പ്ലാനിംങ്ങോടെയാവാം വിദേശ പഠനം

വിദേശത്ത് പഠിക്കുകയും നല്ലൊരു കരിയര്‍ കെട്ടിപ്പടുക്കുകയും ചെയ്യുക എന്നത് യുവാക്കളുടെ സ്വപ്‌നതുല്യമായ അവസരമാണ്. വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം നമുക്കിടയില്‍ അനുദിനം വര്‍ധിച്ചു വരുന്നുമുണ്ട്. എന്നാല്‍ ഇങ്ങനൊരു അവസരം നേടുന്ന വിദ്യാര്‍ഥികള്‍ മണി മാനേജ്‌മെന്റില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചെലവ് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാവണം വിദേശത്തുള്ള പഠനം. ഇതിനായി എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കൂ…

പണം ചെലവഴിക്കുന്നത് വസ്തുനിഷ്ഠമായ രീതിയിലായിരിക്കണം. വിദേശ കറന്‍സിയിലേക്ക് ഇന്ത്യന്‍ രൂപ മാറ്റുന്നത് അംഗീകൃത ബാങ്കുകളിലൂടെയോ മണി എക്‌സ്‌ചേഞ്ച് ഏജന്‍സിയിലൂടെയോ ആകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശ്രദ്ധിക്കുക, ആവശ്യത്തിലധികം തുക കയ്യില്‍ കരുതരുത്. വിദേശ കാമ്പസുകളിലും ഹോസ്റ്റലുകളിലും മോഷണം പതിവാണെന്ന കാര്യം മറക്കരുത്. പണം അനാവശ്യമായി ധൂര്‍ത്തടിക്കുന്ന പ്രവണത ഒഴിവാക്കണം.

പണമിടപാടുകളില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഫോറെക്‌സ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇന്ത്യയിലെ ബാങ്കുകളുടെ വിസ, മാസ്റ്റര്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാമെങ്കിലും സ്ഥിരമായി ഉപയോഗിക്കരുത്. ഫോറക്‌സ് കാര്‍ഡുകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡായും ഉപയോഗിക്കാം. നിരവധി ഡിസ്‌ക്കൗണ്ടുകള്‍ ഇതിലൂടെ ലഭിക്കും.

വിദേശ രാജ്യത്ത് സ്റ്റുഡന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് നല്ലതാണ്. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ നിരവധി സൗജന്യ സേവനങ്ങള്‍ ലഭിക്കും. ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ്/സേവന ചാര്‍ജ്ജില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് മാത്രമെ ഉപയോഗിക്കാവൂ.

പാര്‍ടൈം തൊഴില്‍ ചെയ്യുന്നത് വരുമാനം നേടാനും തൊഴില്‍ സംസ്‌ക്കാരത്തെ കുറിച്ചുള്ള ധാരണ രൂപപ്പെടുത്താനും സഹായിക്കും. ഈ കാലയളവില്‍ പ്രൊജക്ട് വര്‍ക്ക്, സമ്മര്‍ ഇന്റേണ്‍ഷിപ്പ് എന്നിവ ചെയ്യുന്നത് പ്ലേസ്‌മെന്റ് എളുപ്പത്തിലാക്കാന്‍ സഹായിക്കും.

പഠനശേഷമുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിച്ചാല്‍ മാത്രമെ തൊഴില്‍ ചെയ്യാവൂ. വിസ ലഭിയ്ക്കാതെ തൊഴില്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.
പഠനത്തോടൊപ്പം തന്നെ ഭാവി തൊഴിലവസരങ്ങളെക്കുറിച്ചുള്ള അന്വേഷണമാരംഭിക്കണം.

സോഷ്യല്‍ മീഡിയ, ലിംങ്ക്ഡിന്‍, ഓണ്‍ലൈന്‍ തൊഴില്‍ പോര്‍ട്ടലുകള്‍ എന്നിവ വഴി തൊഴിലന്വേഷിക്കുന്നത് നല്ലതാണ്. നെറ്റ്വര്‍ക്കിംഗ് സേര്‍ച്ചിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടത്.

abroadhigher studiesstudystudy abroad
Comments (0)
Add Comment