സമയം ക്രമീകരിക്കാം… പഠനവും ജോലിയും എളുപ്പമാക്കാം

പഠിക്കാന്‍ വളരെ കൂടുതലുണ്ട് എന്നാല്‍ സമയം തീരെയില്ല എന്നത് പരീക്ഷയാകുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പതിവായി കേള്‍ക്കുന്ന ഒരു പരാതിയാണ്. ഇതിനാല്‍ സമയക്രമീകരണം എന്നത് പരീക്ഷാക്കാലത്ത് മാനസികാവസ്ഥയെ നേരിട്ട് ബാധിക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ്.

ഒരു ജോലി തുടങ്ങാനും തുടരാനും ഉള്ള പ്രയാസത്തെക്കുറിച്ച് നമ്മള്‍ ചിന്തിച്ച് കൂട്ടുന്നതാണ് ജോലിയേക്കാള്‍ കുഴപ്പം പിടിച്ച കാര്യം. വിദ്യാര്‍ത്ഥിയുടെ കാര്യത്തിലാണെങ്കില്‍ മുമ്പിലുള്ള വലിയ സിലബസിലേക്ക് നോക്കുന്നത് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. മടിപിടിക്കുകയും അവസാന നിമിഷം വരെ പഠനം തുടങ്ങാതിരിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്.

മിക്കപ്പോഴും തുടങ്ങാനായിരിക്കും ഏറ്റവും ബുദ്ധിമുട്ട്. അതുകൊണ്ട് കാലതാമസം വരുത്തലിനെ നേരിടാനുള്ള ഏറ്റവും നല്ല വഴി ആദ്യത്തെ ചുവട്- അത് എത്ര ചെറുതാണെങ്കിലും- കൈയ്യോടെ മുന്നോട് വെയ്ക്കുക എന്നതാണ്.

പല വിദ്യാര്‍ത്ഥികളും പരീക്ഷാക്കാലത്ത് ലഭ്യമായ സമയം ദുരുപയോഗപ്പെടുത്തുന്നു. ഇത് ഒന്നുകില്‍ പഠിക്കുന്നതില്‍ നിന്ന് രക്ഷപെടാനോ അല്ലെങ്കില്‍ പരീക്ഷയെ നേരിടാന്‍ ആവശ്യമുള്ള പരിശ്രമത്തിന്റേയും സമയത്തിന്റേയും അളവ് കുറച്ച് കാണുന്നതുകൊണ്ടോ ആയിരിക്കും.

സമയം എങ്ങനെ ചെലവഴിക്കണം എന്ന് മുന്‍കൂട്ടി ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് അതിനെ തന്ത്രപൂര്‍വം കൈകാര്യം ചെയാന്‍ കഴിയും. അങ്ങനെയെങ്കില്‍ നിങ്ങളുടെ പഠനപരിപാടിയില്‍ മാറ്റം വരുത്തേണ്ടി വന്നാലും നിങ്ങളുടെ ജോലികളും പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്ന് നിങ്ങള്‍ക്ക് ഗുണം ഉണ്ടാകും.

പലപ്പോഴും വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും ഒരു ജോലിക്ക് ആവശ്യമുള്ള സമയത്തെ കൂട്ടിയോ കുറച്ചോ കണക്കാക്കുന്നു. നിങ്ങളുടെ പതിവ് ജോലികള്‍ക്ക് എത്ര സമയം എടുക്കാറുണ്ടെന്ന് പരിശോധിക്കുന്നത് നല്ല കാര്യമായിരിക്കും.

തുടക്കമെന്ന നിലയ്ക്ക് ഒരാഴ്ചക്കാലം ഒരു ഡയറിയില്‍ ദിവസം എങ്ങനെ ചിലവഴിക്കുന്നു എന്ന് മണിക്കൂര്‍ തോറും എഴുതി വെയ്ക്കാവുന്നതാണ്.

നിങ്ങളുടെ സിലബസിനേയോ പരീക്ഷാ സംബന്ധമായ കര്‍ത്തവ്യങ്ങളേയോ വിഭാഗങ്ങളായി തരം തിരിച്ചാല്‍ നിങ്ങളുടെ സമയം ഏറ്റവും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാനും വിദ്യാര്‍ത്ഥി എന്ന നിലയിലുള്ള കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും കഴിയും.

എന്താണ് നിങ്ങള്‍ക്ക് ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങള്‍, കുറച്ച് കഴിഞ്ഞ് ചെയ്യാവുന്ന ജോലികള്‍ ഏതാണ് എന്നൊക്കെ സ്വയം ചോദിക്കുക. ഈ സമീപനം നിങ്ങളുടെ സമയം കാര്യക്ഷമമായി ഉപയോഗിക്കാന്‍ മാത്രമല്ല നിങ്ങളുടെ എല്ലാ ജോലികളേയും മുന്‍ഗണന അനുസരിച്ച് ക്രമീകരിക്കാനും സാധിക്കും.

പഠിക്കുമ്പോഴും നിങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോകുന്ന വിഷയങ്ങളുടേയോ അദ്ധ്യായങ്ങളുടേയോ അന്നന്നത്തേക്കുള്ള പട്ടിക മുന്‍കൂട്ടി തയ്യാറാക്കുക. ഇത് സാധ്യമാക്കുന്നതിനുള്ള ഒരു മാര്‍ഗം ‘ചെയ്യാനുള്ളവ’യുടെ പട്ടിക തയ്യാറാക്കുക എന്നതാണ്.

വലിയൊരു ജോലിയെ ചെറിയ ചെറിയ ഭാഗങ്ങളാക്കി തിരിച്ചാല്‍ അത് ചെയ്തു പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ എളുപ്പമായിരിക്കും. ജോലിയുടെ വിശദാംശങ്ങളില്‍ കൃത്യത പാലിക്കുന്നതിലൂടേയും ഇതേ ഫലം ഉണ്ടാകും.

studytimetime managementtimelywork
Comments (0)
Add Comment