‘ചിന്താമണി കൊലക്കേസി’ന് രണ്ടാം ഭാഗം: പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് സുരേഷ് ഗോപി

സുരേഷ് ഗോപി ചിത്രങ്ങളില്‍ വേറിട്ട കഥാപാത്രമായിരുന്നു ‘ചിന്താമണി കൊലക്കേസ്’ എന്ന ചിത്രത്തിലെ ലാല്‍ കൃഷ്ണ വിരാടിയാര്‍. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 ഇപ്പോള്‍ ഇതാ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തിന്റെ ഇടവേള വരെയുള്ള എഴുത്ത് പൂര്‍ത്തിയായി കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ജെഎസ്‌കെയുടെ പൂജ ചടങ്ങില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരക്കഥാകൃത്ത് എ.കെ സാജന്‍ ചിത്രത്തിന്റെ ഇടവേള വരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. താന്‍ കേട്ടിട്ടില്ലെങ്കിലും ഷാജി കേട്ടു. നിലവില്‍ രണ്ടാം പകുതിയുടെ എഴുത്തിലാണ് സാജന്‍. അതും ഉടന്‍ ഉണ്ടാകുമെന്നാണ് വിചാരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. 

രണ്ടാം ഭാഗത്തിലും ഒരു വക്കീല്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. എന്നാല്‍ ഇത് ചിന്താമണി കൊലക്കേസിലെ വക്കീല്‍ കഥാപാത്രത്തിന് സമാനമാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ഡേവിഡ് ആബേല്‍ ഡോണബാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. വക്കീലാണെങ്കിലും ലാല്‍ കൃഷ്ണ വിരാടിയരെ പോലെയല്ലെന്നും അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനായ കഥാപാത്രമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ജോഷി സംവിധാനം ചെയ്ത പാപ്പനിലൂടെയാണ് സുരേഷ് ഗോപി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മേ ഹൂം മൂസ എന്ന ചിത്രവും മികച്ച പ്രതികരണം നേടിയിരുന്നു. ഹൈവേ 2, ഒറ്റക്കൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Chinthamani KolacaseSuresh Gopi
Comments (0)
Add Comment