷ് , പിആർഒ- ആതിര ദിൽജിത്ത്.

new samantha moviePan India Moviesamanthasamantha movie updatesYashodha
Comments (0)
Add Comment